കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നിലധികം ട്രെയിനുകള്‍ ഉപയോഗിച്ചുള്ള സര്‍വിസ് ട്രയലിന് തുടക്കമായി. ആലുവയില്‍ നിന്ന് രണ്ട് ട്രാക്കുകളിലാണ് ട്രയല്‍ പുരോഗമിക്കുന്നത്. സിഗ്നല്‍ സംവിധാനവും യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള അനൗണ്‍സ്മെന്റ് സംവിധാനവുമാണ് ട്രയലില്‍ ഉള്‍പ്പെടുന്നത്. ശേഷിക്കുന്ന അനുബന്ധ സംവിധാനങ്ങളുടെ പൂര്‍ത്തീകരണം, യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം എന്നിവയാണ് ഇനി നടക്കാനുള്ളതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) അധികൃതര്‍ അറിയിച്ചു.
മെട്രോ സര്‍വീസിന്റെ ഉദ്ഘാടന തീയതി മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. അടുത്തമാസം ആദ്യം തന്നെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് മുമ്പ് കേരളത്തില്‍ എത്തുന്നുണ്ടെങ്കില്‍ ഇൗ മാസം അവസാനം നടക്കാനും സാധ്യതയുണ്ട്.
സര്‍വിസ് ട്രയല്‍ തുടങ്ങിയെങ്കിലും പൂര്‍ണസജ്ജമായ സര്‍വിസിന്റെ രൂപത്തിലായിരിക്കില്ല. അനുബന്ധ സംവിധാനങ്ങളും സൗകര്യങ്ങളും പരീക്ഷണ കാലയളവില്‍ ഘട്ടംഘട്ടമായി ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സംവിധാനവും പൂര്‍ണമായും തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നതുവരെ സര്‍വിസ് ട്രയല്‍ തുടരും. തുടര്‍ന്ന് സര്‍വിസുകളുടെ സമയക്രമം ഉള്‍പ്പെടുത്തി ഷെഡ്യൂള്‍ തയാറാക്കും. മൂന്നു കോച്ചുള്ള ആറു ട്രെയിനാകും തുടക്കത്തില്‍ സര്‍വിസ് നടത്തുക. രാവിലെ ആറു മുതല്‍ രാത്രി 11 വരെ 10 മിനിറ്റ് ഇടവിട്ടാകും സര്‍വിസ്. തിരക്ക് കുറവുള്ള സമയങ്ങളില്‍ ഇൗ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഉദ്ഘാടന സജ്ജമായത്. ഇതിനിടയില്‍ 11 സ്റ്റേഷനുണ്ട്. മിനിമം നിരക്ക് 10 രൂപ. ആലുവ മുതല്‍ കമ്പനിപ്പടി വരെ 20 രൂപ, കളമശേരി വരെ 30 രൂപ, ഇടപ്പള്ളി വരെ 40 രൂപ എന്നിങ്ങനെയാണ് പ്രാഥമികമായി നിശ്ചയിച്ചിട്ടുള്ളത്. ആലുവയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 20 മിനിറ്റ് കൊണ്ട് പാലാരിവട്ടത്തെത്തും. ദിശാബോര്‍ഡുകള്‍, സീസി ടി.വി കാമറ തുടങ്ങി സുരക്ഷാ കമീഷണര്‍ നിര്‍ദേശിച്ച മറ്റു കാര്യങ്ങള്‍ അഞ്ചു ദിവസത്തിനകം പൂര്‍ത്തിയാക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply