വിമാനത്തിലെത്തി ഹോട്ടലുകളില്‍ കവര്‍ച്ച നടത്തുന്ന നക്ഷത്രമോഷ്​ടാവ്​ പിടിയില്‍

NEDUMBASSERY MOSHANA PRATHI
NEDUMBASSERY MOSHANA PRATHI

കൊച്ചി: വിമാനത്തിലെത്തി നക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് വിനോദസഞ്ചാരികളുടെ ബാഗേജ് മോഷ്ടിക്കുന്ന മോഷ്ടാവിനെ പൊലീസ് പിടികൂടി. മുംബൈ അന്ധേരി ജോഗേസ്വരി സ്വദേശി ഖമറുദ്ദീന്‍ ശൈഖിനെയാണ് മുംബൈയില്‍നിന്ന് പിടികൂടിയത്.

ജനുവരിയില്‍ നെടുമ്പാശ്ശേരി ലോട്ടസ് 8 ഹോട്ടലില്‍ തൊടുപുഴ സ്വദേശിയുടെ മൂന്നര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണം കവര്‍ന്ന കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഏപ്രിലില്‍ എളമക്കരയിലെ ഹോട്ടലില്‍നിന്ന് വിനോദസഞ്ചാരിയുടെ 1,92000 രൂപ കവര്‍ന്നതും മാര്‍ച്ചില്‍ നെടുമ്പാശ്ശേരി ക്വാളിറ്റി ഹോട്ടലിലെത്തിയ നാഗ്പുര്‍ സ്വദേശിയുടെ 32,000 രൂപ കവര്‍ന്നതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് ഇയാളെ മുംബൈ അന്ധേരിയിലുള്ള ഇയാളുടെ സ്വന്തം ഫ്ലാറ്റില്‍ നിന്ന് പിടികൂടാന്‍ കഴിഞ്ഞത്. അന്വേഷണത്തില്‍ ഇയാള്‍ പതിവായി ചെന്നൈ, ബംഗളൂരു, മംഗലാപുരം തുടങ്ങി പലയിടങ്ങളിലും ഇടയ്ക്കിടെ വിമാനമാര്‍ഗം യാത്ര ചെയ്യാറുണ്ടെന്ന് വെളിപ്പെട്ടു. എന്നാല്‍, ഇതുവരെയും ഇയാള്‍ ഒരു കേസിലും പിടിക്കപ്പെട്ടിട്ടില്ല.

ഇന്റര്‍നെറ്റുവഴി ഹോട്ടലുകളിലെ ബുക്കിംഗ് വിവരങ്ങളും മറ്റും മനസ്സിലാക്കിയശേഷം എക്സ്ക്യൂട്ടിവ് മോഡലില്‍ വസ്ത്രം ധരിച്ച് ഏതെങ്കിലും വിമാനത്താവളത്തില്‍ വന്നിറങ്ങും. അതിനുശേഷം കാര്‍ വാടകയ്ക്കെടുത്ത് ഹോട്ടലുകളുടെ മുന്നില്‍ വന്നുനില്‍ക്കും. വിനോദസഞ്ചാരികള്‍ കൂട്ടമായി ഹോട്ടലിലേക്ക് കയറുമ്പോള്‍അവരിലൊരാളെന്ന് തോന്നിക്കുന്ന വിധത്തില്‍ കൂടെ കയറും. അതിനുശേഷം ഇവരുടെ അടുത്തെത്തുമ്പോള്‍ ഹോട്ടലിലെ സൂപ്പര്‍വൈസറായി ചമയും. പിന്നീട് ഇവര്‍ക്കൊപ്പം മുറിയില്‍ കയറി വാഷ്ബേസിനില്‍ മുഖം കഴുകിക്കൊള്ളാനും ബാഗേജ് നോക്കിക്കൊള്ളാമെന്നും പറയും. ഇവര്‍ മുഖം കഴുകാന്‍ നീങ്ങുമ്പോഴേക്കും ബാഗേജുമായി ഹോട്ടലില്‍ നിന്ന് പുറത്തുകടന്ന് കാറില്‍ രക്ഷപ്പെടും. താമസിയാതെ തന്നെ വിമാനമാര്‍ഗം രക്ഷപ്പെടുകയും ചെയ്യും.

മോഷണത്തിലൂടെ ലഭിച്ച വരുമാനം കൊണ്ട് മുംബൈ നഗരത്തില്‍ രണ്ട് ആഡംബര ഫ്ലാറ്റുകള്‍ ഇയാള്‍ വാങ്ങി. അവിടത്തെ സഹകരണ സൊസൈറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നു. നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വാഹനപാര്‍ട്സ് ബിസിനസും വിവിധ സംസ്ഥാനങ്ങളില്‍ വസ്ത്ര വ്യാപാരവുമാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.

Print Friendly, PDF & Email

Leave a Comment