ജസ്റ്റിസ് കൃഷ്ണയ്യരുടെ ചര്‍ച്ച് ആക്റ്റും ഇടയലേഖനങ്ങളും വാഗ്വാദങ്ങളും (ജോസഫ് പടന്നമാക്കല്‍)

church act sizeമുന്‍ സുപ്രീം കോടതി ജസ്റ്റിസ് അന്തരിച്ച ശ്രീ വി.ആര്‍. കൃഷ്ണയ്യര്‍, ക്രിസ്ത്യന്‍ സഭകളുടെ സഭാസ്വത്തുക്കള്‍ സംബന്ധിച്ചുള്ള ബില്ലിന്റെ ഒരു നക്കല്‍ 2009ലെ കേരള നിയമസഭയുടെ പരിഗണനയില്‍ സമര്‍പ്പിച്ചിരുന്നു. മാറി മാറി വന്ന ഭരണകൂടങ്ങള്‍ ബില്ലിനെ നിയമമാക്കാന്‍ നാളിതുവരെയായി ശ്രമിച്ചിട്ടുമില്ല. ക്രിസ്ത്യന്‍ ശക്തികള്‍ക്കെതിരെ എതിരിടാനുള്ള ത്രാണി ഭരിച്ചിരുന്ന കഴിഞ്ഞ സര്‍ക്കാരുകള്‍ക്കൊന്നും ഉണ്ടായിരുന്നുമില്ല. ബില്ലിനെപ്പറ്റി പഠിക്കാന്‍ കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിസഭ പദ്ധതിയിട്ടപ്പോള്‍ മതമേലാധ്യക്ഷന്മാരും പുരോഹിതരും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. തൃശൂര്‍, ഇരിഞ്ഞാലക്കുട ബിഷപ്പുമാര്‍ ഇതേ സംബന്ധിച്ച ഇടയലേഖനങ്ങളും ഇറക്കിക്കഴിഞ്ഞു. സത്യത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ബിഷപ്പുമാരുടെ ലേഖനങ്ങള്‍ അല്‍മായരെ ചിന്താക്കുഴപ്പത്തിലാക്കുന്നുമുണ്ട്. ചര്‍ച്ച് ആക്റ്റിനെ സംബന്ധിച്ചുള്ള ബിഷപ്പുമാരുടെ പ്രതികരണങ്ങള്‍ അല്‍മായരുടെ വൈകാരികതയെ ചൂഷണം ചെയ്യുന്ന രീതിയിലുള്ളതുമാണ്.

ചര്‍ച്ച് ആക്റ്റ് സഭയുടെ പഠനങ്ങളെയോ, ദൈവശാസ്ത്രപരമായ വിഷയങ്ങളെയോ, വിശ്വാസങ്ങളെയോ ബാധിക്കില്ല. അത്തരം ആദ്ധ്യാത്മികത സംബന്ധിച്ചുള്ള വിഷയങ്ങളില്‍ യാതൊരു കാരണവശാലും സര്‍ക്കാരിന് ഇടപെടുവാന്‍ അവകാശമില്ല. ഈ നിയമത്തെ ചുരുക്കമായി അറിയപ്പെടുന്നത് ‘ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിട്യൂഷന്‍ ട്രസ്റ്റ് ആക്ട് 2009’ (The Kerala Christian Church Properties and Institution Trust Act, 2009) എന്നായിരിക്കും. നിയമങ്ങളുടെ അധികാരപരിധി കേരള സംസ്ഥാനം മാത്രമായിരിക്കും. നിയമം കേരളാ അസംബ്‌ളി പാസ്സാക്കിയാല്‍ ആറുമാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കണമെന്നും വ്യവസ്ഥകളിലുണ്ട്.

a1ഇന്ത്യയിലുള്ള മതപരമായ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ മതങ്ങള്‍ക്ക് ഭരിക്കാനുള്ള അവകാശമുണ്ടായിരിക്കുമെന്നു ഇന്ത്യന്‍ ഭരണഘടന ഇരുപത്തിയൊമ്പതാം വകുപ്പ് അനുശാസിക്കുന്നു. എന്നാല്‍ സഭ ഈ നിയമത്തെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കാനും തുടങ്ങി. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ഈ വാചകത്തിന്റെ കൂടെ ‘നിയമം അനുസരിച്ചെന്നും’ പറഞ്ഞിട്ടുണ്ട്. നിയമത്തിന്റെ വസ്തുതകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത് പുരോഹിതരുടെ മാത്രമായ സ്വകാര്യതയായി മാറ്റിയെടുക്കുകയും ചെയ്യും. നിയമങ്ങളെ ദുരുപയോഗം ചെയ്ത് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. 1950ല്‍ ഇന്ത്യാ റിപ്പബ്ലിക്കായതോടു കൂടി ഈ നിയമം പ്രാവര്‍ത്തികമായി.

ഇന്ത്യ റിപ്പബ്ലിക്കായിട്ട് ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നാളിതുവരെ എല്ലാ മതക്കാര്‍ക്കും ഒരുപോലെയുള്ള നീതിപൂര്‍വമായ ഒരു നിയമം നടപ്പാക്കിയിട്ടില്ല. പോര്‍ച്ചുഗീസുകാര്‍ വരുന്നതിനു മുമ്പ് ക്രിസ്ത്യന്‍ പള്ളികളുടെ ഭരണം ഇടവക ജനങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. സഭയുടെ സാമ്പത്തിക സ്രോതസുകളുടെ കണക്കുകള്‍ ഒരിക്കലും സര്‍ക്കാരുകളെ അറിയിച്ചിരുന്നില്ല. പള്ളിയോ മറ്റു സ്ഥാപനങ്ങളോ മറ്റു മതസ്ഥരെപ്പോലെ രജിസ്റ്റര്‍ ചെയ്തിട്ടുമില്ലായിരുന്നു. അതുകൊണ്ടാണ് പള്ളിഭരണത്തെ തീര്‍ത്തും ജനാധിപത്യമാക്കി അല്‍മായനെ പള്ളിയുമായുള്ള സുപ്രധാന തീരുമാനങ്ങളില്‍ പങ്കുകൊള്ളിപ്പിക്കണമെന്ന് ചര്‍ച്ച് ആക്റ്റ് അനുശാസിക്കുന്നത്. പൂര്‍ണ്ണമായും ബൈബിളിന്റെ തത്വ ചിന്തകള്‍ മാനിച്ചുകൊണ്ടുതന്നെയാണ് ചര്‍ച്ച് ആക്റ്റ് തയ്യാറാക്കിയിരിക്കുന്നതും. ചര്‍ച്ച് ആക്ടില്‍, ഇടവക മുതല്‍ കേരളമൊന്നാകെയുള്ള പള്ളികളുടെ സ്വത്തുക്കളും വരുമാനങ്ങളും സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്ന നിബന്ധനയുണ്ടെങ്കിലും ആദ്ധ്യാത്മിക കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

വാസ്തവത്തില്‍, സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി അല്‍മായരെ പള്ളിയുടെ ഭരണകാര്യങ്ങളില്‍ പങ്കു കൊള്ളിപ്പിക്കണമെന്നുള്ള ലക്ഷ്യമാണ് ചര്‍ച്ച് ആക്റ്റിലുള്ളത്. ബിഷപ്പുമാര്‍ ഇടയലേഖനങ്ങളില്‍ക്കൂടി ചര്‍ച്ച് ആക്റ്റിലെ ഉള്ളടക്കങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നതും കാണാം. അതുമൂലം ഭൂരിഭാഗം അല്‍മായരും ആശയക്കുഴപ്പത്തിലുമാണ്. സഭയുടെ ആദ്ധ്യാത്മികമായ കാര്യനിര്‍വഹണങ്ങള്‍ക്കും ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ നിരീക്ഷിക്കുന്നതിനും ധനകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും വസ്തു വകകള്‍ അല്‍മായരുടെ താല്‍പര്യങ്ങളില്‍ സംരക്ഷിക്കുന്നതിനും ചര്‍ച്ച് ആക്റ്റ് നിലകൊള്ളുന്നു. വിവിധ തലങ്ങളിലുള്ള ഭരണ നിര്‍വാഹങ്ങള്‍ക്കുള്ള തെരഞ്ഞെടുപ്പുകള്‍ തികച്ചും ജനാധിപത്യപരമായി നടത്തപ്പെടും. ഇടവകകളിലും രൂപതകളിലും സ്‌റ്റേറ്റ് ലെവലിലും ഏകീകൃത നിയമമുണ്ടാക്കുകയെന്നതും ചര്‍ച്ച് ആക്റ്റിന്റെ ലക്ഷ്യമാണ്.

aവി.ആര്‍. കൃഷ്ണയ്യര്‍ തയ്യാറാക്കിയ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്റ്റിനെ വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിച്ച് തൃശൂര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഒരു ഇടയലേഖനം ഇറക്കിയിരുന്നു. കേള്‍വിക്കാര്‍ക്ക് ആശയക്കുഴപ്പം തോന്നത്തക്ക വിധത്തില്‍ ചര്‍ച്ച് ആക്റ്റിനെ ഇടയലേഖനം വഴി സമര്‍ത്ഥമായ രീതിയില്‍ ബിഷപ്പ് വ്യാഖ്യാനിച്ചിട്ടുണ്ട്. ചര്‍ച്ച് ആക്റ്റ് മൂലം പ്രഥമദൃഷ്ട്യാ ചിന്തിക്കുന്നവര്‍ക്ക് പള്ളിവക സ്വത്തുക്കള്‍ പൂര്‍ണ്ണമായും സര്‍ക്കാരും രാഷ്ട്രീയക്കാരും കൈകാര്യം ചെയ്യുന്നുവെന്ന് ബിഷപ്പിന്റെ ഇടയലേഖനം വായിക്കുന്നവര്‍ക്കു തോന്നിപ്പോവും. ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ലേഖനം മതപരമായ വൈകാരികത സൃഷ്ടിക്കുന്നതാണ്.

ചര്‍ച്ച് ആക്റ്റിനെതിരായി കത്തോലിക്കാ സമുദായം ഒറ്റകെട്ടായി എതിര്‍ക്കാനാണ് ബിഷപ്പ് ആഹ്വാനം ചെയ്തിരിക്കുന്നത്. സഭയുടെ നാളിതുവരെയുള്ള ചരിത്രം പരിശോധിക്കുകയാണെങ്കില്‍, പുരോഗമനപരമായ എന്തെങ്കിലും പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്ന കാലങ്ങളിലെല്ലാം ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ പുരോഹിതര്‍ സഭാമക്കളെ സര്‍ക്കാരിനെതിരെ ലഹളകളുണ്ടാക്കാനായി പ്രേരിപ്പിച്ചിട്ടുള്ളതായും കാണാം. ഇത് തുടങ്ങിയത് സര്‍ സിപിയുടെ വിദ്യാഭ്യാസ പരിഷ്ക്കരണ കാലം മുതലാണ്. പിന്നീട് പനമ്പള്ളിയുടെ വിദ്യാഭ്യാസ പദ്ധതികളെയും വിമോചന സമരത്തിലെ മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിനെയും തൂത്തെറിഞ്ഞുകൊണ്ട് പുരോഹിതര്‍ തങ്ങളുടെ ശക്തി തെളിയിച്ചിരുന്നു. വിശ്വാസികളില്‍ മതാന്ധത നിറഞ്ഞിരിക്കുന്ന കാലത്തോളം ഒരു ശക്തിയ്ക്കും സഭയെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. ചര്‍ച്ച് ആക്റ്റ് ബില്ലിനെതിരെയും പുരോഹിതര്‍ ഇടവകകള്‍ മുതല്‍ രൂപതകള്‍, അതിരൂപതകള്‍ വരെ കുപ്രചരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ചര്‍ച്ച് ആക്റ്റിനെതിരെ ‘ന്യുന പക്ഷാവകാശ ഹനിക്കല്‍’, ‘രാഷ്ട്രീയവല്‍ക്കരണം’ മുതലായ വ്യാജ ജല്പിതങ്ങളും ഇടയലേഖനങ്ങളിലുണ്ട്. “ക്രൈസ്തവരെ തകര്‍ക്കാന്‍ പോകുന്നുവെന്നും, ബില്ലു ഭരണഘടനയ്ക്ക് എതിരാണെന്നും ക്രൈസ്തവ അവകാശത്തിനു മേല്‍ സര്‍ക്കാര്‍ തുരങ്കം വെയ്ക്കുന്നുവെന്നും സഭാ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ പദ്ധതിയിടുന്നുവെന്നും സ്വത്തുക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാക്കുന്നുവെന്നും ഭരണഘടന വാഗ്ദാനം ചെയ്ത ഇരുപത്തിയാറാം വകുപ്പ് പ്രകാരം ചര്‍ച്ച് ആക്റ്റ് ന്യുനപക്ഷങ്ങള്‍ക്ക് എതിരാണെന്നും ന്യൂന പക്ഷങ്ങള്‍ക്ക് തങ്ങളുടെ മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും” പ്രഖ്യാപിച്ചുകൊണ്ടുള്ള ജനരോക്ഷമുയര്‍ത്തുന്ന പ്രസ്താവനകളാണ് ഇടയലേഖനം വഴി പുരോഹിതരും ബിഷപ്പുമാരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

a1 (1)‘വൈദികരും മെത്രാന്മാരും ആത്മീയ ശുശ്രുഷ മാത്രം നടത്തിയാല്‍ മതിയെന്നും അവര്‍ക്കു സഭായോഗത്തില്‍ ആദ്ധ്യക്ഷത വഹിക്കാന്‍ മാത്രമേ അവകാശമുള്ളൂവെന്നും’ ചര്‍ച്ച് ആക്റ്റ് നിര്‍ദേശിക്കുന്നതായി ഇടയലേഖനം ആവലാതിപ്പെടുന്നു. അത്തരം ഒരു നിയമത്തില്‍ നീതിയും സത്യവുമുണ്ടെന്നുള്ള വസ്തുത യുക്തിപൂര്‍വം ചിന്തിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ഭൗതിക കാര്യങ്ങള്‍ തീരുമാനിക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കമ്മീഷനെന്നും ബിഷപ്പിന്റെ ലേഖനം സൂചിപ്പിക്കുന്നു. ‘സര്‍ക്കാരിന്റ അധികാര പരിധിയില്‍ സെമിനാരികള്‍, ഹോസ്പിറ്റലുകള്‍, സ്‌കൂള്‍, കോളേജ്, അനാഥാലയങ്ങള്‍, ധ്യാന കേന്ദ്രങ്ങള്‍, മഠങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അവയുടെ സമ്പത്തു സര്‍ക്കാരിന്റെ അധീനതയിലായിരിക്കുമെന്നുമാണ് ബില്ലിലെ വ്യവസ്ഥയെന്നും’ ബിഷപ്പ് പറഞ്ഞു. ‘ഇടതു ചായ്‌വുള്ളവര്‍ ക്രൈസ്തവര്‍ക്കെതിരെ തിരിയുന്നുവെന്ന’ പ്രചരണങ്ങളും ആരംഭിച്ചിരിക്കുന്നു. ‘ക്രൈസ്തവരെ തകര്‍ക്കുന്ന ഈ ബില്ലിനെ എന്ത് വില കൊടുത്തും ഇല്ലാതാക്കണമെന്നും വിശ്വാസികള്‍ ജാഗരൂകരായിരിക്കണമെന്നും’ ലേഖനത്തിലുണ്ട്.

ബിഷപ്പ് ആന്‍ഡ്രുസ് താഴത്തിന്റെയും മറ്റു ബിഷപ്പുമാരുടെയും അഭിപ്രായപ്രകടനങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ജസ്റ്റിസ് കൃഷ്ണയ്യര്‍ തയ്യാറാക്കിയ ചര്‍ച്ച് ആക്റ്റ് ഭരണഘടനയില്‍ നിന്നും അണുവിട വ്യതിചലിച്ചിട്ടില്ലെന്നുള്ളത് ബില്ലിനെപ്പറ്റി പഠിക്കുന്നവര്‍ക്ക് മനസിലാകും. സഭയിലെ ഒരു മേലാധികാരിയും നിയമത്തിനുമേലെയല്ലെന്നു ചര്‍ച്ച് ആക്റ്റ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ സഭാസ്വത്തുക്കള്‍ നിയമപരമായി ഭരിക്കപ്പെടണമെന്ന വകുപ്പ് ഉള്‍പ്പെടുത്തിയപ്പോള്‍ ആരും അന്ന് എതിര്‍ത്തില്ല. സഭകളുടെ സ്വത്തുക്കള്‍ ഭരിക്കുന്നതിനു ഭരണ ഘടന കല്പിച്ചിരിക്കുന്ന നിയമം വേണമെന്നുള്ള ആവര്‍ത്തനം മാത്രമേ കൃഷ്ണയ്യരുടെ ചര്‍ച്ച് ആക്റ്റിലുള്ളൂ.

ഒരു ക്രിസ്ത്യാനിയെന്നാല്‍ ‘യേശുവില്‍ വിശ്വസിക്കുന്നവരും യേശുവിനെ രക്ഷകനായി സ്വീകരിച്ചവരെന്നും’ ചര്‍ച്ച് ആക്റ്റില്‍ നിര്‍വചനം നല്‍കിയിരിക്കുന്നു. യേശുവില്‍ വിശ്വസിച്ചുകൊണ്ട് യേശുവിനെ ആരാധിക്കുന്ന സമൂഹത്തെ സഭയെന്നു വ്യക്തമാക്കുന്നു. യേശുവില്‍ വിശ്വസിക്കുന്ന സമൂഹങ്ങള്‍ വിവിധ സഭകളില്‍ ഉള്‍പ്പെട്ടവരാകാം. ഓരോ സമൂഹങ്ങള്‍ക്കും പ്രത്യേകമായ ആരാധനാലയങ്ങളും കെട്ടിടങ്ങളും കാണും. ആദ്ധ്യാത്മിക കാര്യങ്ങളില്‍ അതാത് സഭകളുടെ നിയമങ്ങളും വ്യത്യസ്തമായി കാണാം.

a2പ്രാദേശിക തലങ്ങളില്‍ ഒരു ‘ഇടവകയെ’ സഭയുടെ കീഴിലുള്ള അടിസ്ഥാനഘടകമായി കരുതുന്നു. എല്ലാ ഉപവിഭാഗങ്ങളും അടങ്ങിയ ക്രിസ്ത്യന്‍ മതം ഒന്നായി കരുതുന്നുണ്ടെങ്കിലും ഓരോ മത ശാഖകളും വെവ്വേറെയുള്ള ഭരണ സംവിധാനങ്ങളുടെ കീഴിലായിരിക്കും. ഓരോ സഭകള്‍ക്കും വ്യത്യസ്തങ്ങളായ ആദ്ധ്യാത്മിക നേതാക്കളുമുണ്ട്. ക്രിസ്ത്യന്‍ സഭകളെന്നാല്‍! കത്തോലിക്ക, യാക്കോബായ, ഓര്‍ത്തോഡോക്‌സ്, മാര്‍ത്തോമ്മാ, സി.എസ്.ഐ, എന്നിങ്ങനെ മത വിഭാഗങ്ങളുള്‍പ്പെട്ടതാകാം. പള്ളിവക സ്ഥാവര സ്വത്തുക്കളായി കരുതുന്നത് പള്ളിക്കെട്ടിടങ്ങള്‍, ചാപ്പലുകള്‍, പള്ളിയാവശ്യത്തിനുപയോഗിക്കുന്ന കെട്ടിടങ്ങള്‍, മുതലായവകള്‍ ഉള്‍പ്പെടും. ചാപ്പലുകളും, പള്ളിയോടനുബന്ധിച്ചുള്ള സ്ഥലങ്ങളും ശവക്കോട്ടകളും നിയമ പരിധിയിലുണ്ടായിരിക്കും. പള്ളിക്കു വേണ്ടി മറ്റു സ്ഥലങ്ങളിലും വസ്തു വകകള്‍ ഉണ്ടെങ്കില്‍ നിയമം ബാധകമാണ്.

വസ്തുവകകളോ, കെട്ടിടങ്ങളോ ദാനം കിട്ടിയാലും പള്ളിക്കുവേണ്ടി വസ്തു വിറ്റാലും കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കിയാലും, പരിഷ്ക്കരിച്ചാലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അനുവദിക്കുള്ളു. സെമിനാരികള്‍, ഹോസ്പിറ്റല്‍, സ്കൂള്‍, കോളേജുകള്‍, അനാഥാലയങ്ങള്‍, പുരോഹിത ഭവനങ്ങള്‍, ധ്യാന കേന്ദ്രങ്ങള്‍, വ്യാവസായിക കെട്ടിടങ്ങള്‍, കൃഷി സ്ഥലങ്ങള്‍, എസ്‌റ്റേറ്റുകള്‍, ട്രെയിനിങ് കേന്ദ്രങ്ങള്‍, മീഡിയ, പ്രസിദ്ധീകരണ ശാലകള്‍, പുനരധിവാസ സ്ഥലങ്ങള്‍, എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ പുരോഹിതരുടെ മേല്‍ക്കോയ്മയില്‍ നിന്നും വിടുവിക്കും. സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും തികച്ചും ജനാധിപത്യ രീതിയില്‍ അല്മായന്‍റെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

നിയമ വ്യവസ്ഥിതികളുടെ നടത്തിപ്പിനായി കാനോന്‍ നിയമങ്ങളോ മറ്റു സാമൂഹിക നിയമങ്ങളോ, ഭക്തി മാര്‍ഗങ്ങളില്‍ പിന്തുടരുന്ന നിയമങ്ങളോ പ്രാധാന്യം അര്‍ഹിക്കുന്നില്ല. ‘ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്’ എന്ന പേരില്‍ ഓരോ പള്ളിയും രജിസ്റ്റര്‍ ചെയ്തിരിക്കണം. നിയമം പ്രാബല്യത്തിലായി ആറു മാസത്തിനുള്ളില്‍ പ്രത്യേകമായ നിയമങ്ങളും ഓരോ ഇടവകയ്ക്കും രൂപതകള്‍ക്കും എഴുതിയുണ്ടാക്കിയിരിക്കണം. ഇടവക ജനങ്ങള്‍ ഒത്തുചേര്‍ന്നുകൊണ്ടു നിയമങ്ങള്‍ സൃഷ്ടിക്കണം. ഓരോ ദിവസത്തെയും ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് കമ്മിറ്റിയായിരിക്കണം.

അക്രൈസ്തവര്‍, നിരീശ്വര വാദികള്‍, കുറ്റവാളികള്‍, എന്നിവര്‍ക്ക് പള്ളിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ മത്സരിക്കാന്‍ സാധിക്കില്ല. ചാരിറ്റബിള്‍ ട്രസ്റ്റ് പോലുള്ള ഉത്തരവാദിത്വപ്പെട്ട സംഘടനയില്‍ പ്രവര്‍ത്തിക്കാനോ സ്ഥാനമാനങ്ങള്‍ വഹിക്കാനോ പാടില്ല. അതുപോലെ മാനസിക അസുഖമുള്ളവര്‍ക്കും ജന്മനാ ബുദ്ധി മാന്ദ്യം സംഭവിച്ചവര്‍ക്കും സഭയുടെ സ്ഥാനമാനങ്ങള്‍ പാടില്ല. മദ്യം ഉപയോഗിക്കുന്നവരെയും മയക്കു മരുന്നിനടിമപ്പെട്ടവരെയും പള്ളി കമ്മറ്റികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അസന്മാര്‍ഗിക ജീവിതം നയിക്കുന്നവരെയും തെരഞ്ഞെടുക്കാന്‍ പാടില്ല.

ഇടവകയിലുള്ള പതിനെട്ടു വയസു കഴിഞ്ഞ സ്ത്രീ പുരുഷഭേദമെന്യേ ആര്‍ക്കും ട്രസ്റ്റി അസംബ്ലിയില്‍ വോട്ടവകാശം ഉണ്ടായിരിക്കും. ഓരോ ഇടവകയിലും ഒത്തുചേരുന്ന പൊതു സമ്മേളനത്തില്‍, മാനേജിങ് കമ്മറ്റിയേയും, ട്രസ്റ്റിയെയും മൂന്നു ഓഡിറ്റേഴ്‌സിനെയും തെരഞ്ഞെടുക്കണം. ഇടവകയിലെയും രൂപതയിലേയും അംഗ സംഖ്യയനുസരിച്ച് ഓരോ മുന്നൂറു അംഗങ്ങള്‍ക്കും ഒരു അംഗത്തെ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവിലേയ്ക്ക് തിരഞ്ഞെടുക്കാം.

a4സഭയുടെ സ്വത്തുക്കളും വസ്തു വകകളും നിയന്ത്രിക്കാനുള്ള അധികാരം നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനായിരിക്കും. സഭയുടെ വരുമാനം ശേഖരിക്കേണ്ട അവകാശവും ട്രസ്റ്റിനുമാത്രമായിരിക്കും. ഡൊണേഷനും പള്ളിയില്‍ നിന്നുള്ള പിരിവുകളും കടമായി കിട്ടുന്നതും, വസ്തുക്കള്‍ ക്രയവിക്രയത്തില്‍ക്കൂടി നേടുന്നതും വില്‍ക്കുന്നതും ട്രസ്റ്റിന്റെ ഉത്തരവാദിത്വത്തിലായിരിക്കും. പള്ളിയിലേക്ക് വരുന്ന വരുമാനം ശേഖരിക്കുമ്പോഴുള്ള ചെലവുകളുടെ കണക്കുകള്‍ ബോധ്യപ്പെടുത്താനും ട്രസ്റ്റിന് ബാധ്യതയുണ്ട്. ട്രസ്റ്റ് കമ്മറ്റി സഭാവക എല്ലാ അക്കൗണ്ട് ബുക്കുകളും സൂക്ഷിക്കണം. ഓരോ വര്‍ഷവും വാര്‍ഷിക സ്‌റ്റേറ്റുമെന്റും ബാലന്‍ഷീറ്റും തയ്യാറാക്കണം. അക്കൗണ്ട്‌സ് അതാത് സമയങ്ങളില്‍ ഇന്റെര്‍ണല്‍ ഓഡിറ്റേഴ്‌സ് (Internal auditors) ഓഡിറ്റ് ചെയ്തുകൊണ്ടിരിക്കണം. കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടവരെ തെരഞ്ഞെടുക്കേണ്ടത് വര്‍ഷാവസാനത്തില്‍ സമ്മേളിക്കുന്ന പൊതു സമ്മേളനമായിരിക്കും. ഓഡിറ്റ് ചെയ്യുമ്പോള്‍ എന്തെങ്കിലും ക്രമക്കേട് കണ്ടാല്‍ അത് ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച് പരിഹാരം കണ്ടെത്തണം.

ചര്‍ച്ച് ആക്റ്റിന്റെ ഭരണഘടനയനുസരിച്ച് ‘ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെ’ രൂപത, റവന്യു ഡിസ്ട്രിക്റ്റ്, സെന്‍ട്രല്‍ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഈ മൂന്നു തലങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കണം. ഈ കമ്മറ്റിയായിരിക്കും രൂപതകളുടെ സ്വത്തു വകകള്‍ മാനേജ് ചെയ്യേണ്ടത്. അതിനോടനുബന്ധിച്ചുള്ള വരവു ചെലവ് കണക്കുകളും കൃത്യമായി സൂക്ഷിക്കുകയും വേണം. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് രൂപതകളിലും രൂപതകളുടെ ആസ്ഥാനങ്ങളിലും വാര്‍ഷിക സ്‌റ്റേറ്റുമെന്റും തയ്യാറാക്കണം. സഭയിലെ അക്കൗണ്ടുകള്‍ ‘ഇന്റര്‍നല്‍ ഓഡിറ്റ്’ കൂടാതെ സര്‍ക്കാരിന്റെ നിയന്ത്രണമുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകളും ഓഡിറ്റ് ചെയ്യണം. സ്‌റ്റേറ്റ് ലെവല്‍ ‘ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍’ മേജര്‍ ആര്‍ച്ചു ബിഷപ്പ്, ആര്‍ച്ച് ബിഷപ്പ്, ബിഷപ്പ് കൂടാതെ അവരോടൊപ്പം ഓരോ രൂപതയില്‍ നിന്നും പത്തുപേരെ തെരഞ്ഞെടുക്കണം. ‘സ്‌റ്റേറ്റ് ട്രസ്റ്റ് കമ്മിറ്റി’ കുറഞ്ഞ പക്ഷം 101 അംഗങ്ങള്‍ നിറഞ്ഞതായതായിരിക്കും. സംസ്ഥാനത്തിന്റെ മുഴുവന്‍ പള്ളി വക സ്വത്തുക്കളും വരുമാനവും നിയന്ത്രിക്കുന്നത് സ്‌റ്റേറ്റ് കമ്മറ്റിയായിരിക്കും.

a3സഭാവക സ്വത്തുക്കളില്‍ നിയമപരമായി തന്നെ ഓരോ അല്‍മായനും തുല്യാവകാശമാണുള്ളത്. ഈ സ്വത്തുക്കളെല്ലാം പൊതുജനങ്ങളില്‍ നിന്നും തലമുറകളായി സമാഹരിച്ചതാണ്. പുരോഹിതരുടെ കുടുംബങ്ങളില്‍നിന്നും കൊണ്ടുവന്നതല്ല. പൊതു ജനങ്ങളുടെ സ്വത്തായിരിക്കുമ്പോള്‍ തീര്‍ച്ചയായും സര്‍ക്കാരിന് നിയന്ത്രണമുണ്ടായിരിക്കണം. പൊതു സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ കണക്ക് ബോധിപ്പിക്കാനും തയ്യാറാകണം. അങ്ങനെയുള്ള സ്വത്തുക്കള്‍ അത് നല്കിയവര്‍ക്കും നിയമാനുസൃതമായി സര്‍ക്കാരിനും ചോദ്യം ചെയ്യാവുന്നതായിരിക്കണം. ദൗര്‍ഭാഗ്യവശാല്‍ അല്മായര്‍ സ്വരൂപിച്ച സ്വത്തുക്കള്‍ കയ്യടക്കി വെച്ചിരിക്കുന്ന പുരോഹിതരെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലാത്ത സ്ഥിതിവിശേഷമാണ് ഇന്ന് ഭാരതത്തിലുള്ളത്.

ക്രിസ്ത്യാനികളൊഴികെ ഇന്ത്യയിലെ എല്ലാ മതസ്ഥരുടെയും സ്വത്തു കാര്യങ്ങള്‍ വീക്ഷിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ട്. സമുദായ സ്വത്തുക്കളില്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മുസ്ലിമുകളുടെ വക്കഫ് ബോര്‍ഡും ഹിന്ദുക്കളുടെ ദേവസ്വ ബോര്‍ഡും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയിലാണ് ഈ സംഘടനകള്‍ക്ക് അടിസ്ഥാനമിട്ടിരിക്കുന്നതും. എന്നാല്‍ ക്രിസ്ത്യാനികളുടെ സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് മെത്രാന്മാരാണ്. അവരെ ജനങ്ങള്‍ തെരെഞ്ഞെടുക്കുന്നതുമല്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കാത്ത മെത്രാന്മാര്‍ക്ക് പൊതുസ്വത്തായ സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ നിയമപരമായി യാതൊരു അവകാശവുമില്ല.

അഭയാക്കേസ്, ബെനഡിക്റ്റ് കേസ്, മാനന്തവാടി റോബിന്റെ ലൈംഗിക പീഡനക്കേസ് മുതല്‍ കോടിക്കണക്കിനു രൂപയാണ് പുരോഹിത ലോകം പൊതുഖജനാവായ സഭാ സ്വത്തുക്കളില്‍നിന്നും ചെലവഴിച്ചത്. വിദേശ യാത്രകളും ആഡംബര ജീവിതവും മണിമന്ദിരങ്ങള്‍ പണിതും ആര്‍ഭാടമായി ജീവിക്കുന്ന മെത്രാന്മാരുടെ ജീവിതചര്യകളെ ഒരു സര്‍ക്കാരും നാളിതുവരെ ചോദ്യം ചെയ്തിട്ടില്ല. അല്‌മെനികളുടെ വിയര്‍പ്പിന്റെ ഫലം പറ്റുന്ന പുരോഹിത ലോകത്തെ ആര്‍ക്കും ചോദ്യം ചെയ്യാനും സാധിക്കില്ല. സഭയിലെ സാമ്പത്തിക കാര്യങ്ങള്‍ അല്‌മെനിയുടെ ചുമതലകളിലായിരിക്കണമെന്ന ലക്ഷ്യമാണ് ചര്‍ച്ച് ആക്റ്റിലുള്ളത്.

a1 (2)ഒരു വികാരി ഒരു ഇടവകയില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത് എത്ര മനോഹരമായ പള്ളിയാണെങ്കിലും അത് പൊളിച്ചു പണിയാനാരംഭിക്കും. മറ്റൊരു വികാരി വരുമ്പോള്‍ പുരോഹിതര്‍ താമസിക്കുന്ന കെട്ടിടം പൊളിച്ചു ആര്‍ഭാടമാക്കാന്‍ നോക്കും. പിന്നെ സ്കൂളുകള്‍, അനാഥാലയങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, എന്നിങ്ങനെ സര്‍വ്വതും പുരോഹിത നേതൃത്വത്തില്‍ തന്നെ. നല്ല പുരോഹിതരുമുണ്ട്. എന്നാല്‍ പണം കൈകാര്യം ചെയ്യുന്ന പഠിച്ച കള്ളന്മാര്‍ നിഷ്കളങ്കരായ പുരോഹിതരുടെ വായ് അടപ്പിക്കുകയും ചെയ്യും. പള്ളിക്കെട്ടിടങ്ങള്‍ പണിയുമ്പോള്‍ വെട്ടുമേനിയെന്ന വലിയൊരു തുക വികാരി കൈക്കലാക്കുകയും ചെയ്യും. പള്ളിയുടെ പഴയ ഉരുപ്പടികള്‍ മേടിക്കാനും വികാരിയുടെ ശിങ്കിടികള്‍ ചുറ്റും തന്നെ കാണും. നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ ആരെയും ഇവര്‍ക്ക് കണക്കു ബോധിപ്പിക്കേണ്ടതുമില്ല.

ഒരു മെത്രാന്റെ അധീനതയിലുള്ള പള്ളിയുടെ വരുമാനമോ, ചെലവുകളോ സംബന്ധിച്ച കണക്കുകള്‍ അല്മായരെ കേള്‍പ്പിക്കേണ്ട ആവശ്യമില്ല. അതേ സമയം ഇന്ത്യന്‍ പൗരാവകാശമനുസരിച്ച് അല്മായനു ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ മാത്രമേ ചര്‍ച്ച് ആക്റ്റുകൊണ്ടു നിര്‍ദ്ദേശിക്കുന്നുള്ളൂ. വമ്പിച്ച സഭാസ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്ന പുരോഹിതരുടെ ആര്‍ഭാട ജീവിതത്തിനും വിദേശ യാത്രകള്‍ക്കും നാളിതുവരെ ഒരു കണക്കുമില്ല. പണത്തിന്റെ വരവു ചെലവുകളും സ്വത്തു വിവരങ്ങളും കണക്കില്‍പ്പെടുത്തണമെന്ന ആവശ്യകതയാണ് ചര്‍ച്ച് ആക്റ്റിലുള്ളത്. പൊതുപണം കൈകാര്യം ചെയ്യാന്‍ തീരുമാനിക്കേണ്ടത് ആ പണം നല്‍കിയ ജനങ്ങളാണ്. റോമില്‍ നിന്ന് നിയമിച്ച മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും അല്മായരുടെ ധനം കൈകാര്യം ചെയ്യാന്‍ യാതൊരു അവകാശവുമില്ല.

അമേരിക്കന്‍ ഭരണഘടന ശില്പിയായ ജെഫേഴ്‌സണ്‍ പറഞ്ഞിരിക്കുന്നത് ‘എവിടെ നിയമം അരാജകത്തിലാകുമോ അവിടെ സ്വേച്ഛാധിപത്യം ആരംഭിക്കുന്നുവെന്നാണ്.’ സഭയുടെ സ്വത്തുക്കള്‍ സ്വന്തം സ്വാധീനത്തില്‍ കൈയടക്കിക്കൊണ്ടു പൗരാഹിത്യ ലോകം തോന്നുന്ന പോലെ സ്വത്തുക്കള്‍ ദുര്‍വിനിയോഗം ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഇന്ത്യന്‍ ഭരണഘടനയെക്കാളും പുരോഹിത ലോകത്തിനു പ്രാധാന്യം റോമിലെ കാനോന്‍ നിയമങ്ങളാണ്. ഇന്ത്യയുടെ വായു ശ്വസിച്ചും വെള്ളം കുടിച്ചും ജീവിക്കുന്ന പുരോഹിത ലോകം കാനോന്‍ നിയമം പൊക്കിപിടിക്കുന്നു. ഇത് തികച്ചും രാജ്യദ്രോഹപരമായ ചിന്താഗതിയാണ്. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന നിയമങ്ങളായ ‘ചര്‍ച്ച് ആക്റ്റ്’ നടപ്പാക്കാതെയിരിക്കാന്‍ തൃശൂര്‍, ഇരിഞ്ഞാലക്കുട ബിഷപ്പുമാരെപ്പോലുള്ളവര്‍ അണികളെ സമരത്തിനായി രംഗത്തിറക്കാന്‍ പടയൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. അനധികൃതമായി മെത്രാന്മാര്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്ന സ്വത്തുക്കള്‍ സ്വന്തം നിയന്ത്രണത്തില്‍ നിന്നും കൈവിട്ടു പോവുമെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment