Flash News

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകു വിരിഞ്ഞു; കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു; രാജ്യത്ത് 50 മെട്രോ നഗരങ്ങള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി

June 17, 2017

image-1കൊച്ചി: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പ് നൽകുന്ന കൊച്ചി മെട്രോ റെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാർക്കായുള്ള കൊച്ചി വൺ സ്മാർട്ട് കാർഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. മെട്രോയ്ക്കുവേണ്ടിയുള്ള മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി. ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയർ സൗമിനി ജയിൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ‌ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രിക്ക് കൊച്ചി മെട്രോയുടെ മാതൃക മുഖ്യമന്ത്രി സമ്മാനിച്ചു.

രാവിലെ 10.15ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി, പാലാരിവട്ടം മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനത്തിനുശേഷം കൊച്ചി മെട്രോയിൽ യാത്രചെയ്തു. പാലാരിവട്ടം മുതൽ പത്തവടിപ്പാലം വരെയും തിരിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും കന്നി മെട്രോ യാത്ര. തുടർന്നായിരുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനം. കെഎംആർ‌എൽ എംഡി ഏലിയാസ് ജോർജ് സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. സ്വാഗതപ്രസംഗത്തിന്റെ സമയത്ത് മെട്രോമാൻ ഇ.ശ്രീധരന്റെ പേര് പരാമർശിക്കപ്പെട്ടപ്പോൾ സദസിൽനിന്ന് വൻ കരഘോഷം ഉയർന്നത് ശ്രദ്ധേയമായി. ഉദ്ഘാടന ചടങ്ങിൽ വേദിയിൽ ഇടം നൽകിയവരുടെ ‌ആദ്യ പട്ടികയിൽനിന്ന് ശ്രീധരന്റെ പേര് ഒഴിവാക്കിയത് കേരളത്തിൽ വൻ രാഷ്ട്രീയവിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ആദ്യം വേദിയിൽ ഇടമുണ്ടായിരുന്നില്ല. പിന്നീട്, മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേകം ഇടപെട്ടാണ് ഇരുവർക്കും വേദിയിൽ സ്ഥാനം നൽകിയത്.

kochi-metro-launch-1200x545_cകേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കും എംഎൽഎമാർക്കും ചടങ്ങിലേക്കു ക്ഷണക്കത്തു നൽകിയിയിരുന്നു. ഫ്രഞ്ച്, ജർമൻ കോൺസുലേറ്റ് ജനറൽമാരും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറും ചടങ്ങിൽ പങ്കെടുത്തു. ആക്സിസ് ബാങ്ക് എംഡി ശിഖ ശർമ, മെട്രോയ്ക്കു വിദേശവായ്പ നൽകിയ ഫ്രഞ്ച് വികസന ഏജൻസി(എഎഫ്ഡി)യുടെ ഇന്ത്യയിലെ മേധാവി നിക്കോളാസ് ഫെർണേജ് എന്നിവരും ചടങ്ങിനെത്തി.

ആലുവ മുതൽ തൃപ്പൂണിത്തുറ വരെയാണു മെട്രോയുടെ ഒന്നാം ഘട്ടമെങ്കിലും പാലാരിവട്ടം വരെയുള്ള ഭാഗമാണു പൂർത്തിയായത്. എംജി റോഡിൽ മഹാരാജാസ് കോളജ് വരെയുള്ള 18 കിലോമീറ്റർ ദൂരം രണ്ടു മാസത്തിനകം പൂർത്തിയാകും; തൃപ്പൂണിത്തുറയിലേക്ക് എത്താൻ രണ്ടു വർഷവും. കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള രണ്ടാംഘട്ട വികസനത്തിനു കേന്ദ്രാനുമതി കാത്തിരിക്കുകയാണ്.

കൊച്ചി മെട്രോ സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് 50 മെട്രോ നഗരങ്ങള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

aa-Cover-sojmmth45t54ahilmf3s85ha84-20170617113003.Mediമെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ജോലി നല്‍കിയതും മലിനീകരണം കുറഞ്ഞ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കിയതും പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. എല്ലാ സേവനങ്ങളും സാധ്യമാക്കുന്ന മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് ആശയത്തേയും അദ്ദേഹം പ്രശംസിച്ചു. ഇതിലൂടെ കൊച്ചി ലോകനിലവാരത്തിലുള്ള ചുരുക്കം നഗരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മെട്രോയുടെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍ കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും മൊബൈല്‍ വണ്‍ മെട്രോ ആപ് മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശനം ചെയ്തു.

രാജ്യമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ രാഷ്ട്രീയത്തിന് അതീതമായി വികസനം എന്ന കാഴ്ചപ്പാടോടെ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. മേക്കിംഗ് ഓഫ് ഡവലപ്‌മെന്റ് ഇന്ത്യ (MODI) എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം പറഞ്ഞു.

വികസന കാര്യങ്ങളില്‍ നാം ഒരുപാട് മുന്നേറാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പ്രവര്‍ത്തിക്കണം. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ഫലപ്രദമായ സഹായം ഉണ്ടാകണം. സംസ്ഥാനത്തിന്റെ വിഭവശേഷി വളരെ തുച്ഛമാണ്. അതിനാല്‍ കേന്ദ്രത്തിന്റെ കലവറയില്ലാത്ത പിന്തുണ ആവശ്യമാണ്. ഇക്കാര്യത്തില്‍ അനുകൂല സമീപനമാണ് കേന്ദ്രത്തില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രി വ്യക്തമാക്കി.

Master (2) Master

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top