കേന്ദ്രത്തിന്റെ ‘കന്നുകാലി’ വിജ്ഞാപനത്തിന് തിരിച്ചടി; ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു; നാല് ആഴ്ചകള്‍ക്കകം വിശദീകരണം നല്‍കാന്‍ കേന്ദ്രത്തിന് നോട്ടീസ്

madrasകശാപ്പിനായി അറവുമാടുകളെ കന്നുകാലി ചന്തകളില്‍ വില്‍ക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന് തമിഴ്‌നാട്ടില്‍ സ്റ്റേ. ഭക്ഷണം മനുഷ്യന്റെ പ്രാഥമികാവകാശമെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് മദ്രാസ് ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ കേന്ദ്രത്തിന്റെ വിജ്ഞാപനം സ്റ്റേ ചെയ്തിരിക്കുന്നത്.

എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാന്‍ മനുഷ്യനുള്ള പ്രാഥമിക അവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് എന്ത് അവകാശമെന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ നാല് ആഴ്ചയ്ക്കകം കേന്ദ്രം വിശദീകരണം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ കേരളാ ഹൈക്കോടതി കഴിഞ്ഞദിവസം കേന്ദ്രത്തോടു വിശദീകരണം തേടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി. സജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനപരിധിയില്‍ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് അംഗീകരിക്കാനാവില്ല. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് എന്ന കാര്യവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേന്ദ്രത്തിന്റെ വിജ്ഞാപനത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ബിജെപി ഒഴിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായാണ് വിജ്ഞാപനത്തിനെതിരേ പ്രതിഷേധിച്ചത്. വിജ്ഞാപനം മറികടക്കാന്‍ നിയമനിര്‍മ്മാണം അടക്കമുള്ളവ പരിഗണിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment