Flash News

ശബരിമലയില്‍ പ്രതിഷ്ഠിച്ച കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച് കേടു വരുത്തിയവര്‍ നക്സലൈറ്റ് ബന്ധമുള്ളവരെന്ന് സൂചന; കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി; കേരള പോലീസിന്റെ അന്വേഷണം പ്രഹസനമാണെന്ന്

June 26, 2017

sabarimla-copy-856x412പത്തനംതിട്ട: ശബരിമലയിലെ പുതിയ സ്വര്‍ണ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച കേസില്‍ അട്ടിമറിയില്ലന്ന് പറഞ്ഞ് കേരളാ പോലീസ് കേസ് ഒതുക്കിയപ്പോള്‍ കൂടുതല്‍ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍. ആന്ധ്രയില്‍ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്ന പതിവ് ഉണ്ടെന്നാണ് കേരളാ പോലീസ് പറയുന്നത്. എന്നാല്‍ ഈ നിഗമനം അപ്പാടെ കേന്ദ്ര ഏജന്‍സികള്‍ തള്ളിയിട്ടുണ്ട്.

പമ്പയില്‍ നിന്നു പിടിയിലായ പ്രതികള്‍ക്ക് അഞ്ചു പേര്‍ക്കും നക്‌സല്‍ ബന്ധമുണ്ടെന്ന സംശയവും ഐബി മുന്നോട്ട് വയ്ക്കുന്നുണ്ട്.. ഇതിന്റെ അടിസ്ഥാനത്തില്‍ ഐബി അന്വേഷണം ശക്തമാക്കി. ശബരിമല സ്വര്‍ണ കൊടിമരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ആന്ധ്രയില്‍ നിന്നുള്ള ഫീനിക്‌സ് ഗ്രൂപ്പാണ്. ഒരു ചാരിറ്റബിള്‍ ട്രസ്റ്റായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് എന്നും എതിരാണ് നക്‌സല്‍ ഗ്രൂപ്പുകള്‍.

മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങി സമൂഹത്തിലെ ഉന്നതരാണ് ഈ ഗ്രൂപ്പിന്റെ 90 ശതമാനവും. അതു കൊണ്ടു തന്നെ നക്‌സല്‍ ഗ്രൂപ്പുകള്‍ക്ക് ഇവര്‍ അനഭിമതരാണ്. ആന്ധ്രയില്‍ നടന്നിട്ടുള്ള ഈ ഗ്രൂപ്പിന്റെ ഒട്ടുമിക്ക പരിപാടികള്‍ക്കും അവര്‍ തുരങ്കം വച്ചിട്ടുമുണ്ട്.

ആന്ധ്രയിലും മറ്റും കൊടിമരം സ്ഥാപിക്കുമ്പോള്‍ നവധാന്യങ്ങളും രസവും അതിന്റെ ചുവട്ടില്‍ നിക്ഷേപിക്കാറുണ്ടെന്ന് വ്യക്തമാക്കുകയാണ് കേരള പൊലീസ് ചെയ്തത്. അതിനാല്‍ ഇതൊരു സാധാരണ സംഭവം മാത്രമാക്കി ചിത്രീകരിച്ച് കേസ് അട്ടിമറിക്കുന്നുവെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ചയുള്‍പ്പെടെ ഉണ്ടായെന്ന നിരീക്ഷണം ഉയരുമ്പോഴും കേസ് സാധാരണ സംഭവം മാത്രമെന്ന് പറയുന്നതുതന്നെ അസ്വാഭാവികം ആണെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

kkkk_0അതേസമയം, സംഭവത്തില്‍ സമഗ്ര അന്വേഷണത്തിനായുള്ള നീക്കങ്ങളുമായി കേന്ദ്ര ഇന്റലിജന്‍സ് ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. നക്‌സല്‍ അട്ടിമറി തന്നെയാണ് ഇവര്‍ സംശയിക്കുന്നത്. അതിന് പ്രധാന കാരണം ഇത് ചെയ്ത രീതിയാണ്. ഒരു അയ്യപ്പ ഭക്തന്‍ ഒരിക്കലും ഇത്തരമൊരു പ്രവൃത്തിക്ക് ധൈര്യപ്പെടില്ല. വിശ്വാസിയായ ഒരാള്‍ ഈശ്വരന് ഹിതകരമല്ലാത്ത പ്രവൃത്തി ചെയ്യില്ല. നക്‌സലുകള്‍ യുക്തിവാദികളാണ്. ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് ഇവര്‍ക്ക് യാതൊരു സങ്കോചവുമില്ലന്നാണ് ഐബി വ്യക്തമാകകുന്നതെന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമലയില്‍ കൊടിമര പ്രതിഷ്ഠ നടക്കുന്ന വിവരം ഇവര്‍ അറിഞ്ഞത് ആന്ധ്രയിലെ ആഘോഷങ്ങളില്‍ നിന്നാണ്. ഒരാഴ്ച മുന്‍പു തന്നെ ഇവിടെ കൊടിമരപ്രതിഷ്ഠയുടെ ആഘോഷം നടന്നിരുന്നു. ഒരു ഉത്സവം പോലെയാണ് കൊണ്ടാടിയത്. ഇതില്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത് ആന്ധ്രാ മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമാണ്.

ഇന്നലെ നടന്ന കൊടിമര പ്രതിഷ്ഠയില്‍ നാല് മന്ത്രിമാരും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ മകന്‍ അടക്കമുള്ളവരും പങ്കെടുത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. ആന്ധ്ര വിയ്യൂര്‍ സ്വദേശികളായ വെങ്കിട്ടറാവു, സഹോദരന്‍ ഇഎന്‍എല്‍ ചൗധരി, സത്യനാരായണ റെഢി, ഉമാമഹേശ്വര റെഢി, സുധാകര റെഢി എന്നിവരാണ് ഇപ്പോള്‍ കൊടിമരം നശിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഉടന്‍ ഐബി ചോദ്യം ചെയ്യും.

ക്ഷേത്രങ്ങളുടെ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്ന ആചാരം ആന്ധ്രയിലോ തെലങ്കാനയിലോ ഇല്ലെന്ന് കുമ്മനം; ‘സ്വര്‍ണക്കൊടിമരം തകര്‍ക്കാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നു’

kummanamതിരുവനന്തപുരം: ശബരിമലയില്‍ പുതിയതായി പ്രതിഷ്ഠിച്ച സ്വര്‍ണക്കൊടിമരം മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയ കേസിലെ പൊലീസ് അന്വേഷണത്തെ ശക്തമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആചാരത്തിന്റെ ഭാഗമായാണ് കൊടിമരത്തിലേക്ക് മെര്‍ക്കുറി ഒഴിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്നും, ആന്ധ്രാപ്രദേശിലോ തെലുങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ ലഘൂകരിച്ച് തള്ളിക്കളയാനാണ് ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ ആദ്യം മുതലേശ്രമിച്ചത്. അതിന്റെ ചുവടുപിടിച്ചാണ് ഐ.ജിയും കൊടിമരത്തിലേക്ക് മെര്‍ക്കുറി ഒഴിച്ചത് ആചാരത്തിന്റെ ഭാഗമാണെന്ന വിശദീകരണവുമായി രംഗത്ത് എത്തിയതെന്നും കുമ്മനം ആരോപിച്ചു. തിരുപ്പതിയിലെ തന്ത്രിമുഖ്യന്‍മാര്‍ അടക്കമുള്ള പുരോഹിതരോട് ചര്‍ച്ച നടത്തി. എന്നാല്‍ ആന്ധ്രാപ്രദേശിലോ തെലുങ്കാനയിലോ ഇത്തരമൊരു ആചാരം ഉള്ളതായി അവര്‍ക്കാര്‍ക്കും അറിവില്ല. അതിനാല്‍ ഈ വിവരം എവിടെ നിന്നും കിട്ടിയതാണെന്ന് ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ശബരിമല ക്ഷേത്രത്തിന് തീവ്രവാദ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ വര്‍ഷവും കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന സാഹചര്യത്തില്‍, സ്വര്‍ണക്കൊടിമരം തകര്‍ക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സര്‍ക്കാര്‍ പൊലീസ് നിലപാട് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top