ന്യൂയോര്‍ക്ക് : സ്പോര്‍ട്സ് പ്രേമികളായ ഇന്ത്യക്കാരുടെ ഹരമായ ക്രിക്കറ്റ് അമേരിക്കയിലും തരംഗമായിരിക്കുന്ന സാഹചര്യത്തില്‍ യുവജനങ്ങളെ ക്രിക്കറ്റില്‍ ആകൃഷ്ടരാക്കാനും, പ്രോത്സാഹനം നല്കുന്നതിനുമായി ഫോമയുടെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്ന്, രണ്ട് (ശനി, ഞായര്‍) തീയതികളില്‍ ന്യൂയോര്‍ക്കില്‍ (Cunningan Park, Fresh Meadow, NY) വെച്ച് ‘T20’ എന്ന പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു.
അമേരിക്കയിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും ക്ലബുകളും ഇതിനോടകം ടൂര്‍ണമെന്റില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 250 ഡോളറാണ് ടീമിന്റെ രജിസ്ട്രേഷന് ഫീസ്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും 1,500 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.
രണ്ടാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും 500 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. കൂടാതെ “മാന്‍ ഓഫ് ദ സീരീസ്”, “ബെസ്റ്റ് ബാറ്റസ്മാന്”, “ബെസ്റ്റ് ബൗളര്‍” എന്നിവര്‍ക്കും ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതായിരിക്കും. ഫൈനലില്‍ എത്തുന്ന ടീമിലെ എല്ലാ അംഗങ്ങള്‍ക്കും മെഡലുകളും സമ്മാനിക്കുന്നതാണെന്ന് ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ് എന്നിവര്‍ പറഞ്ഞു.
തീപാറുന്ന ബാറ്റിംഗിലൂടെ ഫോറുകളും സിക്സറുകളും അടിച്ച്, റണ്‍സ് വേട്ട നടത്തുന്ന ബാറ്റിംഗ് നിരയും, ബാറ്റ്സ്മാന്മാരെ നിലം തൊടാതെ സ്റ്റംമ്പ് പറിക്കുന്ന ബൗളര്‍മാരും ഒക്കെക്കൂടി തീര്‍ക്കുന്ന ക്രിക്കറ്റിന്റെ ആവേശം തിരതല്ലുന്ന ‘T20’ ടൂര്ണമെന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
അതോടൊപ്പം, പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോ. സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ ജോമോന് കുളപ്പുരക്കന്‍ എന്നിവര്‍ വിജയാശംകള്‍ നേര്‍ന്നു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക: മാത്യു വര്‍ഗീസ് (ചെയര്മാന്) 917 750 0990, ജിബി തോമസ് (സെക്രട്ടറി) 914 573 1616, അലക്സ് ജോണ്‍ (കോ-ഓര്‍ഡിനേറ്റര്‍) 908 313 6121, അനില്‍ കോയിപ്പുറം 917 434 5206.