Flash News

ഭാഷാ സ്‌നേഹസംഗമം – ലണ്ടന്‍ ബുക്ക് ഫെയര്‍

May 14, 2017

20170309London_Book_Fairഅമൃത് പാനം ചെയ്യുന്നതു പോലെയാണ് പുസ്തകവായന. അത് ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഉത്തേജിപ്പിക്കുന്നു. അതിന് അതിര്‍വരമ്പുകളില്ല, കാലദേശങ്ങളുടെയും സംസ്ക്കാരങ്ങളുടെയും വ്യതിയാനമില്ല. വായനയില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്ക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. വായിക്കാത്തവര്‍ വായന മരിക്കുന്നു എന്നു മുറവിളികള്‍ക്കിയില്‍ ലണ്ടന്‍ ബുക്ക് ഫെയറില്‍ സൂചി കുത്താന്‍ ഇടമില്ലാത്തവിധം തിരക്കേറിയ ഭാഷാസ്‌നേഹികളുടെ , സാഹിത്യാരാധകരുടെ സംഗമത്തിന്റെ അപൂര്‍വ്വ കാഴ്ചയായിരുന്നു മാര്‍ച്ച് 14-16 തീയതികളില്‍ ഒളിംബിയ – ലണ്ടനില്‍ കണ്ടത്. 46 വര്‍ഷം പിന്നിടുന്ന ലണ്ടന്‍ ബുക്ക് ഫെയറില്‍ ഈ വര്‍ഷവും സാധാരണ സന്ദര്‍ശകരെ കൂടാതെ 25,000 പേര്‍ പ്രമുഖ പ്രസാദക രംഗത്ത്‌നിന്നും 118 രാജ്യങ്ങളില്‍ നിന്ന് വന്നു എന്നുള്ളതാണ്. അതില്‍ എഴുത്തുകാരുമുണ്ട്. ലോകത്തെ പ്രമുഖ 300ലധികം പ്രസാദകര്‍/എക്‌സിബിറ്റേഴ്‌സ് 30 വലിയ പവിലിയനുകളിലായി ഇതില്‍ പങ്കെടുത്തു. ആയിരക്കണക്കിന് പുസ്തകങ്ങള്‍ ലഭ്യമാകുന്ന ഇവിടം സാഹിത്യ ലോകത്തെ അക്ഷരഖനിയാണ്. പുസ്തക ലോകം ഇവിടെ സമ്മേളിക്കുന്നു. അക്ഷരങ്ങള്‍ ആനന്ദനൃത്തമാടുന്നു. വായന ഒരു സൃഷ്ടിയായി മാറുന്നു. ഈ മേളയിലേക്ക് ലോകത്തെ പ്രമുഖ സാഹിത്യകാരന്മാരായ റോഡി ഡോയല്‍, മൈക്കള്‍ മോര്‍പുര്‍ഗോ, പോളീഷ് എഴുത്തുകാരി ഒല്‍ഗ റ്റോക്കര്‍സിസുക്ക് മുതലായവര്‍ പങ്കെടുത്തു.

Michael Morpurgo

Michael Morpurgo

1971 നവംബര്‍ അഞ്ചിന് ആരംഭിച്ച “ദി സ്‌പെഷ്യലിസ്റ്റ് പബ്ലിഷേഴ്‌സ് എക്‌സിബിഷന്‍ ഫോര്‍ ലൈബ്രേറിയന്‍സ്’ (എസ്പിഇഎക്‌സ്) എന്ന മേളയാണ് പില്‍ക്കാലത്ത് ലോകത്തിലെ പ്രസാധകരുടെ കൂട്ടായ്മയ്ക്ക് കൂടി വേദിയായി മാറിയ ലണ്ടന്‍ പുസ്തകമേളയായത്. മിലിട്ടറി പുസ്തകങ്ങളുടെ പ്രസാധകരായിരുന്ന ലയണല്‍ ലെവന്‍തല്‍ എന്ന ഏജന്‍സിയായിരുന്നു ആദ്യകാലത്ത് ഇത് നടത്തിയിരുന്നത്. ആംസ് ആന്‍ഡ് ആര്‍മര്‍ പ്രസ് എന്ന പേരില്‍ 1966-ല്‍ ഏറ്റവും സജീവമായിരുന്ന പ്രസാധകരായിരുന്നു അവര്‍. ആദ്യകാലത്ത് പുസ്തകമേളയ്ക്ക് എത്തിയത് വെറും ഇരുപത്തിരണ്ട് പ്രസാധകര്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്നത് കാല്‍ ലക്ഷത്തിനു മുകളിലാണ്. അഭൂതപൂര്‍വ്വമായ വര്‍ധന !

ആദ്യ കാലങ്ങളിലൊന്നും ഈ പുസ്തകമേള അറിയപ്പെട്ടിരുന്നത് ലണ്ടന്‍ ബുക്ക് ഫെയര്‍ എന്ന പേരിലേ ആയിരുന്നില്ല. അന്നൊക്കെ അത് സാഹിത്യകാരന്മാരുടെയും ലൈബ്രേറിയന്മാരുടെയും ചെറു സംഗമങ്ങള്‍ മാത്രമായിരുന്നു. പിന്നീട് പ്രസാധകന്മാരുടെ ബിസിനസ് ലോകമായി. ഇപ്പോള്‍ കാണുന്ന നിലയിലേക്ക് മാറിയിട്ട് കാല്‍ നൂറ്റാണ്ട് മാത്രം. ലണ്ടന്‍ ബുക്ക് ഫെയര്‍ എന്നു മേളയ്ക്ക് പേരുമാറ്റുന്നത് 1977-ലാണ്. മേളയുടെ സംഘാടകരായിരുന്ന ലയണല്‍ 1985-ല്‍ ഇന്‍ട്രസ്ട്രിയല്‍ ആന്‍ഡ് ട്രേഡ് ഫെയേഴ്‌സ് (പിന്നീടിത് റീഡ് എക്‌സിബിഷന്‍സ് എന്നു പേരു മാറ്റി) എന്ന ഏജന്‍സിയ്ക്ക് മേളയുടെ ഔദ്യോഗികമായ അവകാശം കൈമാറ്റം ചെയ്തു കൊടുത്തു. ആ വര്‍ഷം 520 പ്രസാധകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച് അവര്‍ ലണ്ടന്‍ ബുക്ക് ഫെയര്‍ കൊഴുപ്പിക്കുകയും ചെയ്തു. ക്രൈം, സയന്‍സ്, ഫിക്ഷന്‍ എന്നിവയുടെ അറിയപ്പെടുന്ന പ്രസാധകരായി മാറി ലണ്ടന്‍ ബുക്ക് ഫെയറുടെ സംഘാടക സ്ഥാനത്തു നിന്നും മാറിയ ലയണല്‍ പിന്നീട് ഗ്രീന്‍ഹില്‍ ബുക്‌സ് എന്ന പേരില്‍ പ്രസാധകലോകത്ത് സജീവമായി.

Olga Tokarczuk

Olga Tokarczuk

ലണ്ടന്‍ ബുക്ക് ഫെയര്‍ ലയണല്‍ നടത്തുന്ന കാലത്ത് “സ്‌മോള്‍ ആന്‍ഡ് സ്‌പെഷ്യലിസ്റ്റ് പബ്ലീഷേഴ്‌സ് എക്‌സിബിഷന്‍’ എന്നായിരുന്നു ഇതിന്റെ പേര്. ലൈബ്രറി അസോസിയേഷനുകളുടെ കൂട്ടായ്മ എന്ന നിലയില്‍ പിന്നീട് ഇത് ഏറെ പ്രശസ്തിയാര്‍ജ്ജിച്ചു. ലണ്ടന്‍ ടൗണ്‍ ലൈബ്രേറിയന്മാരായിരുന്നു ആദ്യ കാലത്ത് ഇതില്‍ സംബന്ധിച്ചിരുന്നത്. അവര്‍ക്ക് വേണ്ടി ശില്‍പ്പശാലയും സെമിനാറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബ്ലൂംസ്‌ബെറി സെന്റര്‍ ഹോട്ടലിലായിരുന്നു ഇത് വര്‍ഷങ്ങളോളം നടത്തിയിരുന്നത്. മേളയുടെ ആകാരവും വലിപ്പവും വര്‍ധിച്ചതോടെ, കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങള്‍ തേടാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി.

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച പുസ്തകമേളയായി ലണ്ടന്‍ ബുക്ക് ഫെയര്‍ മാറിയപ്പോള്‍ 25,000 പബ്ലീഷേഴ്‌സ്, അത്രത്തോളം തന്നെ വരുന്ന ബുക്ക് സെല്ലേഴ്‌സ്, അര ലക്ഷത്തോളം പോന്ന ലിറ്റററി ഏജന്റ്‌സ്, പതിനായിരക്കണക്കിന് ലൈബ്രേറിയന്‍സ്, മീഡിയ, ഇന്‍ഡസ്ട്രി സപ്ലൈയേഴ്‌സ് തുടങ്ങി നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വരെ ഇവിടേക്ക് എത്തുന്നു. ഇക്കാലത്ത് ലണ്ടനില്‍ ഹോട്ടലുകളിലൊന്നും തന്നെ മുറികള്‍ പോലും കിട്ടാനാവാത്ത സ്ഥിതിയാണ്. മൂന്നു ദിവസം നീളുന്ന മേളയുടെ സമീപപ്രദേശങ്ങളിലാണ് പലരും കിടന്നുറങ്ങുന്നതു പോലും. പുസ്തകത്തെ സ്‌നേഹിക്കുകയും മാറോടടുക്കി പിടിക്കുകയും ചെയ്യുന്ന ലണ്ടന്‍ നിവാസികള്‍ക്ക് ലണ്ടന്‍ ബുക്ക് ഫെയര്‍ ആഘോഷത്തിന്റെ രാവുകള്‍ കൂടിയാണ്. അവര്‍ സ്‌നേഹിക്കുന്ന എഴുത്തുകാരെ നേരില്‍ കാണാനും സംവദിക്കാനും ലഭിക്കുന്ന അപൂര്‍വ്വാവസരം കൂടിയാണ്. ലണ്ടനിലെ പ്രശസ്ത മാധ്യമങ്ങളെല്ലാം തന്നെ ലണ്ടന്‍ ബുക്ക് ഫെയറിനോടു കാണിക്കുന്ന താത്പര്യം തന്നെ ഇതിനേറ്റവും വലിയ തെളിവാണ്..

Roddy Doyle

Roddy Doyle

ലണ്ടന്‍ ബുക്ക് ഫെയറിനു തൊട്ടു പിന്നിലുള്ളത് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയറാണ്. യൂറോപ്യന്‍ പ്രസാധകരുടെ മെക്കയെന്നാണ് ലണ്ടന്‍ ബുക്ക് ഫെയര്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. തങ്ങളുടെ പുസ്തകത്തിന് അനുയോജ്യരായ വിതരണക്കാരെയും പ്രസാധകരെയും കണ്ടെത്താന്‍ പുതിയവരായ ധാരാളം എഴുത്തുകാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനവരെ സഹായിക്കാന്‍ ലിറ്റററി ഏജന്റുമാരും ഒപ്പം അണിനിരക്കുന്നതോടെ, സാഹിത്യത്തിനും എഴുത്തിനും പ്രസിദ്ധീകരണത്തിനുമെല്ലാം കോടികള്‍ മറിയുന്ന വിപണന ലോകമായി ലണ്ടന്‍ മേള മാറുന്നു.

പുസ്തകമേള ഇന്നത്തെ നിലയിലേക്ക് പുനരവതരിച്ചത് 2005-ലാണെന്നു പറയാം. ലണ്ടനിലെ പ്രശസ്തമായ ഒളിമ്പിയ എക്‌സിബിഷന്‍ സെന്ററിലാണ് 2005-ല്‍ ലണ്ടന്‍ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചത്. ലണ്ടനിലെ ഡോക്്‌ലാന്‍ഡ്‌സില്‍ എക്‌സല്‍ എക്‌സിബിഷന്‍ സെന്ററിലാണ് തൊട്ടടുത്ത വര്‍ഷം മേള അരങ്ങേറിയത്. പിന്നീട് പടിഞ്ഞാറന്‍ ലണ്ടനിലെ ഏള്‍സ് കോര്‍ട്ട് എക്‌സിബിഷന്‍ സെന്ററിലേക്ക് മാറ്റി. തുടര്‍ന്ന് വര്‍ഷങ്ങളോളം ഇവിടെ തന്നെ മേള നടന്നു. ഇത്തവണ വീണ്ടും എല്‍ബിഎഫ് (ലണ്ടന്‍ ബുക്ക് ഫെയര്‍) ഒളിമ്പിയ ലണ്ടനില്‍ തന്നെ. ലണ്ടന്‍ ബുക്ക് ആന്‍ഡ് സ്ക്രീന്‍ വീക്ക് എന്ന പേരില്‍ ലണ്ടനില്‍ ഉടനീളം വായനാവാരം നടക്കുന്ന അതേ ആഴ്ചയില്‍ തന്നെയാണ് മേളയും നടക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുമണി വരെ ഇവിടെ അക്ഷരക്കൂമ്പാരങ്ങള്‍ക്ക് മുന്നില്‍ സാഹിത്യാഭിരുചികള്‍ തപസ്സിരിക്കും.

സാഹിത്യ ലോകത്തിന് അതിരുകളില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ്് എല്ലാ വര്‍ഷവും മേളയ്ക്ക് തുടക്കമാവുക. ഭാഷയോ, രാജ്യമോ, സംസ്ക്കാരമോ എന്തിന് എഴുത്തിന്റെ രീതിയോ, വര്‍ഗ്ഗമോ പോലും ഇവിടെ പ്രശ്‌നമാവുന്നില്ല. ഇവിടെ എഴുത്ത്, വായന, ഇടപെടല്‍ എന്നിങ്ങനെ മൂന്നു കാര്യങ്ങള്‍ മാത്രമാണ് പൊതുവായി നടക്കുന്നത്. കായികം, ശാസ്ത്രം, സാങ്കേതികം, വൈജ്ഞാനികം, യാത്ര എന്നിവയടങ്ങിയ നോണ്‍ ഫിക്ഷനുകള്‍ക്ക് കൂടുതല്‍ വായനക്കാരുണ്ടെന്ന നിഗമനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എഴുത്തുകാരും പ്രസാധകരും ഇവിടെ തങ്ങളുടെ ഗ്രന്ഥശേഖരം കൊഴുപ്പിച്ചു കഴിഞ്ഞു.

യൂറോപ്യന്‍ വിരുദ്ധ നിലപാടെടുത്തിട്ടു കൂടി 2012-ല്‍ ചൈനീസ് പുസ്തക പ്രസാധകര്‍ക്ക് മേളയില്‍ പ്രവേശനാനുമതി നല്‍കി കൊണ്ട് എല്‍ബിഎഫ് ചരിത്രമെഴുതി. എന്നാല്‍ ആ വര്‍ഷം തന്നെ മേള വിവാദത്തിന്റെ കൊടുങ്കാറ്റില്‍ ഉടക്കുകയും ചെയ്തു. ചൈനയിലെ സെന്‍സറിങ് ഏജന്‍സിയായ “ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍’ (ഗാപ്പ്) എന്ന ഏജന്‍സിയെ മേളയില്‍ പങ്കെടുപ്പിച്ചതായിരുന്നു വിവാദം. അന്ന് നോബല്‍ സമ്മാനം നേടിയ ചൈനീസ് എഴുത്തുകാരന്‍ ഗാവോ സിന്‍ജിയാനെ മേളയിലേക്ക് ക്ഷണിക്കാതിരുന്നതും പ്രശ്‌നമായി. തുടര്‍ന്ന് ബ്രിട്ടീഷ് ലൈബ്രറി കൗണ്‍സില്‍ ഇടപ്പെട്ടാണ് പ്രശ്‌നം ഒതുക്കിയത്. അതിനു കാരണക്കാരനായ എഴുത്തുകാരന്‍ മാ ജിയാന്‍ മേളയുടെ പ്രവേശനകവാടത്തില്‍ ചുവന്ന പെയിന്റ് മുഖത്തടിച്ച് പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. ചൈനയില്‍ നിരോധിക്കപ്പെട്ട ബീജിങ് കോമ എന്ന തന്റെ പുസ്തകം മേളയില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണമായിരുന്നു ജിയാന്റേത്. ഇന്ന് ഇന്ത്യ അടക്കം ലോകമെമ്പാടുനിന്നും അറിവിനായി ആഗ്രഹിക്കുന്നവര്‍ മേളയിലേക്ക് ഒഴുകിയിറങ്ങുന്നു. സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന ആഗോള ചലച്ചിത്രോത്സവങ്ങള്‍ നടത്തി പണമുണ്ടാകുന്നു. സാക്ഷരതയില്‍ മുന്നിലാണെന്ന് പറയുന്നവര്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിക്കുന്ന ആഗോള ചലച്ചിത്ര ഉത്സവങ്ങള്‍ കേരളത്തില്‍ നടത്തി സമ്പാദ്യം കൂട്ടുമ്പോള്‍ എന്തുകൊണ്ടാണ് ആഗോള ബുക്ക് ഫെയറിന്റെ സാധ്യതകള്‍ ആരായുന്നില്ല? ലാഭമാണ് ലക്ഷ്യമെങ്കില്‍ മനുഷ്യന്റെ മാനസിക വളര്‍ച്ചയ്ക്ക് ഇന്ന് നടക്കുന്ന ചാനല്‍ – സംസ്കാരം ഗുണം ചെയ്യില്ല. വികസിത രാജ്യങ്ങളിലെ വായന സംസ്കാരം നമ്മിള്‍ വളരാതെ നമുക്ക് വളരാന്‍ പ്രയാസമാണ്. കുരിശില്‍നിന്ന് കിരീടത്തിലേക്ക് പോകാന്‍ കാലമായിരിക്കുന്നു.

london_book_fair-e1489691089750 maxresdefault


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top