ന്യൂയോര്‍ക്ക്: ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാര്‍ഥി ബ്രദര്‍ കെവിന് മുണ്ടക്കല്‍, ഏപ്രില്‍ 22 ശനിയാഴ്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു.
മാതൃ ഇടവകയായ ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ബ്രോങ്ക്സ് ഫൊറോന വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, ഫിലാഡല്‍ഫിയ ഇടവക വികാരി ഫാ. വിനോദ് മഠത്തിപ്പറന്പില്‍, ലോംഗ് ഐലന്റ് ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പറമ്പില്‍, ന്യൂജേഴ്സി ഫൊറോന വികാരി ഫാ. ലിഗോറി ജോണ്സന്, റോക്ലാന്റ് ഇടവക വികാരി ഫാ. തദേവൂസ് അരവിന്ദത്ത്, ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൂടാതെ നിരവധി വൈദികരും, കന്യാസ്ത്രീകളും, വിശ്വാസ സമൂഹവും ചടങ്ങുകളില്‍ സംബന്ധിച്ചു.
ബ്രദര്‍ കെവിന്റെ പാത പിന്തുടര്ന്നുകൊണ്ട് ഷിക്കാഗോ രൂപതയില്‍നിന്നും വിവിധ സെമിനാരികളില്‍ പഠിക്കുന്ന പതിനൊന്ന് വൈദിക വിദ്യാര്‍ഥികളും ചടങ്ങുകളില്‍ ശുശ്രൂഷികളായി പങ്കെടുത്തു. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിന്റെ നേതൃത്വത്തിലുള്ള ക്വയര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.
ബ്രോങ്ക്സ് ഇടവകയുടെ കൈക്കാരന് ടോം മുണ്ടക്കലിന്റേയും വത്സമ്മയുടേയും മകനാണ് ബ്രദര്‍ കെവിന്. സ്കൂള്‍ പഠനകാലത്ത് കെവിന് ബ്രോങ്ക്സ് ദേവാലയത്തിലെ അള്‍ത്താര ബാലനായിരുന്നു.
ഡീക്കന്‍ പട്ടത്തിനുശേഷം ഇനി ആറു മാസം സീറോ മലബാര്‍ ആരാധനാക്രമവും, കാനോന്‍ നിയമങ്ങളും, ഇടവക ഭരണവുമൊക്കെ പഠിക്കുന്നതിനായി ബ്രദര്‍ കെവിന് ആലുവായിലുള്ള മംഗലപ്പുഴ മേജര്‍ സെമിനാരിയിലേക്ക് പോകും. ഡീക്കന്‍ പട്ടം സ്വീകരിച്ചു കഴിഞ്ഞാല്‍ ബിഷപ്പിന്റെ തീരുമാനപ്രകാരം എപ്പോള്‍ വേണമെങ്കിലും വൈദികപട്ടം നല്‍കാവുന്നതാണ്.
വിശ്വാസ സമൂഹം കാത്തിരിക്കുന്ന, ചിക്കാഗോ രൂപതയിലെ ആദ്യ തദ്ദേശ വൈദികനിലേക്ക് ഇനി അധിക ദൂരമില്ല !! പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കാം !!