ക്യാന്‍സര്‍ രോഗി ചമഞ്ഞ് സോഷ്യല്‍മീഡിയ വഴി പണംതട്ടിയ യുവതി അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരിയായ ഹൈദരാബാദ് സ്വദേശിനി സാമിയ അബ്ദുള്‍ ഹഫീസാണ് അറസ്റ്റിലായത്.തനിക്ക് സ്തനാര്‍ബുദമാണെന്നും ചികിത്സക്ക് പണം ആവശ്യമുണ്ടെന്നും നല്‍കികൊണ്ട് ജനുവരിയിലാണ് സാമിയ ഫെയ്സ്ബുക്കില്‍ ക്യാമ്പെയിന് ആരംഭിക്കുന്നത്.
അതിനായി ‘ഗോ ഫണ്ട് സാമിയ’ എന്ന പേരില്‍ അവര്‍ ഒരു ഫെയ്സ്ബുക്ക് പേജ് ആരംഭിക്കുകയും ചെയ്തു. സാമിയയുടെ കഥകേട്ട് അലിവ് തോന്നിയവരെല്ലാം യുവതിക്ക് ധനസഹായവുമായി വന്നു.22 ലക്ഷം രൂപയാണ് യുവതിക്ക് ലഭിച്ചത്. ധനസഹായം നല്കിയ ഒരു വ്യക്തി കൂടുതല്‍ വിവരങ്ങള്‍ക്കായി ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് സാമിയയുടെ തട്ടിപ്പിനെ കുറിച്ച് പുറംലോകം അറിയുന്നത്.
ഇതോടെ ധനസഹായം നല്കിയവരും ആസ്പത്രി അധികൃതരും യുവതിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സാമിയയെ കസ്റ്റഡിയിലെടുത്ത പോലീസ് യുവതിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിനായി ബാങ്ക് അധികൃതര്‍ക്ക് ഉടന്‍ നിര്‍ദേശം നല്കി. എന്നാല്‍ വെറും 5,000 രൂപമാത്രമാണ് യുവതിയുടെ അക്കൗണ്ടില്‍ ശേഷിച്ചിരുന്നത്.സാമിയയുടെ പിതാവ് യഥാര്‍ത്ഥത്തില്‍ ഒരു ക്യാന്‍സര്‍ രോഗിയാണ്. ഹൈദരാബാദിലെ അറിയപ്പെടുന്ന ഒരു ആസ്പത്രിയില്‍ അദ്ദേഹം ചികിത്സയിലുമാണ്. കഥ വിശ്വസിക്കാന്‍ പാകത്തിലുള്ള ചികിത്സാവിവരങ്ങള്‍ സാമിയയ്ക്ക് ലഭിച്ചത് അവിടെ നിന്നാണ്.