വാഷിംഗ്ടണ്‍: മൗലിക ഇസ്ലാം തീവ്രവാദം തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടത്തിന് പ്രഥമപരിഗണനയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്തപ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ പറഞ്ഞത്. ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തിയ നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മോദിയെ സ്വാഗതം ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപും എത്തിയിരുന്നു. തുടര്‍ന്നായിരുന്നു ട്രംപ്-മോദി ചര്‍ച്ച. ഇതിനുശേഷം ഉഭയകക്ഷി പ്രതിനിധി സംഘങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയിലും ഇരുവരും പങ്കെടുത്തു.
ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നും യുഎസ് കയറ്റുമതിക്ക് ഇന്ത്യയിലുള്ള പ്രധാന തടസ്സങ്ങള്‍ നീക്കണമെന്നും ചര്‍ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. തന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ട്രംപുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു. ഇന്തോ – പസഫിക് മേഖലയില്‍ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യമെന്നും മേദി പറഞ്ഞു. അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആ രാജ്യത്തെ പുനര്‍നിര്‍മിക്കുക എന്നത് ഞങ്ങളുടെ പ്രധാന പരിഗണനയിലുള്ള വിഷയമാണ്. അഫ്ഗാന്റെ അസ്ഥിരത ഇരുരാജ്യങ്ങളിലും ആശങ്ക ഉളവാക്കുന്നു. ഇക്കാര്യത്തില്‍ യുഎസ്സിന്റെ ഉപദേശവും സഹകരണവും ഇന്ത്യ തേടുന്നുണ്ട്. പതാകവാഹക പദ്ധതികളില്‍ ഇന്ത്യ യുഎസ്സിനെ നിര്‍ണായക പങ്കാളിയായി കാണുന്നുവെന്നും പ്രസ്താവനയില്‍ മോദി പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ മികച്ച പദ്ധതികളാണ് മോദി നടപ്പിലാക്കുന്നതെന്ന് അദേഹത്തെ പ്രശംസിച്ചു കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മോദിയെ പോലൊരു പ്രഗദ്ഭനായ പ്രധാനമന്ത്രിക്ക് ആതിഥേയം അരുളാനായത് വലിയ അംഗീകാരമാണ്. അമേരിക്കയുടെ പക്കല്‍ നിന്ന് ഇന്ത്യ സൈനികസാമഗ്രികള്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ ട്രംപ് നന്ദി അറിയിച്ചു.
വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനു മുന്‍പേ യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനും മോദിയുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. ഭീകരവിരുദ്ധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളാണു ചര്‍ച്ച ചെയ്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് ഉദ്യോഗസ്ഥരും മോദിക്കൊപ്പമുണ്ടായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്, ഇന്ത്യയുടെ യുഎസ് അംബാസഡര്‍ നവ്തേജ് സര്‍ന എന്നിവരാണു ഇന്ത്യാസംഘത്തിലുള്ളത്. ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയ്ക്കുശേഷം വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ റൂമിലാണ് മോദിക്ക് വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണു ഒരു വിദേശനേതാവിനു ട്രംപ് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കിയത്. നരേന്ദ്രമോദിയുടെ മൂന്നാമത്തെ വൈറ്റ്ഹൗസ് സന്ദര്‍ശനമാണിത്. 2014 സെപ്റ്റംബറിലും 2016 ജൂണിലും നരേന്ദ്രമോദി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ബറാക് ഒബാമയായിരുന്നു പ്രസിഡന്റ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news