Flash News

കേരള സര്‍ക്കാരിന് സുപ്രിം കോടതി വക ‘ബഹുമതി’ (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

May 7, 2017

kerala sarkar sizeകോടതിയലക്ഷ്യ കുറ്റത്തില്‍നിന്ന് തലയൂരാനും ചീഫ് സെക്രട്ടറി നളിനി നെറ്റോ ജയിലില്‍ അഴിയെണ്ണാതിരിക്കാനും മുഖ്യമന്ത്രി പിണറായി വിജയനുമുമ്പില്‍ മറ്റൊരു വഴിയില്ല. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതന്നെ വീണ്ടും പൊലീസ് മേധാവിയായി ഉടനെ നിയമിക്കുകയല്ലാതെ.

ഇത് വൈകിവന്ന ബുദ്ധിയല്ല. സുപ്രിംകോടതിക്കുമീതെ പറക്കാനുള്ള ചിറകില്ലെന്ന് അറിയാഞ്ഞിട്ടല്ല അതിനു തുനിഞ്ഞത്. വടികൊടുത്തു വാങ്ങിയ അടിയേറ്റതിന്റെ വീഴ്ചയാണിത്. വിവേകമുണ്ടായിരുന്നെങ്കില്‍ വിധി വന്നപ്പോള്‍തന്നെ സോളമന്‍ പറഞ്ഞതുപോലെ ആപത്തുകണ്ടറിഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്നു. ആപത്തിലേക്കു കടന്നുചെന്ന് കോടതിച്ചെലവും ഖജനാവില്‍നിന്നുകൊടുത്ത് ശിക്ഷ അനുഭവിക്കാന്‍ തലനീട്ടി കൊടുക്കുമായിരുന്നില്ല. എതിര്‍കക്ഷിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി ചൊവ്വാഴ്ച നേരിട്ട് ഹാജരാകേണ്ടെന്നും കോടതിയലക്ഷ്യത്തിന് ഗവണ്മെന്റ് കൃത്യമായ മറുപടി അതിനുമുമ്പ് നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടതില്‍ വ്യക്തമായ സൂചനയുണ്ട്. വിധി നടപ്പാക്കിയിട്ടില്ലെങ്കില്‍ എന്തുചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്ന കോടതിയുടെ കടുപ്പിച്ച വാക്കുകളില്‍ അതു വ്യക്തമാണ്. എ.കെ.ജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസ് സേനയിലും ധൃതിപ്പെട്ടു പിന്നീടുനടക്കുന്ന കാര്യങ്ങള്‍ അതിന്റെ പ്രത്യാഘാതമാണ്.

ചരിത്രത്തില്‍ ഇടംനേടുന്ന സന്ദേശമാണ് സര്‍ക്കാറിന്റെ ഹര്‍ജി തള്ളി സുപ്രിംകോടതി നല്‍കിയത്. നമ്മുടെ ഭരണഘടനയില്‍ ഉദ്‌ഘോഷിക്കുന്ന പൗരന്റെ മൗലികാവകാശങ്ങളില്‍ പ്രധാനമാണ് വ്യക്തിയുടെ അന്തസ് എന്നതാണ് അതിലൊന്ന്. ഭരണാധികാരി ആരായാലും ജനവിധിയുടെ പേരില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കാനോ കുതന്ത്രങ്ങളിലൂടെ മറികടക്കാനോ അനുവദിക്കില്ല എന്നതാണ് രണ്ടാമത്തേത്.

ഇതൊരു വെള്ളരിക്കാപട്ടണമല്ലെന്നും സര്‍ക്കാറിന്റെ നയങ്ങള്‍ നടപ്പാക്കാത്ത ഒരു ഉദ്യോഗസ്ഥനും ആ സ്ഥാനത്തിരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചത് ഈയിടെയാണ്. മുഖ്യമന്ത്രിയോട് സുപ്രിംകോടതി മറ്റുവാക്കുകളില്‍ ഇപ്പോള്‍ പറഞ്ഞതും ഇതൊരു വെള്ളരിക്കാപട്ടണമല്ലെന്നാണ്. അനഭിമതനെന്ന് മുഖ്യമന്ത്രി നിയമസഭയിലടക്കം അധിക്ഷേപിച്ച് പറഞ്ഞുവിട്ട സംസ്ഥാന പൊലീസ് മേധാവിയെ ആ സ്ഥാനത്ത് ഔദ്യോഗികമായി തിരിച്ചുകൊണ്ടുവന്നിരുത്തി തെറ്റുതിരുത്താനാണ്.

Senkumar and behraഅനഭിമതനെന്നു പറഞ്ഞ് വ്യാജ റിപ്പോര്‍ട്ടുകള്‍ ചമച്ച് രണ്ടു പതിറ്റാണ്ടോളം സ്വന്തം പാര്‍ട്ടിയിലെ നിരവധി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വ്യക്തിപരമായ അന്തസും പൊതുജീവിതവും തകര്‍ക്കുന്നതിന് പിണറായി വിജയന്‍ നേരിട്ട് നേതൃത്വം നല്‍കിയിരുന്നു. അതുപോലെ സര്‍ക്കാറിലിരുന്ന് ഉദ്യോഗസ്ഥവൃന്ദത്തെ കയ്യാളാന്‍ നിയമവാഴ്ച അനുവദിക്കുന്നില്ലെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയ്ക്കടക്കം ഈ വിധിയില്‍നിന്ന് ഉണ്ടാകേണ്ടത്.

നാലുപതിറ്റാണ്ടുനീണ്ട തന്റെ സത്യസന്ധമായ പൊലീസ് സേവനകാലം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ തന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചതിനെതിരെയാണ് സെന്‍കുമാര്‍ സുപ്രിംകോടതിയില്‍നിന്ന് വിധി സമ്പാദിച്ചത്. അത്തരം പരിത:സ്ഥിതി സ്വന്തം പാര്‍ട്ടിയിലെ സുപ്രിംകോടതിയായ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനില്‍നിന്ന് നേരിട്ടപ്പോള്‍ മറികടന്നതുപോലെ സെന്‍കുമാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായിക്ക് പക്ഷെ കഴിയാതെപോയി.

ഒരു വ്യക്തിയും സര്‍ക്കാറിന്റെ ഭരണപരമായ അധികാരവും തമ്മിലുള്ള ഏറ്റുമുട്ടലെന്ന നിലയ്ക്ക് ഈ വിഷയം ചുരുക്കിക്കാണാനാണ് പലരും ശ്രമിക്കുന്നത്. സര്‍ക്കാര്‍ എന്ന ഭരണസംവിധാനത്തെ ജനാധിപത്യപരമായി പ്രവര്‍ത്തിപ്പിക്കുക, ബഹുസ്വരതയെ സമന്വയിപ്പിച്ച് ഭരണം വിജയിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ-നൈതിക പ്രശ്‌നങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇതിന്റെ കാതല്‍. അതൊട്ടും ഉള്‍ക്കൊള്ളാതെയാണ് പൊലീസ് വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിതന്നെ മുന്നോട്ടുപോകുന്നത്.

ഒരു ദിവസത്തേക്കാണെങ്കില്‍പോലും സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിസ്ഥാനത്ത് തിരിച്ചുവരുന്നത് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍ക്കൊള്ളാനും ദഹിക്കാനും കഴിയാത്ത കാര്യമാണ്. അത്തരമൊരു സന്ദര്‍ഭം എങ്ങനെ കൈകാര്യംചെയ്യണമെന്ന വീറും വാശിയുമാണ് അദ്ദേഹം ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. പൊലീസ് സേനയുടെ തലപ്പത്ത് വ്യാപകമായ അഴിച്ചുപണി നടക്കുകയാണ്. അതിനുള്ള അധികാരം പൊലീസ് വകുപ്പ് ചുമതലകൂടിയുള്ള മുഖ്യമന്ത്രിയുടെ സര്‍ക്കാറിന് ഉണ്ട്. ഡി.ജി.പി എന്ന പൊലീസ് സേനാ മേധാവികൂടി ഉള്‍പ്പെട്ട ഒരു ഭരണഘടനാ സ്ഥാപനമാണ് പക്ഷെ ഈ ‘സര്‍ക്കാര്‍’. പതിനൊന്നു മാസമായി നടക്കാത്ത സംസ്ഥാന സുരക്ഷാകമ്മീഷന്‍ യോഗംപോലും പൊലീസ് മേധാവി ഇല്ലാതായ സാഹചര്യത്തില്‍ കഴിഞ്ഞദിവസം മാറ്റിവെച്ചു. എന്നിട്ടും ഡി.ജി.പിമാര്‍തൊട്ട് താഴെതട്ടില്‍വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിനുമുമ്പ് പുനപ്രതിഷ്ഠിക്കുകയാണ്.

അച്ചടക്കമുള്ള പൊലീസ് സേനാംഗങ്ങള്‍ക്ക് ഈ നടപടി കൃത്യമായി നല്‍കുന്ന സന്ദേശമുണ്ട്. വകുപ്പുമന്ത്രികൂടിയായ മുഖ്യമന്ത്രിയാണ് ‘സര്‍ക്കാര്‍’ എന്ന്. ആ നില ചോദ്യംചെയ്താല്‍ ഒന്നുകില്‍ പുറത്ത്. സുപ്രിംകോടതിതന്നെ അകത്തിരുത്തിയാലും ഒരു നോക്കുകുത്തി.

ഈ സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്തിയ സുപ്രിംകോടതിയുടെ വിധി നടപ്പിലായതുകൊണ്ട് പൊലീസ് സേനയിലോ സര്‍ക്കാര്‍ ജീവനക്കാരുടെ മറ്റ് മേഖലകളിലോ ഗുണപരമായ മാറ്റങ്ങള്‍ സംവിക്കാന്‍ ഇടയില്ല. പുതിയൊരുതരം വിഭാഗീയത ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തില്‍ വിശേഷിച്ച്, പൊലീസ് സേനയില്‍ സൃഷ്ടിക്കപ്പെടും എന്നതല്ലാതെ.

senkumar-1മന്ത്രിമാരും ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഘടകകക്ഷി നേതാക്കളും സുപ്രിംകോടതിവിധി വന്നിട്ടും സ്വീകരിച്ച നിസംഗത ശ്രദ്ധേയമാണ്. വിഷയം മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ടു ചെയ്തിട്ടും മന്ത്രിമാര്‍ അഭിപ്രായം പറഞ്ഞില്ല. ഉഭയകക്ഷിതലത്തിലോ മുന്നണി തലത്തിലോ വിഷയം ചര്‍ച്ച ചെയ്തില്ല. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കട്ടെ, മൗനം സമ്മതം എന്ന രീതിയാണ് കണ്ടത്. കോടതിയലക്ഷ്യ നോട്ടീസ് കോടതി പുറപ്പെടുവിച്ചിട്ടും ‘ഉപദേശികള്‍ വരുത്തിയ വിന’ എന്നാണ് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍പോലും പ്രതികരിച്ചത്. നിയമമന്ത്രിയാകട്ടെ സര്‍ക്കാറിന് തിരിച്ചടിയല്ലെന്നും. എല്ലാ തെറ്റും കുറ്റവും ഭരണഘടനാ ബാഹ്യശക്തികളായ ഏതോ ഉപദേശികളുടെ തലയില്‍മാത്രം കെട്ടിവെക്കാനാണ് എല്ലാവരും തിടുക്കപ്പെടുന്നത്. മാത്രമല്ല മന്ത്രിസഭ നയിക്കുന്ന സര്‍ക്കാറിനുപകരം ഉപദേശികള്‍ നയിക്കുന്ന ഗവര്‍ണര്‍ ഭരണമാണ് ഇവിടെയുള്ളതെന്ന് പറയാതെ പറയുകയാണ് ഇടതുനേതാക്കള്‍.

ഇടതുപക്ഷ – ജനാധിപത്യ മുന്നണിയാണ് ജനവിധിതേടി അധികാരത്തില്‍ വന്നത്. ആ മുന്നണിയുടെ നയങ്ങളാണ് സര്‍ക്കാര്‍ നയങ്ങളായി വരേണ്ടത്. ഒന്നാം കേരള ഗവണ്മെന്റിന്റെ അറുപതാം വാര്‍ഷികത്തില്‍ സുപ്രിംകോടതിയില്‍നിന്ന് കോടതിയലക്ഷ്യ നോട്ടീസ് ഏറ്റുവാങ്ങിക്കൊണ്ടാണ് പക്ഷെ ഈ സര്‍ക്കാര്‍ ഭരണത്തിന്റെ ഒന്നാംവാര്‍ഷികം പൂര്‍ത്തിയാക്കുന്നത്. ഭരണഘടനാ വിധേയമായി ഭരിക്കാനും ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ നയങ്ങള്‍ നടപ്പാക്കാനും ബാധ്യതയുള്ള ഗവണ്മെന്റിന് ഉപദേശ-നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എല്‍.ഡി.എഫിന് കഴിയുന്നില്ല. അതിനുള്ള വിശദീകരണമാണ് ടി.പി സെന്‍കുമാര്‍ പ്രശ്‌നം അവരില്‍നിന്ന് ആവശ്യപ്പെടുന്നത്.

ഇതൊരു കൂട്ടായ്മയില്ലാത്ത മന്ത്രിസഭയും ഭരണമുന്നണിയുമാണെന്നുകൂടി ഈ സംഭവം ബോധ്യപ്പെടുത്തുന്നു. പരിഹാസ്യതയുടെ പതക്കങ്ങള്‍ നെഞ്ചിലണിഞ്ഞാണ് ഈ ഗവണ്മെന്റും അതിന്റെ ഭരണവും മുന്നോട്ടുപോകുന്നത്. അതു മാത്രമാണ് ഭരണം സംബന്ധിച്ച അവകാശവാദങ്ങള്‍ക്കപ്പുറം ആര്‍ക്കും ബോധ്യപ്പെടുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി നേതാക്കള്‍ക്കും എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ക്കും പൊതുവെ ബാധകമായ ഒരു നയപ്രഖ്യാപനം ഈയിടെ നടത്തി. രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന ഒന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത് എന്ന്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും സി.പി.എമ്മിന്റെതന്നെ നേതാക്കളുടെയും പ്രസ്താവനകളാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാല്‍ എതിരാളികള്‍ക്കു മാത്രമല്ല നീതിപീഠങ്ങള്‍ക്കുപോലും വിമര്‍ശിക്കാന്‍ ആയുധംനല്‍കുന്ന നടപടികള്‍ സംസ്ഥാന ഗവണ്മെന്റില്‍നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നു. മുന്‍ ഇടതു ഗവണ്മെന്റുകളില്‍നിന്ന് ഈ ഗവണ്മെന്റിനെ വ്യത്യസ്തമാക്കുന്നത് അതാണ്. അതിന്റെ ഏറ്റവുംവലിയ ചരിത്രരേഖയായി തന്നെ മാറുന്നതാണ് ടി.പി സെന്‍കുമാറിനെ നീക്കിയതുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയും അതിന്റെ തുടര്‍ സംഭവങ്ങളും.

ഈ വിധിയെ സാങ്കേതികമായി മാത്രമേ സി.പി.എം-സി.പി.ഐ നേതാക്കള്‍ കാണുന്നുള്ളൂ എന്നതാണ് ദയനീയമായ കാര്യം. ഇതിലെ രാഷ്ട്രീയ-നയ പ്രശ്‌നങ്ങള്‍ കാണാനോ അതിലെ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാനോ അവര്‍ക്കു കഴിയുന്നില്ല. അതുകൊണ്ടുതന്നെ സെന്‍കുമാറിനെ തിരിച്ചെടുത്താലും ഇല്ലെങ്കിലും തെറ്റുകളുടെ ഈ ഘോഷയാത്ര തുടര്‍ന്നും മുന്നോട്ട് അവര്‍ കൊണ്ടുപോകും. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് ഭരണത്തില്‍ വന്നിട്ടും അതിന്റെ ഗതി ഇങ്ങനെയാകുന്നതില്‍ മുഖ്യമന്ത്രിക്കോ ഘടകകക്ഷി നേതാക്കള്‍ക്കോ തെല്ലും കുറ്റബോധമില്ല എന്നതാണ് സി.പി.ഐയുടെ ചില ഇടപെടലുകള്‍ ഒഴിച്ചാല്‍ വ്യക്തമാകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top