ചാള്‍സ്ടണ്‍ (വെസ്റ്റ് വെര്‍ജീനിയ): പബ്ലിക് സര്‍വ്വീസ് ജേര്‍ണലിസ്റ്റ് ഡാനിയേല്‍ ഹെയ്മാനെ (54) വെസ്റ്റ് വെര്‍ജീനിയയില്‍ അറസ്റ്റ് ചെയ്തത് തന്റെ തീരുമാനമല്ലെന്ന് യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വ്വീസസ് സെക്രട്ടറി ടോം പ്രൈസ്. വെസ്റ്റ് വെര്‍ജീനിയ പൊലീസ് അവര്‍ക്ക് ശരിയാണെന്ന് തോന്നിയതുകൊണ്ടാകാം അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച ചാള്‍സ്ടണ്‍ മീറ്റിംഗില്‍ ഹെല്‍ത്ത് സെക്രട്ടറിയെ ചോദ്യം ചെയ്തു ശല്യപ്പെടുത്തിയതിനായിരുന്നു ഡാനിയേലിന്റെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് ചാള്‍സ്ടണ്‍ പോലീസ് പറയുന്നു. പിന്നീട് അദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയും ചെയ്തു. മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം മൂലം മരണനിരക്ക് വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് സംസ്ഥാന തലസ്ഥാനമായ ചാള്‍സ്ടണില്‍ ഹെല്‍ത്ത് സെക്രട്ടറി എത്തിയത്.
ദാനിയേലിന്റെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് ന്യൂസ് സര്‍വീസ് സ്ഥാപകന്‍ ലര്‍ക്ക് കെര്ബീല് ഹെല്‍ത്ത് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. റിപ്പോര്‍ട്ടര്‍ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും കെര്ബീന് പറയുന്നു.
കൊളറാഡോ ആസ്ഥാനമായി 36 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വാര്‍ത്താ മാധ്യമമാണ് പബ്ലിക് ന്യൂസ് സര്‍വീസസ്.