സെന്‍കുമാര്‍ ജീവനക്കാരിയെ സ്ഥലം മാറ്റിയത് വന്‍ വിവാദത്തില്‍, രഹസ്യാന്വേഷണ വിഭാഗം കുഴഞ്ഞുമറിയുന്നു

senkumarതിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാര്‍ സ്ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ആസ്ഥാനത്തെ ജീവനക്കാരി. കേരള പോലീസിലെ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടായ വി.എന്‍ കുമാരി ബീനയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. തന്നെ അന്യായമായി സ്ഥലം മാറ്റിയെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ഇവർ ആരോപിക്കുന്നത്.

വിവരാവകാശ നിയമത്തിന് പുറത്ത് നില്‍ക്കുന്ന സേനാവിഭാഗമായ ടി ബ്രാഞ്ചിൽ നിന്നും ഉദ്യോഗസ്ഥയെ യു ബ്രാഞ്ചിലേക്കാണ് മാറ്റിയത്.

ബീനക്ക് പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ് സജീവ് ചന്ദ്രനെ സെന്‍കുമാര്‍ നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനമേറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട എസ്.എ.പിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ ടി ബ്രാഞ്ചില്‍ നിയമിക്കുകയായിരുന്നു.

ഡി.ജി.പിയുടെ ഉത്തരവിനെതിരെ ജീവനക്കാര്‍ രംഗത്തിറങ്ങുകയും തന്നെ സ്ഥലം മാറ്റുകയും ചെയ്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരി സര്‍ക്കാറിന് പരാതി നല്‍കിയിട്ടുണ്ട്. ഡി.ജി.പിയോട് ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്ത് ഇല്ലാത്തതിനാല്‍ നടപടിയുണ്ടായിട്ടില്ല.

എല്ലാ സ്റ്റേഷനുകളിലും പ്രത്യേക കമ്പനിയുടെ പെയിന്‍റ് അടിക്കണമെന്ന ലോക്നാഥ് ബഹ്റയുടെ ഉത്തരവിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച ശേഷമാണ് സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തെ അതിരഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് ബീനയെ മാറ്റിയത്. സെന്‍കുമാറിനെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ഐ.ഐ.ജി മുതല്‍ എ.ഡി.ജി.പിവരെയുള്ളവര്‍ അറിയാതെയാണ് സെന്‍കുമാര്‍ ഈ നീക്കം നടത്തിയത്.

വിവരാവകാശ രേഖകള്‍ പ്രകാരം ടി ബ്രാഞ്ചിലെ വിവരങ്ങള്‍ ലഭ്യമല്ല. പുറ്റിങ്ങല്‍, ജിഷ കേസ് എന്നിവ സംബന്ധിച്ച രേഖകള്‍ വിവരാവകാശനിയമപ്രകാരം ആരോ ചോദിച്ചുവെന്നും അത് നല്‍കാത്തതിനാണ് ബീനയെ മാറ്റിയതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, കൊടുവള്ളി എം.എല്‍.എ റസാഖ് കഴിഞ്ഞ ജനുവരിയില്‍ നല്‍കിയ പരാതി പൂഴ്ത്തിയത് കണ്ടുപിടിച്ചതാണ് ഇവരുടെ സ്ഥലം മാറ്റത്തിനിടയാക്കിയതെന്നാണ് പറയുന്നത്. ഇവരെ അപ്രധാനമായ യു ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ് സജീവ്ചന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പേരൂര്‍ക്കട എസ്.എ.പിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ ടി. ബ്രാഞ്ചില്‍ നിയമിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ പുതിയ ഉത്തരവിറക്കി.

എന്നാല്‍, എട്ടുമാസം മുമ്പ് അച്ചടക്ക നടപടിയുടെ ഭാഗമായി ഐ.ജി സുരേഷ് രാജ് പുരോഹിത് പൊലീസ് ആസ്ഥാനത്തുനിന്ന് മാറ്റിയ ഉദ്യോഗസ്ഥനാണിയാള്‍. ചില രഹസ്യ ഫയലുകളുടെ പകര്‍പ്പ് എടുക്കുന്നത് കണ്ടതിനെതുടര്‍ന്നാണ് അന്ന് മാറ്റിയത്.

Print Friendly, PDF & Email

Leave a Comment