കണ്ണൂരില്‍ വീണ്ടും ചോരക്കളി, കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊലക്കേസ് പ്രതി, ഇന്നോവയിലെത്തി ടി.പി മോഡല്‍ കൊല

murdered RSS leader bijuകണ്ണൂര്‍: പഴയങ്ങാടിയില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് ചൂരക്കാട് ബിജു (34) പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ 12ാം പ്രതിയാണ്. ഈയിടെ ജാമ്യത്തിലിറങ്ങിയ ബിജുവിനെതിരെ എതിരാളികളുടെ വധഭീഷണിയുണ്ടായിരുന്നു. രാഷ്ട്രീയവിരോധമാണ് കൊലക്കുപിന്നിലെന്ന് ആരോപിച്ച ബി.ജെ.പി, ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി.

ഇന്നോവ കാറിലെത്തിയ പ്രതികള്‍ ടി.പി ചന്ദ്രശേഖരനെ വധിച്ച മോഡലിലാണ് ബിജുവിനെയും വകവരുത്തിയത്. ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ ഇടിച്ചുവീഴ്ത്തി തുരുതുരാ വെട്ടുകയായിരുന്നു. കഴുത്തിനുവെട്ടേറ്റ ബിജു രക്തം വാര്‍ന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹത്തില്‍ നിറയെ വെട്ടുകളാണ്.

2016 ജൂലൈയിലാണ് രാമന്തളി കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊന്നത്. മുഖംമൂടി സംഘം വീട്ടില്‍ കയറിയാണ് കൊല നടത്തിയത്. ധനരാജ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം അന്നൂരില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ സി.കെ രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കൊലപാതകത്തെ സി.പി.എം അപലപിച്ചു. കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടത്തെണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

എന്നാല്‍, ബിജുവിനെ കൊന്നത് ഉന്നത സി.പി.എം നേതൃത്വത്തിന്‍െറ ഗൂഢാലോചനയെതുടര്‍ന്നാണെന്ന് ബി.ജെ.പി ആരോപിച്ചു. കണ്ണൂര്‍ ജില്ലയില്‍ സംഘ്പരിവാര്‍ നേതാക്കളെ കൊല്ലാന്‍ പിണറായി വിജയന്‍െറ ആശീര്‍വാദത്തോടെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. സത്യപ്രകാശ് ആരോപിച്ചു. ഇതുസംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടും നടപടിയെടുത്തില്ല.

ആർ.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ശനിയാഴ്ച ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ കക്കംപാറയിലും പരിസരത്തും വന്‍സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഘര്‍ഷഭൂമിയായ കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താലിനിടെ മുഖ്യമന്ത്രി എത്തുന്നു

കണ്ണൂര്‍: മറ്റൊരു ചോരക്കളിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കണ്ണൂരില്‍ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നു. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് സംഘര്‍ഷഭരിതമായ ജില്ലയിലേക്ക് പിണറായി എത്തുന്നത്.

ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിനെതുടര്‍ന്ന് കണ്ണൂര്‍ നഗരം പൊലീസിന്‍െറ വലയത്തിലായിക്കഴിഞ്ഞു. കണ്ണൂര്‍ നഗരത്തില്‍ മാത്രം മൂന്നു കമ്പനി സായുധ പൊലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്. ദിനേശ് ഓഡിറ്റോറിയത്തിലാണ് എന്‍.ജി.ഒ യൂണിയന്‍ സമ്മേളനം. സമ്മേളനം നടക്കുന്ന ഓഡിറ്റോറിയവും പരിസരവും കനത്ത പൊലീസ് കാവലിലാണ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ സാധാരണ സമ്മേളനങ്ങള്‍ മാറ്റിവക്കാറുണ്ട്. എന്നാല്‍, എന്‍.ജി.ഒ യൂണിയന്‍ സമ്മേളനം മാറ്റിവക്കുന്നത് കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് ആരോപിക്കാന്‍ ബി.ജെ.പിക്ക് വഴി നല്‍കുമെന്നതിനാലാണ് സമ്മേളനവുമായി മുന്നോട്ടു പോകാന്‍ സി.പി.എം തീരുമാനിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment