Flash News

കാവ്യാ മാധവനെ ശനിയാഴ്ചക്കു ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്യും

July 7, 2017 , .

Kavya-Madhavan-2നടി ആക്രമിക്കപ്പെട്ട കേസില്‍ സംശയമുനയിലുള്ള കാവ്യയെ ശനിയാഴ്ചയ്ക്കുശേഷം പോലീസ് ചോദ്യം ചെയ്യും. കേസിലെ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടെന്നു കരുതുന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, സിനിമാ രംഗത്തെ പടലപ്പിണക്കങ്ങള്‍ എന്നിവയില്‍ വ്യക്തത തേടിയാണ് അന്വേഷണം. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്നു വ്യക്തമാക്കിയതിനു പിന്നാലെ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, പോലീസ് എത്തുംമുമ്പേ അവിടെയുണ്ടായിരുന്ന പഴയ ജീവനക്കാരെ കാവ്യ സ്ഥലം മാറ്റിയിരുന്നു. സംഭവത്തിനു മുമ്പ് രണ്ടുവട്ടവും ആക്രമണത്തിനുശേഷം ഒരിക്കലുമാണ് സുനി സ്ഥാപനത്തിലെത്തിയത്. ഈ സാഹചര്യത്തില്‍ കടയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.

ജീവനക്കാരെ മാറ്റിയത് എന്തിനെന്ന ചോദ്യത്തിനു കാവ്യക്കു മറുപടി നല്‍കേണ്ടിവരും. സിസിടിവി ദൃശ്യങ്ങള്‍ മായിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണു പോലീസ്. ഇതേക്കുറിച്ചു വിദഗ്ധ പരിശോധനാ ഫലവും ശനിയാഴ്ചയ്ക്കുള്ളില്‍ എത്തുമെന്ന വിലയിരുത്തലിലാണു പോലീസ്. ദൃശ്യങ്ങള്‍ മായിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ അതും കാവ്യയെ വിയര്‍പ്പിക്കും. പഴയ ദൃശ്യങ്ങളിലുള്ള ജീവനക്കാര്‍ എവിടെയെന്ന ചോദ്യവും കാവ്യ നേരിടേണ്ടിവരും. ജീവനക്കാരെ മാറ്റിയതും ഗൂഢാലോചനയുടെ ലക്ഷണങ്ങളായിട്ടാണു പോലീസ് വിലയിരുത്തുന്നത്. ഇവരെ കണ്ടെത്താനുള്ള നീക്കവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗൂഢാലോച കേസിലെ നിര്‍ണായക സാക്ഷികളാകേണ്ടവരാണ് ഇവര്‍. ഇവരെ കണ്ടെത്തിയാല്‍ അന്വേഷണത്തില്‍ മറ്റൊരു ചുവടുകൂടിയാകും പോലീസിന്.

അന്വേഷണ സംഘത്തിനെതിരേ മുന്‍ ഡിജിപി സെന്‍കുമാര്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ കേസ് എന്തുവിലകൊടുത്തും തെളിയിക്കുകയെന്നത് അന്വേഷണ സംഘത്തിന്റെ മുന്നിലെ വെല്ലുവിളിയാണ്. ദിലീപിലേക്ക് എത്തുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ ഏല്‍പ്പിച്ച മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ഒളിപ്പിച്ചത് എവിടെയെന്നതാണ് പോലീസിനെ കുഴക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ പത്തുദിവസത്തെ വിവരങ്ങള്‍ മാത്രമാണുള്ളത്. സാധാരണഗതിയില്‍ അതില്‍കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ടാകേണ്ടതാണ്. ഒന്നിലേറെ തവണ ഓവര്‍റൈറ്റ് ചെയ്്താലും വിവരങ്ങള്‍ തിരിച്ചെടുക്കാമെന്നാണു സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ഇതു മനസിലാകണമെങ്കില്‍ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ടു പുറത്തെത്തണം. ഇടയ്ക്കു കൊടുങ്ങല്ലൂരില്‍ സന്ദര്‍ശനം നടത്തിയതൊഴിച്ചാല്‍ കാവ്യയെക്കുറിച്ചു കാര്യമായ വിവരങ്ങളില്ല. ഇതിനിടെ ചോദ്യം ചെയ്യലിനെ നേരിടാനാവശ്യമായ പരിശീലനവും കാവ്യ നേടാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ പോലീസിന് കൂടുതല്‍ ദുഷ്‌കരമാകും.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും കോടതി തള്ളി. പൊലീസ് കോടതിയില്‍ നല്‍കിയ 42 തെളിവുകളുടെ പകര്‍പ്പുകളാണ് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഏപ്രില്‍ 17നാണ് പൊലീസ് കോടതിയില്‍ നല്‍കിയത്. അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് പരിശോധിക്കാമെന്നും കോടതിയില്‍വച്ചുതന്നെ ഇവ പരിശോധിക്കണമെന്നും അറിയിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ഒരു കാരണവശാലും നല്‍കരുതെന്ന് പൊലീസ് വാദിച്ചു. കോടതി ഇതംഗീകരിക്കുകയായിരുന്നു.

സുനിയെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കുന്നുപുറം കോടതിയില്‍ വ്യാഴാഴ്ച ഹര്‍ജിയും നല്‍കിയിട്ടുണ്ട്. കസ്റ്റഡിയില്‍ സുനിയെ മര്‍ദിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. പൊലീസ് പീഡിപ്പിക്കുന്നുവെന്നും കോടതിയില്‍ മരണമൊഴി എടുക്കണമെന്നും രാവിലെ സുനി മാധ്യങ്ങളോട് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ഇന്‍ഫോപാര്‍ക്ക് സിഐ രാധാമണിയോട് റിപ്പോര്‍ട്ട് തേടിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.

കേസില്‍ കലാഭവന്‍ കെ എസ് പ്രസാദിനെയും നിര്‍മാതാവ് ആന്റോ ജോസഫിനെയും ആലുവ പൊലീസ്‌ക്‌ളബ്ബില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.തന്നെ ആരും ചോദ്യം ചെയ്തില്ലെന്നും സുഹൃത്തിനോടു സംസാരിച്ചിരിക്കാനാണ് പോയതെന്നുമാണ് പൊലീസ് ക്ലബില്‍നിന്ന് ഇറങ്ങിയ പ്രസാദ് പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവം നടന്ന ഉടനെ പി ടി തോമസ് എംഎല്‍എ അറിയിച്ചതനുസരിച്ച് ആന്റോ ജോസഫ് സ്ഥലത്തെത്തിയിരുന്നു. ആന്റോയുടെ ഫോണിലാണ് പി.ടി തോമസ് പള്‍സര്‍ സുനിയെ വിളിച്ചത്.

ജയിലിലായിരുന്ന സമയത്ത് സുനി ഫോണ്‍ചെയ്തത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയുമാണ്. അപ്പുണ്ണിയെ ആദ്യം വിളിച്ചത് ജയിലിനകത്തുള്ള കോയിന്‍ ബോക്‌സ് ഫോണില്‍ നിന്നാണെന്ന് സുനി പറഞ്ഞിരുന്നു. ഇതുള്‍പ്പെടെ പല ചോദ്യങ്ങളിലും വ്യക്തതയ്ക്ക് സുനിയെ നാദിര്‍ഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ വീണ്ടും ചോദ്യംചെയ്‌തേക്കാനിടയുണ്ട്. ഇത്തരമൊരു നീക്കം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് പറയുന്നത്.

അക്രമത്തിന് ഒരു സൂത്രധാരനുണ്ടെങ്കില്‍ ഇത്തവണ ചോദ്യംചെയ്യുമ്പോള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ചോദ്യംചെയ്യലില്‍ സൈബര്‍ ഫൊറന്‍സിക്, മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. പോലീസിനെ പല സംഘങ്ങളായി തിരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top