സൗദി, ഈജിപ്ത്, യു‌എ‌ഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ക്ക് പുറകെ യെമനും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു; തീരുമാനത്തില്‍ നിരാശയുണ്ടെന്ന് ഖത്തര്‍

la-qatar-emiRദുബൈ: ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്, യെമൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയ ഖത്തർ ഇതു നീതികരിക്കാനാകില്ലെന്നും വ്യക്തമാക്കി.

ഈ രാജ്യങ്ങളുടെ പുതിയ തീരുമാനം ഖത്തറിലെ പൗരന്മാരുടേയും പ്രവാസികളുടേയും സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും ഖത്തറി സമൂഹത്തേയും സമ്പദ് വ്യവസ്ഥയെയും ഹനിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി.) സജീവ അംഗമാണ് ഖത്തറെന്നും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നുവെന്നും ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെട്ടിട്ടില്ലെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ചുമതല വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

മേഖലയിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ മാധ്യമ പ്രചരണങ്ങള്‍ പരാജയപ്പെട്ടുവെന്നത് വ്യക്തമാണ്. ജി.സി.സി അംഗ രാജ്യമായ ഖത്തറിനെതിരെ ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഭീകര സംഘടനകളെ സഹായിക്കുന്നുണ്ടെന്ന് ആരോപണത്തെ തുടര്‍ന്നാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്തലാക്കിയത്.

സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിലെ എംബസികളടച്ചു. തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിൻവലിക്കുമെന്നു പറഞ്ഞതിനൊപ്പം പൗരന്മാരോട് ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നും ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ സുരക്ഷ ഖത്തർ അസ്ഥിരമാക്കിയെന്ന് യുഎഇ ഭരണകൂടം ആരോപിച്ചു. യെമനിൽ പോരാട്ടം നടത്തുന്ന സഖ്യസേനയിൽനിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും അറിയിച്ചു.

ഖത്തറിലേക്കുള്ള വ്യോമ – നാവിക ഗതാഗത സംവിധാനങ്ങൾ അവസാനിപ്പിക്കുകയാണെന്നും നാലു രാജ്യങ്ങളും പറഞ്ഞു. ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തർ എയർവെയ്സ് സർവീസിനെയും ഗുരുതരമായി ബാധിക്കും.

കഴിഞ്ഞ മാസം അവസാനത്തോടെ ഖത്തറിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തവർ പലസ്തീൻ – ഇസ്രയേൽ കലാപത്തെക്കുറിച്ചും ഇറാനുമായുള്ള നയതന്ത്രബന്ധത്തെക്കുറിച്ചും ഹമാസിനെയും സംബന്ധിച്ചുമുള്ള പ്രസ്താവനകൾ ഇറക്കിയിരുന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പേരിലായിരുന്നു പ്രസ്താവനകൾ. ഇതും ഖത്തറിന്റെ ഉപരോധത്തിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ.

വെബ്സൈറ്റ് ഹാക്ക് ചെയ്താണ് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് ഖത്തർ വ്യക്തമാക്കിയെങ്കിലും മറ്റു ഗൾഫ് രാജ്യങ്ങൾ ഖത്തർ മാധ്യമങ്ങളും ദോഹ കേന്ദ്രീകരിച്ച അൽജസീറ ചാനലും ബ്ലോക്ക് ചെയ്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News