Flash News

ജി.എസ്.ടി.യുടെ മറവില്‍ ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നതായി പരാതി; നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍; സെപ്തംബര്‍ വരെ കാത്തിരിക്കണമെന്ന്

July 6, 2017 , .

hotelതിരുവനന്തപുരം: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പിലായതോടെ ഹോട്ടലുകളില്‍ പകല്‍കൊള്ള. പഴയവിലയില്‍നിന്ന് പഴയനികുതി ഒഴിവാക്കിയേ ജിഎസ്ടി ചുമത്താവൂ എന്നിരിക്കേ നികുതിയടക്കം പഴയവില നിലനിര്‍ത്തിയശേഷമാണ് ജിഎസ്ടി ഈടാക്കുന്നത്. ഇതോടെയാണു വില വലിയതോതില്‍ വര്‍ധിച്ചത്.

നടപടിയെടുക്കുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിനവും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഹോട്ടലിലെ ഭക്ഷ്യസാധനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ വില നിശ്ചയിക്കുന്ന സംവിധാനമില്ലാത്തതാണ് കാരണം. പരാതിയുള്ള ഹോട്ടല്‍ ബില്ലുകള്‍ ശേഖരിക്കാന്‍ മാത്രമേ വില്‍പ്പന നികുതി വിഭാഗത്തിന് ഇപ്പോള്‍ കഴിയുന്നുള്ളൂ. ജിഎസ്ടി വന്നശേഷമുള്ള ആദ്യ റിട്ടേണ്‍ വരുന്നത് സെപ്റ്റംബര്‍ അഞ്ചിനാണ്. അതിനുശേഷമേ നടപടികള്‍ ആരംഭിക്കാന്‍ കഴിയൂ.

‘ഇപ്പോള്‍ നടപടികള്‍ സാധ്യമല്ല. അതിനു സെപ്റ്റംബര്‍വരെ കാത്തിരിക്കേണ്ടിവരും’വില്‍പ്പന നികുതി വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിലകൂട്ടി വില്‍പ്പന നടത്തിയെന്നു കണ്ടെത്തിയാല്‍ ഹോട്ടല്‍ ഉടമയില്‍നിന്ന് പണം ഈടാക്കുമെന്നു വില്‍പ്പന നികുതി വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പക്ഷേ, പണം നഷ്ടപ്പെട്ട ജനത്തിന് എങ്ങനെ നഷ്ടപരിഹാരം ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അളവുതൂക്ക വിഭാഗത്തിന്റെ പരിശോധനയും നടക്കുന്നുണ്ട്. എംആര്‍പി നിരക്കില്‍നിന്ന് ഉയര്‍ന്ന നിരക്കില്‍ വില്‍പ്പന നടത്തുകയോ, എംആര്‍പിയില്‍ മറ്റു കൃത്രിമം കാണിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ മാത്രമാണ് ഇവര്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നത്. ജില്ലാ സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. റേഷന്‍ കാര്‍ഡ് വിതരണത്തിന്റെ തിരക്കിലാണ് ഉദ്യോഗസ്ഥര്‍.

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഫുള്‍ ചിക്കന്‍ ഷവായ്ക്ക് നികുതിയടക്കം 375 രൂപയായിരുന്നു. എന്നാല്‍ ജിഎസ്ടി വന്നതോടെ 436 രൂപയാക്കി. ഊണിന് 100രൂപ ആയിരുന്നിടത്ത് 115 ആയി. 15 ശതമാനം ജിഎസ്ടി എന്നാണ് വാദം. കോഴിവില വര്‍ധിക്കുന്നതാണ് വില കൂടാന്‍ കാരണമെന്നാണ് ഹോട്ടലുടമകളുടെ ഒരു വാദം. മറ്റ് ഉല്‍പ്പന്നങ്ങളുടെ വിലകുറയാതെ എങ്ങനെ വില കുറയ്ക്കാനാകുമെന്നും അവര്‍ ചോദിക്കുന്നു.

വില കൂടിയിട്ടില്ല. നികുതിയാണ് കൂടിയത് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. ‘ഉല്‍പ്പന്നങ്ങള്‍ വിലകുറച്ച് ലഭിച്ചാല്‍ ഭക്ഷ്യസാധനങ്ങളുടെ വില കുറയ്ക്കാന്‍ ഹോട്ടലുകള്‍ തയ്യാറാണ്. പച്ചക്കറികള്‍ ഉള്‍പ്പെടെ നികുതി ഇല്ലാത്ത ഉല്‍പ്പന്നങ്ങളാണു ഹോട്ടലുകള്‍ കൂടുതലായി വാങ്ങുന്നത്. ആകെ വാങ്ങുന്നതിന്റെ 2.5 ശതമാനം മാത്രമാണ് നികുതിയുള്ള ഉല്‍പ്പന്നങ്ങള്‍. ഞങ്ങള്‍ വാങ്ങുന്നവയുടെ വില കുറഞ്ഞാലേ വില കുറയ്ക്കാന്‍ കഴിയൂ. ജിഎസ്ടി റജിസ്‌ട്രേഷന്‍ എടുത്തവര്‍ മാത്രമാണ് വിലകൂട്ടിയിട്ടുള്ളത്അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ബി വിജയകുമാര്‍ പറയുന്നു.

ധനമന്ത്രിയുമായി അസോസിയേഷന്റെ ചര്‍ച്ച തുടരുകയാണ്. നാളെ കൊച്ചിയില്‍ അസോസിയേഷന്റെ യോഗം ചേരും. അതിനുശേഷം വീണ്ടും ധനമന്ത്രിയുമായി ചര്‍ച്ച നടത്തും.

‘ഹോട്ടലുകള്‍ക്ക് വില നിയന്ത്രണ സംവിധാനമില്ല. ഭക്ഷ്യവസ്തുക്കള്‍ക്ക് പലവിലയാണ് ഹോട്ടലുകള്‍ ഈടാക്കുന്നത്. ഉദാഹരണത്തിനു ചില ഹോട്ടലുകളില്‍ ഊണിന് 50 രൂപയാണ്. ചിലയിടങ്ങളില്‍ അത് 60,70 ഒക്കെയാകും. വിലയില്‍ നിയന്ത്രണം വരാതെ, വിലവിവരപ്പട്ടിക ശരിയായി പ്രദര്‍ശിപ്പിക്കാതെ ഇപ്പോഴത്തെ നടപടികള്‍ സുഗമമായി മുന്നോട്ടുപോകില്ല’സാമ്പത്തിക വിദഗ്ധന്‍ ബിഎ പ്രകാശ് പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top