മുത്വലാഖ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി

muslim-burka1ന്യൂഡല്‍ഹി: മുത്തലാഖ് സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതി മുഴുവന്‍ വാദവും കേട്ടു. വിധി പറയാന്‍ മാറ്റി. മുത്തലാഖിനെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട നിരവധി ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ആറു ദിവസമായി കോടതി വാദം കേട്ടത്. മുത്തലാഖ്, ബഹുഭാര്യത്വം, തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരാതിയെങ്കിലും മൊഴി ചൊല്ലല്‍ സംബന്ധിച്ച വിഷയം മാത്രമാണ് കോടതി പരിഗണിച്ചത്. സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. മുസ്ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി വിഭാഗങ്ങളില്‍നിന്നുള്ളവരാണ് അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്നത്.

അവസാന വട്ട വാദത്തിലും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പഴയ നിലപാടില്‍ ഉറച്ചുനിന്നെങ്കിലും മൊഴിചൊല്ലല്‍, നിയമങ്ങള്‍ എന്നിവയില്‍ സ്ത്രീകളുടെ പങ്കാളിത്തം നടപ്പാക്കുന്നതില്‍ മുസ്ലിം പണ്ഡിതര്‍ക്കു കത്തയയ്ക്കുമെന്ന് അറിയിച്ചു. മതപരമായ കാര്യങ്ങളിലും വിശ്വാസങ്ങളിലും സുപ്രീം കോടതി ഇടപെടാന്‍ പാടില്ലെന്ന നിലപാടില്‍തന്നെയാണ് ബോര്‍ഡിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, മതപരമായി തെറ്റാണെന്നു തോന്നുന്ന കാര്യം എങ്ങനെ ചടങ്ങുകളില്‍ കയറിക്കൂടിയെന്ന ചോദ്യം സുപ്രീം കോതി ഉന്നയിച്ചെങ്കിലും അതു തെന്നിത്തെറിച്ചു കിടക്കുന്ന ചെരിവു പോലാണെന്നും കോടതി അതില്‍ ഇടപെടേണ്ടതില്ലെന്നുമാണ് സിബല്‍ ആവര്‍ത്തിച്ചത്.

കോടതിയിലെ പ്രധാന വാദങ്ങള്‍

1. മുത്തലാഖ് വിഷയത്തില്‍ സ്ത്രീകള്‍ക്ക് എതിര്‍ക്കാനുള്ള അവകാശം നല്‍കിക്കൂടേയെന്നായിരുന്നു കോടതിയുടെ നിര്‍ണായക ചോദ്യം. ഇക്കാര്യത്തില്‍ വിധി വരുന്നതു പരിഗണിക്കാതെ കേന്ദ്രത്തിനു പുതിയ നിയമ നിര്‍മാണം നടത്താനാകുമെന്നും കോടതി നിരീക്ഷിച്ചു.

2. തലാഖ് സംബന്ധിച്ച് നിയമം നിലവിലില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ആവശ്യത്തിന് അക്കാര്യം ഞങ്ങള്‍ തീരുമാനിക്കാം, ആദ്യം നിങ്ങള്‍ ചെയ്യൂ എന്നായിരുന്നു ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹറിന്റെ മറുപടി

3. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്താത്തതെന്നും കോടതി കേന്ദ്രത്തോടു ചോദിച്ചു. ‘മുത്തലാഖ് കോടതി നിരോധിക്കുകയാണെങ്കില്‍ മാത്രം നിയമനിര്‍മാണം നടത്താമെന്നാണ് നിങ്ങള്‍ (കേന്ദ്രം) പറയുന്നത്. എന്തുകൊണ്ട് കഴിഞ്ഞ 60 വര്‍ഷമായി ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല?’ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍, യുയു ലളിത്, അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് സംയുക്തമായിട്ടാണ് ഇതു ചോദിച്ചത്.

4. കോടതിയിലേക്ക് ഇത്തരം കാര്യങ്ങള്‍ എത്തുമ്പോള്‍ നിയമനിര്‍മാണത്തിന് കാത്തിരിക്കാതെ ഇടപെടണമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി. ‘എനിക്കു ചെയ്യാവുന്നതെല്ലാം ഞാന്‍ ചെയ്യും, പക്ഷേ, കോടതി എന്തു ചെയ്യും എന്നാണ് അറിയേണ്ടത്-റോത്തഗി പറഞ്ഞു. ഞാന്‍ സംസാരിക്കുന്നത് സര്‍ക്കാരിനു വേണ്ടിയാണ്. പാര്‍ലമെന്റിനു വേണ്ടിയല്ല. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കും. മൗലികാവകാശത്തിന്റെ സംരക്ഷകര്‍ കോടതിയാണ്. ഇത്തരം അവകാശങ്ങള്‍ ഇല്ലാതാകുമ്പോള്‍ കോടതിയും ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു.

5. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാന്‍ അവസരം നല്‍കിക്കൂടേ എന്നു കോടതി ബുധനാഴ്ച ചോദിച്ചിരുന്നു. വിവാഹത്തിലേക്കു കടക്കും മുമ്പ് ഇക്കാര്യത്തില്‍ നിബന്ധനകള്‍ വയ്ക്കാവുന്നതല്ലേ എന്നും കോടതി ഉന്നയിച്ചു.

6. അതുമല്ലെങ്കില്‍, മൂന്നുവട്ടം പേരുവിളിച്ചു മൊഴി ചൊല്ലാനുള്ള പുരുഷന്മാരുടെ അവകാശത്തിലും ഒരു ക്ലോസ് വച്ചാല്‍ മതിയാകുമല്ലോ എന്നും കോടതി നിര്‍ദേശം മുന്നോട്ടുവച്ചു.

7. നിയമത്തിന്റെ അഭാവത്തില്‍ തൊഴില്‍ സ്ഥലത്തു സ്ത്രീകളെ സംരക്ഷിക്കാനുള്ള ‘വിശാഖാ ഗൈഡ്‌ലൈന്‍സ്’ ഇക്കാര്യത്തില്‍ ആകാമെന്നു റോത്തഗി ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതൊരു ചട്ടം മാത്രമാണെന്നും നിയമമല്ലെന്നുമായിരുന്നു ജസ്റ്റിസ് കുര്യന്റെ മറുപടി.

8. ഹിന്ദു സമുദായത്തില്‍ സതി, ദേവദാസി സമ്പ്രദായം എന്നിവ നിര്‍ത്തലാക്കിയിട്ടുണ്ടെന്ന് അറ്റോര്‍ണി ചൂണ്ടിക്കാട്ടിയപ്പോള്‍, അതെല്ലാം നിയമം മൂലം നിര്‍ത്തലാക്കിയതാണെന്നു കോടതി ചൂണ്ടിക്കാട്ടി. അതു കോടതിയല്ല ചെയ്തതെന്നും സര്‍ക്കാരാണെന്നും ജസ്റ്റിസ് കുര്യന്‍ പറഞ്ഞു.

9. ഇത് ഭൂരിപക്ഷ സമുദായവും ന്യൂനപക്ഷ സമുദായവും തമ്മിലുള്ള പ്രശ്‌നമല്ലെന്നും ഒരു മതവിഭാഗത്തിലെ ന്യൂനപക്ഷം മാത്രം നടപ്പാക്കുന്ന കാര്യത്തിലുള്ളതാാണെന്നും അതിനെ മുസ്ലിം പുരുഷനും സ്ത്രീയും തമ്മിലുള്ള വഴക്കായിട്ടാണു കോടതി കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

10. മുത്തലാഖ് വിനാശകരമായ സമ്പ്രദായമാണെന്നും മൗലികാവകാശത്തിന്റെ സംരക്ഷകനെന്ന നിലയില്‍ കോടതി ഇടപെടണമെന്നും റോത്തഗി അവസാന വാദത്തില്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Related News

Leave a Comment