ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെളിയിച്ചു

Commission-imageന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇവിഎം) വിശ്വാസ്യത സംബന്ധിച്ച തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന് ഏകപക്ഷീയ വിജയം ദേശീയവും അല്ലാത്തതുമായ 13 പാര്‍ട്ടികളെങ്കിലും ഇവിഎമ്മിനെതിരെ പരാതി ഉന്നയിച്ചിരുന്നു. കൃത്രിമം തെളിയിക്കാന്‍ ഇന്നലെ കമ്മിഷന്‍ അവസരമൊരുക്കിയെങ്കിലും ഒരു പാര്‍ട്ടിയും വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറായില്ല. തങ്ങള്‍ ഉപയോഗിക്കുന്ന ഇവിഎമ്മുകള്‍ കൃത്രിമ സാധ്യതയുള്ളതല്ലെന്നും വോട്ട് രേഖപ്പെടുത്തിയതിന്റെ തെളിവു ലഭ്യമാക്കുന്ന വിവിപാറ്റ് സംവിധാനം എല്ലാ ഇവിഎമ്മുകളിലും ഘടിപ്പിക്കുമ്പോള്‍ തര്‍ക്കങ്ങള്‍ക്കു പരിസമാപ്തിയാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ നസീം സയ്ദി പറഞ്ഞു.

അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ സംവിധാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. സിപിഎം, എന്‍സിപി എന്നിവയുടെ പ്രതിനിധികള്‍ മാത്രമാണ് ഇന്നലെ കമ്മിഷനില്‍ ഇവിഎമ്മുകള്‍ പരിശോധിക്കുന്നതിന് എത്തിയത്. ഇവിഎമ്മുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചു നല്‍കിയ വിശദീകരണത്തില്‍ സിപിഎമ്മിന്റെ പ്രതിനിധികള്‍ പൂര്‍ണ തൃപ്തി അറിയിച്ചെന്നു നസീം സയ്ദി പറഞ്ഞു. കൃത്രിമം നടത്താമെന്ന വെല്ലുവിളി ഏറ്റെടുക്കുന്നില്ലെന്നും അക്കാദമികമായ താല്‍പര്യമാണ് ഉള്ളതെന്നും എന്‍സിപിയുടെ പ്രതിനിധികള്‍ വ്യക്തമാക്കി. ഇതിനിടെ, ആം ആദ്മി പാര്‍ട്ടിക്കാര്‍ സമാന്തരമായി പാര്‍ട്ടി ഓഫിസില്‍ ഇവിഎം പരിശോധന സംഘടിപ്പിച്ചു.

voting-machineനേരത്തെ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ച രീതിയില്‍, ഇവിഎമ്മില്‍ കൃത്രിമം നടത്തുന്ന രീതി ആം ആദ്മിക്കാര്‍ മാധ്യമങ്ങളോടു വിശദീകരിച്ചു. ഇത്തരം നടപടികള്‍ തടയാന്‍ കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഈയിടെ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുള്ള 14 ഇവിഎമ്മുകളാണു കമ്മിഷന്‍ ഇന്നലെ പാര്‍ട്ടികള്‍ക്കുള്ള ‘വെല്ലുവിളി’ പരിപാടിയില്‍ ലഭ്യമാക്കിയത്. എന്നാല്‍, ഇവിഎമ്മുകളുടെ സാങ്കേതിക വിവരങ്ങള്‍ നേരത്തെ ലഭ്യമാക്കണമെന്ന ആവശ്യം കമ്മിഷന്‍ അംഗീകരിച്ചില്ലെന്ന് എന്‍സിപി ആരോപിച്ചു. യന്ത്രങ്ങള്‍ മുദ്രവച്ച രൂപത്തിലായതിനാല്‍ അവ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലല്ലാതെ തുറക്കുക സാധ്യമല്ലായിരുന്നുവെന്നു കമ്മിഷന്‍ വ്യക്തമാക്കി.

ലഭ്യമാക്കിയ 14 യന്ത്രങ്ങളില്‍ ഏതെങ്കിലും മാത്രമേ പരിശോധിക്കാന്‍ പാടുള്ളുവെന്ന വ്യവസ്ഥയോടും എന്‍സിപി വിയോജിച്ചു. സാങ്കേതിക വിവരങ്ങള്‍ ശേഖരിച്ചു വീണ്ടും എന്‍സിപിക്കു പരിശോധന നടത്താന്‍ അവസരമുണ്ടെന്നു കമ്മിഷന്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎമ്മുകളെക്കുറിച്ചാണ് എന്‍സിപിക്കു പരാതിയുള്ളതെന്നും അവ തങ്ങളുടേതല്ല, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റേതാണെന്നും നസീം സയ്ദി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment