നീതി ലഭിച്ച സം‌തൃപ്തിയില്‍ സെന്‍‌കുമാര്‍; സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കി; സെന്‍‌കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ പിണറായി വിജയന്‍ ഒപ്പു വെച്ചു

tp-senkumar-behraതിരുവനന്തപുരം: സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയുണ്ടായതിന് പിന്നാലെ ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ഉത്തരവ് നാളെ ഇറങ്ങിയേക്കും. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് പൊലീസ് തലപ്പത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു.സെന്‍കുമാറിനെ പുനര്‍നിയമിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് പുനര്‍നിയമനം നല്‍കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്.

സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെയെത്തുന്നതോടെ, നിലവില്‍ ആ സ്ഥാനം വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറാകും. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചതുമുതല്‍ വിജിലന്‍സിന്റെ ചുമതലയും ബെഹ്‌റയ്ക്കായിരുന്നു. പുതിയ സാഹചര്യത്തില്‍ ബെഹ്‌റ വിജിലന്‍സിന്റെ മുഴുവന്‍ സമയ ചുമതലയിലേക്കു മാറും. ജേക്കബ് തോമസ് അവധി ഒരു മാസത്തേക്കു കൂടി നീട്ടിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ടു നടന്ന പാര്‍ട്ടി സെക്രട്ടേറിയറ്റിനു ശേഷമാണ് സെന്‍കുമാറിന് പുനര്‍നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. സെന്‍കുമാറിന് പുനര്‍നിയമനം നല്‍കാനുള്ള ഉത്തരവില്‍ ഇന്നുതന്നെ ഒപ്പിടാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് വിവരം. അതേസമയം, പുനര്‍നിയമനത്തെക്കുറിച്ച് ഉത്തരവ് ലഭിച്ചശേഷം പ്രതികരിക്കാമെന്ന് ടി.പി. സെന്‍കുമാര്‍ വ്യക്തമാക്കി. ഉത്തരവു ലഭിച്ചാല്‍ നാളെത്തന്നെ ചുമതലയേല്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നതിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍, സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. വീഴ്ച വരുത്തിയതിന്റെ പേരില്‍ സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടിസും അയച്ചു. ഇതിനു പുറമെ, കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേത് തന്നെയായിരുന്നു ഈ വിധിയും.

25,000 രൂപ കോടതിച്ചെലവ് സര്‍ക്കാര്‍ കെട്ടിവയ്ക്കണമെന്നും വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുനര്‍നിയമന വാര്‍ത്ത എത്തുന്നത്. നിയമനകാര്യത്തില്‍ തിടുക്കമില്ലെന്ന് വിധി വന്നശേഷം സെന്‍കുമാര്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം വന്നശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ നിലപാട്.

വിധി പ്രഖ്യാപിച്ച് പന്ത്രണ്ടു ദിവസമാകുമ്പോഴും സര്‍ക്കാര്‍ പുനര്‍നിയമന ഉത്തരവ് പുറത്തിറങ്ങാത്തതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാന തടസ്സമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമായിരുന്നു കോടതിയലക്ഷ്യ ഹര്‍ജിയില്‍ സെന്‍കുമാറിന്റെ ആവശ്യം. പൊലീസ് മേധാവിയായി നിയമിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയും സെന്‍കുമാര്‍ ചോദ്യം ചെയ്തു.

Print Friendly, PDF & Email

Related News

Leave a Comment