നടിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് അതൃപ്തി; തെളിവ് ലഭിച്ചെങ്കില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാമെന്ന്

kerala-dgp-759നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നീളുന്നതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അതൃപ്തി രേഖപെടുത്തി. എഡിജിപി എഡിജിപി ദിനേന്ദ്ര കശ്യപിനെയും ഐജിയെയും വിളിച്ചു വരുത്തി ഡിജിപി അന്വേഷണ വിവരങ്ങള്‍ തിരക്കിയതായാണ് വിവരം. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു. അന്വേഷണ പുരോഗതി വിലയിരുത്തിയ ബെഹ്റ, അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചു.

വിരമിക്കുന്നതിന് മുന്‍പ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന് ഡിജിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു. പ്രൊഫഷണല്‍ രീതിയിലുളള അന്വേഷണം കേസില്‍ വേണമെന്നും തെളിവുകള്‍ കൂട്ടായി വിലയിരുത്തി വേണം നടപടികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും വ്യക്തമാക്കി സെന്‍കുമാര്‍ പുതിയ ഉത്തരവിറക്കുകയും ചെയ്തിരുന്നു. വിരമിക്കുന്നതിന് തൊട്ടുമുന്‍പാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വിയോജിപ്പ് പരസ്യമാക്കി സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൃഹപാഠം ചെയ്തില്ലെന്നായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം. ചോദ്യം ചെയ്യല്‍ നാടകീയമായി നീണ്ടതും ഇതുകൊണ്ടാണ്. ഐജിയെ ഒഴിവാക്കി അന്വേഷണം നടത്തിയതും അദ്ദേഹം വിമര്‍ശിച്ചു. അന്വേഷണ സംഘത്തലവനെ ഒഴിവാക്കിയുള്ള അന്വേഷണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയായിരുന്നു സെന്‍കുമാര്‍ നല്‍കിയത്.

ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചിത്രങ്ങള്‍ പൊലീസ് കണ്ടെടുക്കുന്നത്. 2016 നവംബര്‍ മൂന്നിനാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലുള്ളതായി അന്വേഷണത്തില്‍ വ്യക്തമായത്. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. പള്‍സര്‍ സുനി എഴുതിയ കത്തിലും ജോര്‍ജേട്ടന്‍സ് പൂരത്തെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. സൗണ്ട് തോമ മുതല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള സിനിമകളിലെ കാര്യങ്ങള്‍ അറിയാമല്ലോ എന്നായിരുന്നു അതിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന. തൃശൂരിലെ ശോഭാ സിറ്റിക്ക് അടുത്ത് പുഴക്കലിലാണ് കിണറ്റിങ്കല്‍ ടെന്നീസ് ക്ലബ്ബുള്ളത്.

maxresdefaultതൃശൂരിലെ ബാനര്‍ജി ക്ലബ്ബിലായിരുന്നു ഇതിന്റെ ഷൂട്ടിംഗ്. ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ ആക്രമിക്കപ്പെട്ട നടി അംഗമായിരുന്നു. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. ക്ലബ്ബിലെ അംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്തയാളാണെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ജയിലില്‍ നിന്നും ദിലീപിനെഴുതിയ കത്തില്‍ സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് പള്‍സര്‍ സുനി അറിയിച്ചിട്ടുണ്ടായിരുന്നു. ഇതും പൊലീസ് പരിശോധിക്കുകയാണ്.

ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസിന് ഫോട്ടോ ലഭിച്ചത്. 2016 നവംബര്‍ 13ന് ഒരേ ടവറിനു കീഴില്‍ ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുണ്ടായിരുന്നു. ഈ സമയം ബാനര്‍ജി ക്ലബ്ബില്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് ക്ലബ്ബിലെ ജീവനക്കാര്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളിലാണ് പള്‍സര്‍ സുനി ഇടംപിടിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട നടി ഈ ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ എത്തുന്നുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി. പള്‍സര്‍ സുനി ജയിലില്‍നിന്നു കൊടുത്തയച്ച കത്തില്‍ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവന്‍ ചിത്രങ്ങളും പൊലീസ് പരിശോധിച്ചെന്നാണു സൂചന.

പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന് വേണ്ടിയാണ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യില്‍ പൊലീസ് റെയ്ഡ് നടത്തിയതെന്ന് വ്യക്തമായി സൂചനയുണ്ട്. മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന പള്‍സര്‍ സുനിയുടെ മൊഴിയെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയതെന്നും സുനി മൊഴി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡില്‍ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാണ് വിവരം. കാവ്യാമാധവന്റെ ഉടമസ്ഥതയില്‍, കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്.

maxresdefault (1)കാവ്യാമാധവന്റെ വെണ്ണലയിലെ വില്ലയിലും ശനിയാഴ്ച പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു. വൈകിട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കും പൊലീസ് എത്തിയെങ്കിലും വില്ലയില്‍ ആളില്ലാത്തതിനാല്‍ പൊലീസ് മടങ്ങുകയായിരുന്നു. വനിതാ പൊലീസ് ഉള്‍പ്പടെയുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. അതിനിടെ അടുത്ത ദിവസം പള്‍സര്‍ സുനിയുടെ മൊഴി മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തും. ആക്രമണത്തിനിടെ പ്രതികള്‍ നടിയോടു പറഞ്ഞ ‘തമ്മനത്തെ പാര്‍പ്പിട സമുച്ചയം’ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷനും കാക്കനാട്ടെ കടയും തമ്മനത്തെ പാര്‍പ്പിട സമുച്ചയവും തമ്മിലുള്ള ബന്ധം പരിശോധിക്കാനുള്ള ഒരുക്കത്തിലാണു പൊലീസ്.

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പീച്ചി സ്വദേശി ജിന്‍സന്റെ മൊഴി ആലുവ മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. സുനി പറഞ്ഞതെല്ലാം മൊഴിയിലുണ്ടെന്ന് ജിന്‍സണ്‍ പറഞ്ഞു. ജിന്‍സണ്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കാര്യം പൊലീസ് കണ്ടെത്തിയത്. ഇയാള്‍ പെരുമ്പാവൂര്‍ പൊലീസിന് നല്‍കിയ മൊഴിയിലുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. നിരവധി പ്രമുഖരെ സുനി ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും ജയിലില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുനിക്ക് ഫോണ്‍ ലഭിച്ചുവെന്നുമാണ് ജിന്‍സണ്‍ പറഞ്ഞത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment