പത്രങ്ങള്‍ അസത്യത്തെ സത്യമായി അവതരിപ്പിക്കരുതെന്ന് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

chrysostumപത്തനംതിട്ട: ജീവിതം സമ്പൂര്‍ണതയിലെത്താനാണ് താന്‍ നിരന്തരം യാത്ര ചെയ്യുന്നതെന്ന് വ്യാഴാഴ്ച നൂറാം ജന്മദിനം ആഘോഷിക്കുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. നമ്മള്‍ വളരുംതോറും മറ്റുള്ളവരില്‍നിന്ന് അകലുകയാണോ എന്ന ബോധം നമ്മിലുണ്ടാകണമെന്ന് ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണം. ഭരണക്കാരുടെ അടിമകളല്ല പത്രക്കാര്‍.

ഭരണക്കാരെ ഭരിക്കുന്നവരാണ് പത്രങ്ങള്‍. അസത്യത്തെ സത്യമായി അവതരിപ്പിക്കരുത്. ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായങ്ങള്‍ രൂപവത്കരിക്കുന്നതില്‍ പത്രങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. രാഷ്ട്രീയക്കാരേക്കാള്‍ ലോകം നന്നാക്കാന്‍ കഴിയുന്നത് പത്രക്കാര്‍ക്കാണ്. പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള അത്രയും സ്വാതന്ത്ര്യം ആത്മീയ ആചാര്യന്മാര്‍ക്കുപോലും ലഭിച്ചിട്ടില്ല. എല്ലാ മനുഷ്യനും മനുഷ്യനായി ജീവിക്കുക എന്നതാണ് തന്‍െറ വലിയ ആഗ്രഹം. എല്ലാവരും ഒരുമിച്ച് ജീവിക്കുന്നത് കാണണം. ഇനി ഒരു ജന്മമുണ്ടെങ്കില്‍ ആരാകാനാണ് ആഗ്രഹം എന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഒഴിച്ച് മറ്റാരായാലും കുഴപ്പമില്ല എന്നായിരുന്നു മറുപടി. മെത്രാനച്ചന്‍ ആകുന്നതില്‍ വലിയ കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് വലിയ കുഴപ്പമില്ല എന്നും അദ്ദേഹം മറുപടി നല്‍കി.

Print Friendly, PDF & Email

Leave a Comment