Flash News

മുത്തലാഖ് വിവാദം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയാക്കുകയാണെന്ന് ഒരു വിഭാഗം മുസ്ലീങ്ങള്‍; എന്തു വിലകൊടുത്തും ഈ പ്രശ്നം അവസാനിപ്പിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

April 30, 2017

muslim-story-647_060116031007_120816014819മുത്തലാഖ് വിവാദം രാഷ്ട്രീയ ചര്‍ച്ചയാക്കി നിലനിര്‍ത്താന്‍ നരേന്ദ്ര മോഡിയും ബിജെപിയും എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇതിനെ രാഷ്ട്രീയമായി കാണരുതെന്നു മോഡി നിരവധിവട്ടം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മുസ്ലിം നേതാക്കന്മാര്‍ ഇതു ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ശരിയത്ത് നിയമപ്രകാരം മുസ്ലിം സ്ത്രീകളെ മൊഴിചൊല്ലുന്നതിന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡും അടുത്തിടെ അനുകൂലമായിട്ടാണു പ്രതികരിച്ചത്. ഇതിനിടെ വീണ്ടും വിഷയം ചര്‍ച്ചയാക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ പ്രശ്‌നം തന്റെ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നാണു മോഡി സംശയമില്ലാതെ വ്യക്തമാക്കുന്നത്.

മുത്തലാഖിനെതിരേ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തുന്ന ഉത്തരാഖണ്ഡില്‍നിന്നുള്ള ഷയറാ ബാനു എന്ന മുപ്പത്തഞ്ചുകാരിയുടെ നിയമ പോരാട്ടാത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണു മോഡി രംഗത്തെത്തിയത്. രണ്ടു കുട്ടികളുടെ അമ്മകൂടിയായ ഇവര്‍ രാജ്യത്തുള്ള എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും വേണ്ടിയാണു താന്‍ രംഗത്തുള്ളതെന്നു ചൂണ്ടിക്കാട്ടിയാണു മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെതിരേ രംഗത്തെത്തിയത്. വിജ്ഞാന്‍ ഭവനില്‍ രാജ്യാന്തര ബസവ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുമ്പോഴാണു മോഡി മുത്തലാഖ് വീണ്ടും ഉയര്‍ത്തിയത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ സൈദ്ധാന്തികനായിരുന്ന ബസവേശ്വരന്റെ 883-മതു ജന്മദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഡി.

നേരത്തേ ഭുവനേശ്വറില്‍ നടന്ന ബിജെപി എക്‌സിക്യുട്ടീവ് മീറ്റിങ്ങിലും ഇക്കാര്യം മോഡി ഉയര്‍ത്തിയിരുന്നു. മുത്തലാഖിനെ രാഷ്ട്രീയ വിഷയമായി കാണരുതെന്നും അതില്‍നിന്നും പുറത്തുകടന്നു സാമൂഹിക വിഷയമായി കാണണമെന്നും മോഡി ആവശ്യപ്പെട്ടു. അതിലൂടെ തലമുറകളിലൂടെ ഓര്‍മിക്കപ്പെടും. മുസ്ലിം വിഭാഗത്തില്‍നിന്നുള്ള പ്രബുദ്ധരായ ആളുകള്‍ ഇതിനെതിരേ മുന്നോട്ടുവരണം. ഇത്തരമൊരു ശിക്ഷയില്‍നിന്നു നമ്മുടെ മുസ്ലിം പെണ്‍കുട്ടികളെയും ഭാര്യമാരെയുമൊക്കെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് മേയ് 11ന് ഈ വിഷയം പരിഗണിക്കാനിരിക്കേയാണു മോഡിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ബഹുഭാര്യത്വവും മുത്തലാഖും ഇന്ത്യന്‍ നിയമപ്രകാരം നിലനില്‍ക്കുന്നതാണോ എന്നു സുപ്രീം കോടതി പരിശോധിക്കും. ഷയറാ ബാനുവിന്റെ രംഗപ്രവേശത്തോടെയാണു വിഷയം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് വന്നത്.

രണ്ടു കുട്ടികളുടെ അമ്മകൂടിയായ ഇവര്‍ രാജ്യത്തുള്ള എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും വേണ്ടിയാണു രംഗത്തുള്ളതെന്നും വ്യക്തമാക്കിയിരുന്നു. മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരായ ഹര്‍ജിയാണ് ഇവര്‍ സുപ്രീം കോടതിയില്‍ നല്‍കിയത്. എന്നാല്‍, ബോര്‍ഡിന്റെ ആളുകളെന്നു പറഞ്ഞ് ചിലര്‍ തന്നെ വിളിച്ചു ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. വ്യക്തിപരമായിട്ട് ഒന്നും കിട്ടില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണു മുസ്ലിം മതത്തെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍, എന്നേപ്പോലെ ദുരിതത്തിലായ നൂറുകണക്കിനു സ്ത്രീകള്‍ക്കു വേണ്ടിയാണിതെന്നായിരുന്നു മറുപടി.

സോഷ്യോളജിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ ബാനുവിന്റെ ജീവിതം വന്‍ ദുരന്തമാണ്. വിവാഹശേഷം ഭര്‍ത്താവില്‍നിന്നും ഒരു ദശകത്തോളം ക്രൂര പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ആറിലേറെ തവണ ഗര്‍ഭഛിദ്രത്തിനു വിധേയമാകേണ്ടിവന്നു. ഇതിനുള്ള ഗുളികകള്‍ നിര്‍ബന്ധപൂര്‍വം കഴിച്ചിപ്പിച്ചതോടെ ഇവരുടെ ആരോഗ്യവും താറുമാറായി. ഇതോടെ ഇവര്‍ 2015 ഒക്‌ടോബര്‍ പത്തിനു വീട്ടിലേക്കു പോയി. പിന്നീട് ഒരു കത്താണ് ലഭിച്ചത്. ഇതില്‍ ‘തലാഖ്’ എന്നു മൂന്നുവട്ടം എഴുതിയിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു നിയമ പോരാട്ടത്തിനു ബാനു ഇറങ്ങിത്തിരിച്ചത്. ഇവര്‍ക്കൊപ്പം മുത്തലാഖ് വഴി ഒഴിവാക്കപ്പെട്ട ഏഴുപേരും ഉണ്ടായിരുന്നു.

എന്നാല്‍, മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലെ എക്‌സിക്യുട്ടീവ് അംഗം ഡോ. അസ്മ സെഹ്‌റയടക്കമുള്ളവര്‍ മോഡിയുടെ നിലപാടിനൊപ്പമില്ല. ഓരോ കാലത്തും വിഷയത്തെ രാഷ്ട്രീയവത്കരിക്കാനാണു സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. കൂടുതല്‍ ശ്രദ്ധയൂന്നേണ്ട വിഷയങ്ങളുള്ളപ്പോള്‍ മോഡി ഈ വിഷയം ഉയര്‍ത്തുന്നത് വിസ്മയകരമാണെന്ന് ഇവര്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ചുട്ടുകൊല്ലപ്പെടുകയും ഗര്‍ഭഛിദ്രത്തിനു വിധേയമാകുകയും ചെയ്യുന്ന നാട്ടില്‍ ഇതിനേക്കാള്‍ പ്രാധാന്യമുള്ള വിഷയങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു മത വിഭാഗങ്ങളെ അപേക്ഷിച്ചു മുസ്ലിം വിഭാഗക്കാര്‍ക്കിടയില്‍ വിവാഹ മോചനങ്ങള്‍ കുറവാണ്. മുംബൈ, ബംഗളുരു, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളിലാണു വിവാഹ മോചനങ്ങള്‍ കൂടുതലും. ഇന്ത്യയില്‍ പ്രതിവര്‍ഷം 12 ദശലക്ഷം പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും പ്രധാനമന്ത്രിക്ക് ആശങ്കയില്ലേയെന്നും അവര്‍ ചോദിച്ചു.

കേരളത്തില്‍ കാന്തപുരം അടക്കമുളള നേതാക്കള്‍ മുത്തലാഖിനെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്. ഇസ്ലാമുള്ള എല്ലാ രാജ്യത്തും മുത്തലാഖ് നിലനില്‍ക്കുന്നുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ മുത്തലാഖ് നടത്തുന്നുള്ളൂ, അത് നല്ലരീതിയില്‍ ചെയ്താല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഗുണകരമാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തലാഖിനു പകരം വിവാഹമോചനം നിയമപരമായി വേണമെന്ന് വിധിയുണ്ടായാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും മുസ്ലിങ്ങള്‍ വിവാഹം കഴിക്കുന്നതുതന്നെ മുത്തലാഖിനു വേണ്ടിയാണെന്ന മട്ടിലാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top