Flash News

ബി‌എസ്‌എന്‍‌എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍ രണ്ടു വര്‍ഷത്തിനകം

May 28, 2017

satphone-shutterstock-imageന്യൂഡല്‍ഹി: സാധാരണക്കാര്‍ക്കും സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. അടുത്ത രണ്ട് വര്‍ഷത്തിനകം രാജ്യവ്യാപകമായി സാറ്റലൈറ്റ് ഫോണ്‍ സര്‍വീസ് ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചു. സാറ്റലൈറ്റ് ഫോണുകളുടെ സേവനം ആരംഭിക്കുന്നതിനായി ഞങ്ങള്‍ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത 18-24 മാസങ്ങള്‍ക്കുള്ളില്‍ സാറ്റലൈറ്റ് ഫോണ്‍ സര്‍വ്വീസ് ആരംഭിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് -അനുപം നിഗം പറയുന്നു.

ഏത് അവസ്ഥയിലും പ്രവര്‍ത്തിക്കും എന്നതാണ് സാറ്റലൈറ്റ് ഫോണുകളുടെ മേന്മ. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള സിഗ്‌നല്‍ 25-30 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് ലഭ്യമാക്കുക. എന്നാല്‍ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് സിഗ്‌നലുകള്‍ സ്വീകരിക്കുന്നതിനാല്‍ സാറ്റലൈറ്റ് ഫോണുകള്‍ക്ക് ഇത്തരമൊരു പരിമിതിയില്ല. ഒരു സാറ്റലൈറ്റില്‍ നിന്ന് തന്നെ 35,700 കി.മീ വിസ്തൃതിയില്‍ സിഗ്‌നലുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കും.

പറക്കുന്ന വിമാനത്തില്‍ നിന്നോ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലില്‍ നിന്നോ ഉള്‍ക്കാട്ടില്‍ നിന്നോ അങ്ങനെ ഏത് വിദൂരമേഖലയില്‍ നിന്നും സാറ്റലൈറ്റ് ഫോണിലൂടെ കോള്‍ ചെയ്യാന്‍ സാധിക്കും. 14 ഉപഗ്രഹങ്ങള്‍ സ്വന്തമായുള്ള ഇന്‍മര്‍സാറ്റ് എന്ന ആഗോള നെറ്റ് വര്‍ക്ക് കമ്പനിയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ ഇന്ത്യയില്‍ സാറ്റലൈറ്റ് ഫോണ്‍ സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ സൈന്യം, പോലീസ്, ദുരന്തനിവാരണസേന, റെയില്‍വേ, മറ്റു പ്രധാന സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ക്കായിരിക്കും സാറ്റലൈറ്റ് ഫോണുകള്‍ ലഭിക്കുക. അതിന് ശേഷമായിരിക്കും പൊതുജനങ്ങള്‍ക്കായി സാറ്റലൈറ്റ് ഫോണുകള്‍ ബിഎസ്എല്‍എല്‍ പുറത്തിറക്കുക.

fb_1495624320_800x420നിലവില്‍ 40,000 രൂപ വരെയാണ് സാറ്റലൈറ്റ് ഫോണുകളുടെ വില. ഇന്ത്യയില്‍ ഇവയുടെ നിര്‍മാണം നടക്കുന്നുമില്ല. എന്നാല്‍ പൊതുജനങ്ങള്‍ക്കായി സാറ്റലൈറ്റ് ഫോണ്‍ സേവനം ലഭ്യമാക്കുന്നതോടെ വിദേശകമ്പനികള്‍ ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ തുറക്കുമെന്നും അതോടെ സാറ്റലൈറ്റ് ഫോണുകളുടെ വില കുറയുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

സര്‍ക്കാര്‍ സ്ഥാപനമായ വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡില്‍ (വിഎസ്എന്‍എല്‍) നിന്ന് ലൈസന്‍സ് സ്വന്തമാക്കിയ ടാറ്റ കമ്മ്യൂണിക്കേഷന്‍സാണ് നിലവില്‍ രാജ്യത്ത് സാറ്റലൈറ്റ് ഫോണ്‍ സര്‍വീസ് നല്‍കുന്നത്. വിഎസ്എന്‍എല്ലുമായുള്ള കരാര്‍ പ്രകാരം 2017 ജൂണ്‍ 30 വരെയാണ് ടാറ്റ കമ്മ്യൂണിക്കേഷന്റെ സര്‍വീസ് കാലാവധി. ഇതിനുശേഷം സാറ്റലൈറ്റ് ഫോണ്‍ സര്‍വീസിന്റെ നടത്തിപ്പ് ബിഎസ്എന്‍എല്‍ ഏറ്റെടുക്കും.

ഔദ്യോഗിക കണക്ക് പ്രകാരം 1532 സാറ്റലൈറ്റ് ഫോണ്‍ കണക്ഷനുകളാണ് രാജ്യത്തുള്ളത്. ഇവയില്‍ ഭൂരിപക്ഷവും സൈന്യമാണ് ഉപയോഗിക്കുന്നത്. കപ്പല്‍ യാത്രകള്‍ക്കായി 4143 കണക്ഷനുകള്‍ ടാറ്റ ടെലിസര്‍വീസസും നല്‍കിയിട്ടുണ്ട്. നിലവില്‍ 30-35 രൂപയാണ് ഒരു സാറ്റലൈറ്റ് കോളിന് ഈടാക്കുന്നതെങ്കിലും വ്യാപകതോതില്‍ സര്‍വ്വീസ് ആരംഭിക്കുന്നതോടെ കോള്‍ ചാര്‍ജ്ജുകള്‍ ഒരു രൂപയായി കുറയുമെന്നാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്.

അതേസമയം സാറ്റലൈറ്റ് ഫോണുകളിലൂടെയുള്ള സംഭാഷണം വിദേശ ഏജന്‍സികള്‍ ചോര്‍ത്താന്‍ സാധ്യതയേറെയാണെന്ന് ട്രായ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സാറ്റലൈറ്റ് ഫോണുകളുടെ ഗേറ്റ് വേ സംവിധാനം വിദേശത്താണെന്നതാണ് ഇതിന് കാരണം. ഈ കാരണത്താല്‍ തന്നെ വിദേശ ഓപ്പറേറ്റര്‍മാരുടെ കണക്ഷന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കാറില്ല. പുതുതലമുറ ഫോണുകളില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന രീതിയില്‍ ഇന്ത്യയില്‍ തന്നെ സാറ്റലൈറ്റ് ഫോണുകള്‍ക്കായി ഒരു ഗേറ്റ് വേ സ്ഥാപിക്കണമെന്ന് സുരക്ഷാസേനകള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്.

ബിഎസ്എന്‍എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍ സര്‍വീസിനായി ഇന്ത്യയില്‍ തന്നെ ഗേറ്റ് വേ സ്ഥാപിക്കുമെന്നാണ് അനുപം ശ്രീവാസ്തവ പറയുന്നത്. ഇന്‍മര്‍സാറ്റുമായി സഹകരിച്ച് ഇന്ത്യയില്‍ തന്നെ ഗേറ്റ് വേ സ്ഥാപിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇതോടെ സൈന്യത്തിന് ഇക്കാര്യത്തിലുള്ള സുരക്ഷാഭീഷണി അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top