Flash News

“മിത്രാസ് ഫെസ്റ്റിവല്‍ 2017”; ഡോ. സോഫി വിത്സണ്‍, രുഗ്മിണി പത്മകുമാര്‍, ശബരീനാഥ് നായര്‍, ലൈസി അലക്‌സ് ഗുഡ്‌വില്‍ അംബാസഡര്‍മാര്‍

June 27, 2017 , ജിനേഷ് തമ്പി

festival sizeനോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ നിറങ്ങളുടെയും വര്‍ണ്ണങ്ങളുടെയും ഉത്സവമായ “മിത്രാസ് ഫെസ്റ്റിവല്‍ 2017” ന്റെ ഗുഡ്‌വില്‍ അംബാസിഡര്‍മാരായി നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളികളായ രുഗ്മിണി പത്മകുമാര്‍, ഡോ. സോഫി വിത്സണ്‍ (ന്യൂജേഴ്‌സി), ശബരീനാഥ് നായര്‍, ലൈസി അലക്‌സ് (ന്യൂയോര്‍ക്ക്) എന്നിവരെ നിയമിച്ചതായി മിത്രാസ് ഫെസ്റ്റിവലിന്റെ ഭാരവാഹികള്‍ അറിയിച്ചു.

പതിറ്റാണ്ടുകളായി അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡോ. സോഫി ന്യൂജേഴ്‌സിയിലെ കേരള അസോസിയേഷന്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളിലും മേഖലകളിലും ഭാരവാഹിയായി സേവനമനുഷ്ഠിച്ചിട്ടുള്ളതും, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളുമാണ്. മിത്രാസിന്റെ അംബാസിഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതില്‍ തുടക്കം മുതല്‍ മിത്രാസിന്റെ കൂടെയുള്ള ഒരാളെന്ന നിലക്കു അതിയായ സന്തോഷമുണ്ടെന്ന് സോഫി അറിയിച്ചു. മുംബൈ ഐ‌ഐ‌ടിയില്‍ നിന്നും പി‌എച്ച്‌ഡി കരസ്ഥമാക്കിയതിനു ശേഷം അമേരിക്കയിലെത്തി, തുടക്കം മുതലേ അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്നു. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി നിരവധി സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചിട്ടുള്ള രുഗ്മിണി മിത്രാസ് ഉത്സവവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നു അറിയിച്ചു.

ഒരു തികഞ്ഞ കലാകാരനും വിവിധ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയുമായ ശബരി ഒരു ഗായകനായിട്ടാണ് തന്റെ കലാജീവിതം തുടങ്ങുന്നത്. കെ‌എസ് ചിത്ര, എം ജയചന്ദ്രന്‍ തുടങ്ങി നിരവധി ഗായകരുടെ കൂടെ വേദികളില്‍ പാടിയിട്ടുള്ള ശബരി ഒരു അറിയപ്പെടുന്ന സിനിമാ സംവിധായകനും കൂടിയാണ്. മിത്രാസിന്റെ അംബാസിഡര്‍ ആയി നിയമിക്കപ്പെട്ടതില്‍ ഒരു കലാകാരനെന്ന നിലയില്‍ തനിക്ക് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ടെന്നു അദ്ദേഹം അറിയിച്ചു. ന്യൂയോര്‍ക്ക് മലയാളികള്‍ക്കിടയിലെ നിറസാന്നിധ്യമായ ലൈസി അലക്‌സ് തന്റെ ജീവിതം തന്നെ പ്രവാസി മലയാളികളുടെ ഉന്നമനത്തിനു വേണ്ടി മാറ്റിവച്ചിട്ടുള്ള ഒരു വ്യക്തിയാണ്. സീറോ മലബാര്‍ കത്തോലിക് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍, ഫൊക്കാന വിമന്‍സ് ഫോറം സെക്രട്ടറി തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുള്ള ലൈസി നിലവില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു വരുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മിത്രാസിന്റെ അംബാസിഡര്‍ ആവാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുള്ളതായി ലൈസി അറിയിച്ചു.

‘കളേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ഷത്തെ മിത്രാസ് ഫെസ്റ്റിവല്‍ ഇതുവരെ കണ്ട സ്റ്റേജ് ഷോകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്നു ഷോ ഡയറക്ടര്‍മാരായ രഞ്ജി തോമസ്, ജെംസണ്‍ കുര്യാക്കോസ്, ശാലിനി രാജേന്ദ്രന്‍, പ്രവീണ മേനോന്‍, സ്മിത ഹരിദാസ് എന്നിവര്‍ പറഞ്ഞു. ഫ്ലവേഴ്സ് യു‌എസ്‌എ ചാനലുമൊന്നിച്ചു മിത്രാസ് നടത്തുന്ന ഈ വര്‍ഷത്തെ കലാമാമാങ്കത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ ബുകോട്രിപ് എന്ന ട്രാവല്‍ കമ്പനിയാണ്. മീഡിയ ലോജിസ്റ്റിക് ഒരുക്കുന്ന ലൈറ്റ്, ക്യാമറ ആന്റ് സൗണ്ടും ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‍സിന്റെ ഫോട്ടോഗ്രാഫിയും ഈ വര്‍ഷത്തെ ഉത്സവത്തിന് കൂടുതല്‍ വര്‍ണ്ണങ്ങള്‍ നല്‍കുന്നു.

ജാതിമത സംഘടനാ വ്യത്യാസങ്ങള്‍ ഇല്ലാതെ കലയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന എല്ലാവരെയും ഉള്‍കൊള്ളിച്ചുകൊണ്ട് അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തികൊണ്ടുവരുന്നതിന് വേണ്ടി 2011-ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാസംഘടനയായി അമേരിക്കയില്‍ പേരെടുത്തു. തുടര്‍ന്നും മിത്രാസ് അമേരിക്കന്‍ കലാകാരന്മാരുടെ വളര്‍ച്ചയ്ക്കു വേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നു അറിയിച്ചു. ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമങ്ങളോടും, കല, സാംസ്‌കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരാത്തതാണെന്നു മിത്രാസ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top