മനസ്താപം (കവിത) : ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍

manasthapam sizeതീരെ പിരിഞ്ഞിരിയ്ക്കാനാകില്ല എന്ന് ഞാന്‍
തീരെ നിരീച്ചില്ല എന്‍ പ്രിയ മല്‍സഖി
നന്ദി പറഞ്ഞു നീ ദൂരെ മറഞ്ഞപ്പോള്‍
നെഞ്ചിലാ ഗദ്ഗദം വീര്‍പ്പുമുട്ടി

തമ്മിലിണങ്ങി പിണങ്ങി നടന്നപ്പോള്‍
അറിഞ്ഞില്ല നമ്മിലെ ആത്മബന്ധം
ദൂരെയിരുന്നു നീ ചാരത്തെന്നോതുമ്പോള്‍
കണ്ടിലൊരിയ്ക്കലുമീ ശൂന്യത

മരുഭൂമിയായൊരീ മാനസ ഭൂവിതില്‍
മരുപ്പച്ചയായതും നീയല്ലേ മല്‍സഖി
കറ്റകിടാവുമായ കളിമുറ്റത്തോടുമ്പോള്‍
പിന്നാലെ മത്സരിച്ചെന്നും നീ വന്നില്ലേ

കഥകള്‍ പറഞ്ഞു ചിരിപ്പിച്ചു നീയെന്നെ
മൂകമാം എന്മനോഭാവത്തിലും നിത്യം
നിദ്രയെ പുല്‍കി ഉറങ്ങുന്ന നേരത്തും
നീയെന്റെ ചാരത്തു വന്നു നിശ്ശബ്ദയായി

മാനത്ത്‌ പൊങ്ങുന്ന അമ്പിളി മാമനെന്‍
കൈകളില്‍ വരുമെന്ന്‌ നീ ചൊന്നനേരം
സാധുതയൊട്ടുമേ ഇല്ലെന്നറിഞ്ഞിട്ടും
കൗതുകത്തോടെ ഞാന്‍ ശ്രവിച്ചിരുന്നു

എങ്ങുപോയ്‌ നമ്മിലെ പാവന സൗഹൃദം
ജീവിതയാഥാര്‍ഥ്യത്തെ നീ അറിഞ്ഞ നേരം?
ഇറ്റുവീഴുന്നൊരീ കണ്ണുനീര്‍ മുത്തുകള്‍
നിന്നെകുറിച്ചാണെന്നു നീ അറിയുന്നുവോ?

വാക്കുകളല്ല തുളുമ്പുന്നതീ താളില്‍
പാവമാം നിന്‍ സഖിതന്‍ ഗദ്ഗദങ്ങള്‍!
മിന്നാമിനുങ്ങുപോല്‍ ചിമ്മി മറഞ്ഞയീ
സൗഹൃദമെന്തിനായ്‌ നീ കാഴ്ചവച്ചു?

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News