സുപ്രീം കോടതിയില്‍ മുത്തലാഖ് വാദം തുടരുന്നു

supremecourt-keeb-621x414livemint_0ന്യൂഡല്‍ഹി: മുത്തലാഖ് അസാധുവും ഭരണഘടനാവിരുദ്ധവുമായി സുപ്രീം കോടതി പ്രഖ്യാപിച്ചാല്‍ മുസ്ലിംകളുടെ വിവാഹമോചനം നിയന്ത്രിക്കുന്ന നിയമം കേന്ദ്രം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന വാദത്തിനിടെയാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി ഇക്കാര്യം അറിയിച്ചത്.

മുത്തലാഖ് അസാധുവാക്കിയാല്‍ വിവാഹമോചനത്തിന് മുസ്ലിം പുരുഷനുമുന്നിലുള്ള വഴി എന്താണെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കേന്ദ്രത്തിന്‍െറ മറുപടി. മുത്തലാഖ് പ്രശ്നത്തെ കോടതി തെറ്റായ രീതിയിലാണ് സമീപിക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുകയല്ല കോടതിയുടെ ജോലി. ഒരു രീതി ഇസ്ലാമിന് ആവശ്യമാണോ എന്ന് പരിശോധിക്കുന്ന സഭാകോടതിയല്ല സുപ്രീം കോടതിയെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് മതത്തില്‍ അവശ്യം വേണ്ട ഒന്നല്ലെന്ന് കോടതി വിധിച്ചാല്‍ തന്നെ ഒന്നും സംഭവിക്കില്ല. ഒരുപടി കൂടി മുന്നോട്ടുകടന്ന് മുത്തലാഖ് അസാധുവാക്കണം എന്നതാണ് പ്രസക്തമായ കാര്യം. അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഭരണഘടനാ ധാര്‍മികതക്ക് ഈ രീതി എതിരാണോ അല്ലയോ എന്ന കാര്യമാണ് ആദ്യം തീരുമാനിക്കേണ്ടത്.

മതവിശ്വാസം ശാസ്ത്രീയമായോ മറ്റു തലങ്ങളിലോ പരിശോധിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനയുടെ പുസ്തകം തുറക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് നമ്മള്‍ ഭരണഘടനാ ബഞ്ചിനുമുമ്പാകെ നില്‍ക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ ചോദിച്ചു.

Print Friendly, PDF & Email

Leave a Comment