Flash News

പത്തു വര്‍ഷത്തെ തടവും ബണ്ടിചോറിന് പുല്ലുവില

May 22, 2017

Bunty Chorതിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ദേവേന്ദ്ര സിംഗ് എന്ന ബണ്ടിചോറിന് 10 വര്‍ഷം തടവ് ശിക്ഷയും 20,000 രൂപ പിഴയും. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്. വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് ആഡംബര കാറും ലാപ്പ്‌ടോപ്പും വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച കേസിലാണു ശിക്ഷ.

സ്ഥിരം കുറ്റവാളിയാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണു തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ക്യഷ്ണകുമാര്‍ ശിക്ഷ വിധിച്ചത്. ബണ്ടിചോര്‍ സ്ഥിരം കുറ്റവാളിയാണെന്നും പ്രതിക്കു ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിവിധ കേസുകളില്‍ ബണ്ടിചോര്‍ ശിക്ഷിക്കപ്പെട്ടതിന്റെ വിവരങ്ങള്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പള്ളിച്ചല്‍ പ്രദീപ് ഹാജരാക്കി.

പത്തുവര്‍ഷം തടവ് ലഭിച്ചിട്ടും ബണ്ടിച്ചോറിന് കുലുക്കമില്ല. ഹിന്ദി സംസാരിക്കുന്ന ബണ്ടിയെ കോടതിനിര്‍ദേശപ്രകാരം എത്തിയ ദ്വിഭാഷി പുതിയ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോഴും ശിക്ഷയെക്കുറിച്ച് അറിയിച്ചപ്പോഴും ഒരു കൂസലുമില്ലാതെ നില്‍ക്കുകയായിരുന്നു. ബണ്ടിയെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ച് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി പരിഗണിച്ചില്ല. കൊടുംകുറ്റവാളികള്‍ക്കുപോലും ഇന്ത്യയിലെ ഏതു കോടതിയും ഒരവസരം നല്‍കുമെന്നും ഇത് തന്‍െറ പ്രതിക്കും നല്‍കണമെന്നും, ബണ്ടി ചോര്‍ മാനസാന്തരത്തിന്റെ പാതയിലാണെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷ വിധിയ്ക്കണമെന്നും പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ആളൂര്‍ വാദിച്ചു.

1993ലാണ് ബണ്ടി ചോറിനെ ആദ്യമായി മോഷണക്കേസില്‍ പിടികൂടുന്നത്. 13 വര്‍ഷത്തെ ജയില്‍വാസമാണ് അന്ന് ലഭിച്ച ശിക്ഷ. 2008ല്‍ പുറത്തിറങ്ങിയ ബണ്ടി പിന്നെ ഡല്‍ഹിയില്‍ ഡിറ്റക്റ്റീവ് ഏജന്‍സിയില്‍ ജോലി ചെയ്തു. ടി.വി അവതാരകനായും വിലസി. ബണ്ടിയുടെ ജീവിതം ആസ്പദമാക്കി ബോളിവുഡില്‍ സിനിമയും ഇറങ്ങി. ഇതിനിടെയാണ് ബണ്ടി കേരളത്തിലെത്തിയത്. നന്തന്‍കോട് സ്വദേശി വിമല്‍കുമാറിന്‍െറ കാര്‍ മോഷ്ടിച്ചതിന് ഇയാളെ കോടതി വെറുതെ വിട്ടിരുന്നു. വിദേശമലയാളി വേണുഗോപലാന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നതിനാല്‍ ശിക്ഷ ഉയര്‍ത്താനുള്ള പുതിയ വകുപ്പ് ഉള്‍പ്പെടുത്തിയാണ് പുതിയ കുറ്റപത്രം തയാറാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top