Flash News

വേരുകളിലേക്ക് വളരുന്ന ഒറ്റയടിപ്പാതകള്‍ (കഥ): മിന്‍ഹാസ് പെരുമ്പടപ്പ്‌

May 30, 2017

ottayadi sizeഓര്‍മ്മയിലൊരു പാടവരമ്പുണ്ട്….
കാറ്റിലിപ്പൊഴുമൊരു കൊലുസ്സിന്റെ ചിരിയുണ്ട്……
ഉള്ളംകയ്യില്‍ പൊടിയുന്ന വിയര്‍പ്പിനിന്നും
ചങ്കുരുട്ടിപ്പഴങ്ങളുടെ ഗന്ധമുണ്ട്…..

ചരല്‍ വഴിയവസാനിക്കുന്നിടത്ത് നിന്നും കൈതക്കൂട്ടങ്ങള്‍ അതിര് കാക്കുന്ന കുണ്ടനിടവഴി തുടങ്ങുന്നു..
ഇടവഴിക്ക് ഇരുവശവും ഉയരത്തില്‍ കവുങ്ങിന്‍ തോപ്പുകളായതിനാല്‍ സന്ധ്യയാകുമ്പൊഴേക്കും ഇടവഴിയില്‍ ഇരുട്ട് നിഴല്‍ വീഴ്ത്തിത്തുടങ്ങും.. ഇടവഴിക്ക് ശേഷമുള്ള പാടവും കഴിഞ്ഞു പോകണം വീടെത്താനെന്നതിനാല്‍ അവള്‍ തിരക്കിട്ട് നടന്നു…

അകലെ എവിടെയോ ഒരു തേക്ക് കൊട്ടയുടെ ഞരക്കം കേള്‍ക്കാം..

പട്ടണത്തിലെ കോളേജ് പഠനത്തിനിടയില്‍ കിട്ടിയ ചെറു അവധിക്കു തറവാട്ടിലേക്ക് വരികയാണ് ശുഭ, അങ്ങാടിയില്‍ ബസ്സെത്തുമ്പോഴേക്കും സന്ധ്യയാകുമെന്നതിനാല്‍ ഹൈവേവരെ പോയി ശുഭയെ കൂട്ടിവരണമെന്ന് ഓപ്പയാണ് അവനെ പറഞ്ഞു ശട്ടം കെട്ടിയത്.

ഇടവഴിയവസാനിക്കുന്നിടത്തുള്ള ചെറിയ കൈത്തോടിനു കുറുകേയിട്ട തെങ്ങു പാലത്തില്‍ അക്ഷമയോടെ അവന്‍ അവളെ കാത്തുനിന്നു.

പാലവും കടന്നവര്‍ പാടവരമ്പിലെക്കിറങ്ങി.. ഇരുവശവും നോക്കെത്താ ദൂരംവരെ പാടം നിവര്‍ന്നു കിടക്കുന്നു…
കിഴക്കന്‍ കാറ്റിനെപ്പൊഴുമൊരു നെല്‍ക്കറ്റയുടെ മണമാണ്..

ശാന്തേടത്തിയുടെ പച്ചക്കറികൃഷിക്കരികിലൂടെ നടക്കുമ്പോള്‍ മുള്‍വേലിക്കിടയിലൂടെ ശുഭ പറമ്പിലേക്ക് പാളിനോക്കി, വിളവെടുക്കാറായില്ലെന്നു തോന്നുന്നു.. ധാവണിയില്‍ കയറിപ്പിടിച്ച തൊട്ടാവാടികളുടെ കൈവിടുവിപ്പിച്ച്‌ അവള്‍ അവനിലേക്ക് നടന്നു.. തോട്ടത്തിനപ്പുറമുള്ള അതിരുകളില്‍ ഇനി നിറയെ ചങ്കുരുട്ടിപ്പഴങ്ങളുണ്ടെന്നു ശുഭ കൊതിയോടെ ഓര്‍ത്തു.

അവിടെ നിന്ന് നോക്കിയാല്‍ ദൂരെ വീടിന്റെ നിഴല്‍ കാണാം. പാടത്തേക്കിറക്കി കെട്ടിയ കൊയ്ത്തു പുരയും, വാഴത്തോപ്പും കഴിഞ്ഞ് വലത്തോട്ടുള്ള ചവിട്ടടി തറവാട്ടിലേക്കുള്ളതാണ്…

നേര്‍ത്ത മധുരവും പുളിയുമുള്ള ചങ്കുരുട്ടിപ്പഴങ്ങള്‍ ശുഭക്ക് വലിയ ഇഷ്ടമാണെന്നു അവനറിയാം . കൈനിറയെ വെളുത്തപഴങ്ങളിറുത്ത് അവന്‍ അവള്‍ക്കുനേരെ നീട്ടി.. അവന്റെ കണ്ണുകളില്‍ അപ്പോള്‍ നിറയെ ചങ്കുരുട്ടിപ്പഴങ്ങള്‍ പൂത്തപോലെ ശുഭയ്ക്കു തോന്നി.. ആ തിളങ്ങുന്ന കണ്ണുകളിലേക്കു കുസൃതിയോടെ നോക്കിക്കൊണ്ടവള്‍ അവന്റെ നെറ്റിയിലേക്ക് മുഖം ചേര്‍ത്തു,

കണ്ണുകളിലൊരു കടല്‍ ജനിച്ചു,ഒറ്റത്തുള്ളി കൊണ്ടവളുടെ നുണക്കുഴി നിറഞ്ഞു..

അവന്റെ കൈപിടിച്ച് പഴങ്ങള്‍ വായിലേക്ക് വയ്ക്കവേ ആ കൈവെള്ളയിലവള്‍ അമര്‍ത്തി ചുംബിച്ചു, പിന്നെ ചിതറിച്ചിരിച്ചു കൊണ്ട് ഓടിയകന്നു. കൊലുസ്സിന്റെചിരി പാടത്തും വരമ്പത്തും വീണുടഞ്ഞു..

ചുവന്ന ധാവണിത്തുമ്പ്‌ വാഴത്തോട്ടത്തില്‍ മറയുന്നത് നോക്കി അവനാ വരമ്പത്ത് പൂത്തുലഞ്ഞു…
ചങ്കുരുട്ടിക്കാട്ടുകള്‍ അത് കണ്ട് നാണം കൊണ്ട് ചുകന്നു .. ഒരു തെമ്മാടിക്കാറ്റ് കണ്ട് മതിവരാഞിട്ടാകണം അവന്നെ തന്നെ ചുറ്റിപ്പറ്റി നിന്നു..

സാറെ പറഞ്ഞ സ്ഥലമെത്താറായി കേട്ടോ…

കണ്ടക്ടറുടെ ശബ്ദം കേട്ട് ഓര്‍മകളുടെ പാടവരമ്പില്‍ ഒരുവേള അയാള്‍ അമ്പരന്നു നിന്നു, പിന്നെ നിനച്ചിരിക്കാതെയെത്തുന്ന മഴയോട് കെറുവിച്ച് കശുമാവിന്‍ ചോട്ടിലെക്കോടുന്ന സ്കൂള്‍ കാലത്തേപോലെ മനസ്സിനെ തിരിച്ച് ബസ്സിലേക്കോടിച്ചു കയറ്റി…

പുറകിലേക്കോടി മറയുന്ന ജാലകക്കാഴ്ച്ചകളിലേക്ക് കണ്ണയച്ച് നിവര്‍ന്നിരുന്നു… തോള്‍സഞ്ചി നേരെയാക്കി ഇറങ്ങാന്‍ തയ്യാറെടുത്തു..

യാത്രകളുടെ നിഗൂഢമായ ലഹരികൾക്കിടയില്‍ അവിചാരിതമായാണ് ഈ യാത്രയുണ്ടാകുന്നത്.. ദേശാടനത്തിന്റെ ഏതോ തെരുവുകളില്‍ ഒന്നില്‍വച്ച് അമ്പലവാസിയായ ഒരു കാറ്റാണ് വേരുകളിലേക്ക് ഒരു മടക്കയാത്രയെ കുറിച്ച് ആദ്യമായി അടക്കം പറഞ്ഞത്.

കല്ലുപോലുറഞ്ഞുപോയ ഓര്‍മ്മ ചിത്രങ്ങളില്‍ നിന്ന് വയല്‍ മണമുയര്‍ത്തിയ പ്രലോഭനം ഉത്തരദേശത്ത് നിന്നും പുറപ്പെടുന്ന ദീര്‍ഘദൂരവണ്ടിയുടെ തിരക്കുള്ള ഒരു കമ്പാര്‍ട്ട്മെന്റില്‍ അയാളെ എത്തിക്കുകയായിരുന്നു.

യാത്ര ചോദിക്കാതെ പുറപ്പെടുകയും ലക്ഷ്യത്തില്‍ കാത്തിരിക്കാന്‍ ആരുമില്ലായ്മയുടെ സുഖം ആസ്വദിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളായിരുന്നു നാളിതുവരെയുള്ള യാത്രകള്‍, പക്ഷെ ഇപ്പോള്‍ നാടെത്തും തോറും സ്വയമലിയുന്നപോലെ ആര്‍ദ്രമാകുന്നു..

ദേശീയപാതയ്ക്ക് ഓരം ചേര്‍ന്നുള്ള പീടിക മുറികള്‍ക്ക് മുന്നിലെ സ്റ്റോപ്പില്‍ ബസ്സ് നിന്നു, തെല്ലൊരാശങ്കയോടെ അപരിചിതമായ ഒരു കാലത്തിലേക്കെന്ന പോലെ അവന്‍ ബസ്സിറങ്ങി.. പത്തു വര്‍ഷം അത്ര ചെറിയ കാലയളവല്ല, സ്ഥലത്തിന്റെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു!! ഉയരമുള്ള കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ എല്ലാം ചേര്‍ന്ന ഒരു കൊച്ചു ടൗണ്‍. വാഹന ഇരമ്പങ്ങളെ മുറിച്ചു കടന്ന്‌ അപ്പുറത്തെത്തി. ഓട്ടോ വിളിച്ചാല്‍ കഷ്ടി ഇരുപതു മിനുടിന്റെ ദൂരമേയുള്ളൂ, പക്ഷെ നടക്കണം.. ഈ പാടമൊന്നു മുറിച്ചു കടക്കാന്‍..ചങ്കുരുട്ടി കാടുകളിലൊ കശുമാവിന്‍ ചോട്ടിലോ മറന്നു വച്ച ഓർമ്മകള്‍ തിരയാന്‍ വേണ്ടിയല്ലേ തിരിച്ചുവന്നത്..

“നാം നമ്മളെ തന്നെ ചിലയിടങ്ങളില്‍ മറന്നു വയ്ക്കുന്നതിനെയാണല്ലോ നമ്മള്‍ ഓർമ്മകള്‍ എന്ന് പേര് വിളിക്കുന്നത്….”

നിരത്തിയിട്ട ഓട്ടോകളെ മറികടന്ന് ഹനുമാന്‍ കോവിലിനു മുന്‍പിലെ നടപ്പാതയിലൂടെ പിന്നിലേക്ക്‌ നടന്നു. കോവിലാകെ മാറിയിരിക്കുന്നു. വലിയ കമാനവും മോടിപിടിപ്പിച്ച അമ്പലവും- ദൈവങ്ങളും പുരോഗമിച്ചിട്ടുണ്ടെന്നു ഒരു ചിരി വിടര്‍ന്നു.

അമ്പലമതില്‍ കഴിഞ്ഞാല്‍ ഇടത്തോട്ടേക്ക് ചരിഞ്ഞിറങ്ങിയിരുന്ന പഴയ ചരല്‍പ്പാത വീതികൂട്ടി ടാര്‍ ചെയ്തിരിക്കുന്നു. വെയിൽച്ചീളുകള്‍ നെറുകയെ പൊള്ളിച്ചു തുടങ്ങിയിരിക്കുന്നു.. ഇടവമാസ പെയ്ത്തിന്റെ ആര്‍ദ്രത എങ്ങും കാണ്മാനില്ല, വരണ്ടുണങ്ങിയ ഭൂമി, മഴമേഘങ്ങളൊഴിഞ്ഞ വിളറിയ ആകാശം..ഞാറ്റുവേലകളെ ആരാണ് കൊള്ളയടിച്ച് കൊണ്ടുപോയത് ..!?

ടാര്‍ റോഡിന്റെ തീ നാവുകള്‍ അലച്ചിലില്‍ വിണ്ട കാല്‍പാദങ്ങളെ പോള്ളിച്ചപ്പോഴും, ആ പഴയ നാട്ടുവഴിക്കപ്പുറത്ത് തന്നെ കാത്തു നില്‍ക്കുന്ന ചങ്കുരുട്ടി പഴങ്ങളുടെ ഓര്‍മകളിലേക്ക് അയാള്‍ ആവേശത്തോടെ നടന്നു..

കൈതപൂക്കളും പാടവും കാണാനില്ലാതെ പൊടുന്നനെയാ വഴിയവസാനിക്കുന്നു..!!

ഗ്രീന്‍വാലി ഹൗസിംഗ് പ്രൊജക്റ്റ്‌ എന്ന വലിയ ബോര്‍ഡിനു മുന്‍പില്‍ അയാള്‍ ഒന്ന് പകച്ചു നിന്നു. കപ്പടാ മീശക്കാരനായ സെക്യൂരിറ്റി അയാളുടെ ജുബ്ബയും സഞ്ചിയും കണ്ടു സംശയത്തോടെ നെറ്റിചുളിച്ചു. ചോദിക്കാനാഞ്ഞ അനേകം ചോദ്യങ്ങള്‍ അയാളുടെ തൊണ്ടക്കുഴിയില്‍ മരിച്ചുവീണു..

ബോർഡിനും താൽകാലിക ഗെയ്റ്റിനുമപ്പുറം മണ്ണിട്ട്‌ നികത്തിക്കൊണ്ടിരിക്കുന്ന വയലേലകള്‍, ഇടിച്ചു നിരത്തിയ കുന്നുകള്‍, വെട്ടിയൊഴിയുന്ന കശുമാവിന്‍ തോപ്പുകള്‍, ചെങ്കുരുട്ടിക്കാടുകള്‍…. ചുറ്റിലും കൂട്ടിയിട്ടിരിക്കുന്ന നിര്‍മാണ സാമഗ്രികള്‍…

“ഓര്‍മ്മയുടെ കശുമാവിന്‍ ചോടുകളില്‍ നിന്നും അപ്പോള്‍ ഒരു കാറ്റൊഴുകിവന്നു.. ഒരു വിലാപം പോലെ ശുഭയുടെ മെലിഞ്ഞ ശബ്ദം..”

“കാറ്റേ വാ….കടലേ പോ.. എനിക്കൊരു മാമ്പഴം തന്നേ പോ..”

കരള്‍ പിളരും വേദനയോടെ തിരിച്ച് നടക്കാനാഞ്ഞപ്പോഴാണ്‌ എതിർവശത്തെ സമരപ്പന്തല്‍ ശ്രദ്ധയില്‍ പെട്ടത്. വയല്‍ നികത്തലിനും അനധികൃത നിര്‍മ്മാണത്തിനുമെതിരെ നിരാഹാരം..! ചുവന്ന ബോര്‍ഡുകള്‍ക്കടുത്തേക്ക് കാലുകള്‍ അറിയാതെ നീങ്ങി.. പതിഞ്ഞ് ഒടുങ്ങി തുടങ്ങിയ അവരുടെ മുദ്രാവാക്യങ്ങള്‍ പിന്നെ അയാളുടെ പരുക്കന്‍ സ്വരം ഏറ്റെടുത്തു..

വേരുകളിലേക്കുള്ള മടക്കമെന്നത് പലപ്പോഴും വീട്ടിലേക്കുള്ള മടക്കം മാത്രമല്ലെന്നും, മഴയെക്കാള്‍ വലിയ മറ്റെന്ത് പ്രണയത്തെയാണ് നീയിനിയും കാത്തിരിക്കുന്നതെന്നും ഒരു കാറ്റയാളെ തഴുകിക്കടന്ന് പോയി…

അപ്പോള്‍ വിളറിയ ആകാശച്ചെരുവില്‍ മഴ മേഘങ്ങളുടെ ചോരയോട്ടം കാണായി, ഒരു പുതിയ ഇടവ പെയ്ത്തിന്റെ കുളിരിന് കാത്ത് അയാളൊരു കുടയായി..

*******************************

മിന്‍ഹാസ് വാട്സ് ആപ് നമ്പര്‍  : 09715561271

മിന്‍ഹാസ് : മലപ്പുറം ജില്ലയില്‍ പെരുമ്പടപ്പ് പഞ്ചായത്തില്‍ കോടത്തൂര്‍ സ്വദേശി. അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്‍ദുമാഷിന്റെ മകന്‍. ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “വേരുകളിലേക്ക് വളരുന്ന ഒറ്റയടിപ്പാതകള്‍ (കഥ): മിന്‍ഹാസ് പെരുമ്പടപ്പ്‌”

  1. ലത്തീഫ് പനമ്പാട് says:

    Excellent….,

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top