അമേരിക്കയിലെ വംശീയാക്രമണത്തിന് മറ്റൊരു ഇര; ഫ്ലോറിഡയില്‍ മലയാളിക്ക് വെട്ടേറ്റു

Untitledസ്റ്റുവര്‍ട്ട് (ഫ്ലോറിഡ): അമേരിക്കയില്‍ അടുത്തിടെയായി ഇന്ത്യാക്കാർക്കെതിരെ വര്‍ദ്ധിച്ചുവരുന്ന വംശീയാക്രമണത്തിന് ഫ്ലോറിഡയില്‍ നിന്നുള്ള മലയാളിയും ഇരയായി. കണ്ണൂരില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഷിനോയ് മൈലക്കലിനാണ് അഫ്രിക്കന്‍ അമേരിക്കന്‍ വംശജനില്‍ നിന്നും വെട്ടേറ്റത്.

കഴിഞ്ഞ 5 വര്‍ഷങ്ങളായി ഫ്ലോറിഡ വെസ്റ്റ് പാം ബീച്ചിനു അടുത്തുള്ള സ്റ്റുവര്‍ട്ട് സിറ്റിയില്‍ കൺവീനിയന്റ് സ്റ്റോര്‍ നടത്തിവരുകയായിരുന്നു ഷിനോയ്. കമ്മ്യൂണിറ്റിയിലുള്ള എല്ലാവരോടും നല്ല സുഹൃദ്ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ (ഏപ്രിൽ 19) വൈകുന്നേരം 3 മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഷിഫ്റ്റ് മാറുന്ന സമയമായതുകൊണ്ട് പകല്‍ സമയത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി സ്ത്രീ മാറി ഷിനോയ് തന്നെ വൈകിട്ടത്തെ ഷിഫ്റ്റില്‍ ക്ലര്‍ക്ക് ജോലിക്കു കയറുകയായിരുന്നു. ഇരുവരും സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ജറമിയ ഇമ്മാനുവേല്‍ ഹെന്റട്രിക്ക്സ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ സറ്റോറിലേക്ക് കടന്നു വന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യൻ വംശജയോട് അപമര്യാദയായി സംസാരിക്കുന്നതുകണ്ട് കടയുടമയായ ഷിനോയ് ഇടപെടുകയായിരുന്നു. പെട്ടെന്നാണ് ജറമിയ കത്തിയെടുത്ത് ഷിനോയുടെ കൈയിൽ വെട്ടിയതും പുറത്തേക്കോടിയതും. ഉടൻ തന്നെ ഷിനോയ് പോലീസിനെ വിളിക്കുകയും, ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.

സി സി ക്യാമറയിലൂടെ ആക്രമിയെ തിരിച്ചറിഞ്ഞ പോലീസ് ഉടന്‍ തന്നെ അറസ്റ്റു ചെയ്തു. ജറമിയയെ ചോദ്യം ചെയ്തപ്പോള്‍, അവര്‍ അറബികളാണെന്നും, തനിക്ക് അറബികളെ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പറഞ്ഞു. വംശീയാക്രമണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ഷിനോയ് പറഞ്ഞു.

കേരള അസ്സോസിയേഷന്‍ ഓഫ് വെസ്റ്റ് പാം ബീച്ച് പ്രസിഡന്റ് ബിജു തോണിക്കടവില്‍ ഷിനോയിയുമായി ബന്ധപ്പെടുകയും, പിന്നീട് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുമായും, വിനോദ് കൊണ്ടൂരുമായും സംസാരിച്ചു.

ഇപ്പോഴത്തെ അമേരിക്കന്‍ ഭരണകൂടം അധികാരത്തിലെത്തിയതിനു ശേഷം നാലാമത്തെ ഇന്ത്യന്‍ വംശജനാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ഇതില്‍ രണ്ടു പേര്‍ ദാരുണമായി കൊലചെയ്യപ്പെട്ടു.

Print Friendly, PDF & Email

Related posts

Leave a Comment