നടിയെ ആക്രമിച്ച കേസ്; ഗൂഢാലോചനയുടെ വിവരങ്ങള്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പോലീസിന് നല്‍കി

pulsar-suni-5കൊച്ചി: നടി അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചനയുടെ വിവരങ്ങള്‍ മറ്റൊരു ജയില്‍പുള്ളി പൊലീസിന് കൈമാറി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതി ചാലക്കുടി സ്വദേശി ജിന്‍സ (ജിന്‍സ്) നാണ് വിവരങ്ങള്‍ നല്‍കിയത്.

നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദേശപ്രകാരമാണെന്നും പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞിരുന്നു. ജയില്‍ അധികാരികള്‍ വഴി ഈ വിവരം അറിഞ്ഞ അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തിരുന്നു. നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസില്‍ പ്രതിയായ ജിന്‍സനെ റിമാന്‍ഡ് ചെയ്തിരുന്ന മുറിയിലാണ് പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്. സുഹൃത്തുക്കളായി മാറിയ ഇവര്‍ നടിയെ ആക്രമിച്ച കേസിന്റെ വിവരങ്ങളും പങ്കുവച്ചിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി വെളിപ്പെടുത്താതിരുന്ന പല രഹസ്യങ്ങളും ജിന്‍സനോടു പറഞ്ഞു. ജിന്‍സന്‍ പറഞ്ഞതു ശരിവയ്ക്കുന്ന നിലപാടാണ് സുനി സ്വീകരിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൂടുതല്‍ തെളിവു ലഭിച്ചാല്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാം. പുതിയ മൊഴികള്‍ തെളിവു നിയമപ്രകാരം പ്രോസിക്യൂഷന് സഹായകരമല്ല. അതിനാലാണ് സഹതടവുകാരന്റെ മൊഴി മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാന്‍ പൊലീസിന് നിയമോപദേശം ലഭിച്ചത്. അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ ആലുവ മജിസ്‌ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. മൊഴി മുദ്രവച്ച കവറില്‍ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറണം.

ഫെബ്രുവരി 17 നു രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18 ന് ഏഴ് പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാല്‍, ജിന്‍സന്റെ മൊഴിയോടെ കേസ് വീണ്ടും സജീവമാകും. ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച്, അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വഴിത്തിരിവ്.

Print Friendly, PDF & Email

Leave a Comment