Flash News

ബന്ധു നിയമനത്തില്‍ ഇ.പി. ജയരാജന്‍ നേട്ടമുണ്ടാക്കിയിട്ടില്ലെന്ന്​ വിജിലന്‍സ്​

May 29, 2017

epകൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇ.പി. ജയരാജനടക്കം പ്രതികള്‍ സാമ്പത്തികമായോ അല്ലാതെയോ നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വിജിലന്‍സ് ഹൈകോടതിയില്‍. അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസ് ഇവര്‍ക്കെതിരെ നിലനില്‍ക്കില്ല. ബന്ധുവിന് വേണ്ടി നിയമന ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അദ്ദേഹം ചുമതല ഏറ്റെടുത്തില്ലെന്നും നിയമനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് വിജിലന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നത്.തനിക്കെതിരെയുള്ള വിജിലൻസ് കേസ് റദ്ദാക്കാൻ ഇ.പി. ജയരാജൻ നൽകിയ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനാണ് വിശദീകരണ പത്രിക നൽകിയത്. ഹർജി നാളെ സിംഗിൾ ബെഞ്ച് പരിഗണിക്കും.

ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ സുധീർ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചത്. വിവാദമായതോടെ നിയമനം സർക്കാർ റദ്ദാക്കിയെങ്കിലും ജയരാജനും സുധീർ നമ്പ്യാർക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു.

നിയമനം റദ്ദാക്കിയ സാഹചര്യത്തിൽ ജയരാജനടക്കമുള്ളവർ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നും എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്നു വിശദീകരിക്കണമെന്നും ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോടു കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേസ് നിലനിൽക്കില്ലെന്ന വിശദീകരണം വിജിലൻസ് നൽകിയത്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ആറുമാസം തടവോ പിഴയോ ശിക്ഷ കിട്ടാവുന്ന ഗൂഢാലോചനക്കുറ്റവും ചുമത്തി ജയരാജനെതിരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്തിരുന്നു. എന്നാൽ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജൻ നൽകിയ ഹർജിയിൽ എഫ്.ഐ.ആർ ഹൈക്കോടതി സ്‌റ്റേ ചെയ്തു. വ്യവസായ പുനഃസംഘടനാ ബോർഡ് (റിയാബ്) അഭിമുഖം നടത്തി തയ്യാറാക്കിയ 42 പേരുടെ പാനൽ വകവയ്ക്കാതെ അയോഗ്യരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്.

വ്യവസായവകുപ്പ് അഡി. ചീഫ് സെക്രട്ടറി പോൾ ആന്റണി ചെയർമാനായ ഇന്റർവ്യൂ ബോർഡാണ് 42 പേരുടെ അന്തിമപട്ടിക തയ്യാറാക്കിയത്. ഓരോരുത്തരുടെയും പ്രവർത്തനപരിചയം കണക്കിലെടുത്ത് 17 സ്ഥാപനങ്ങളിലേക്ക് രണ്ടു മുതൽ അഞ്ചുവരെയാളുകളുടെ പാനൽ നൽകി. ഈ പാനൽ മറികടന്ന് പത്തിടത്ത് മുൻ വ്യവസായ മന്ത്രി സ്വന്തം നിലയിൽ നിയമനങ്ങൾ നടത്തിയതായാണ് വിജിലൻസ് കണ്ടെത്തൽ.

ജയരാജന്റെ ഭാര്യാ സഹോദരിയും കണ്ണൂർ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ നിയമിച്ച കെ.എസ്.ഐ.ഇയിൽ ട്രാവൻകൂർ ടൈറ്റാനിയം എം.ഡിയായിരുന്ന ബി. ജ്യോതികുമാർ, മനേഷ് പ്രതാപ്‌ സിംഗ് എന്നിവരിലൊരാളെ എം.ഡിയാക്കാനാണ് റിയാബ് ശുപാർശ ചെയ്തത്. എന്നാൽ ജയരാജന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, നിയമനത്തിന് അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്യാത്ത സുധീർ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയാക്കി അഡി. ചീഫ് സെക്രട്ടറി പോൾ ആന്റണി ഉത്തരവിറക്കുകയായിരുന്നു. വിവാദമായപ്പോൾ നിയമനം റദ്ദാക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top