കോഴി ഫാമുകളിലെ മുഴുവന്‍ ഇറച്ചിക്കോഴികളേയും രാത്രിയില്‍ തന്നെ തമിഴ്‌നാട്ടിലേക്ക് മാറ്റി; ജി‌എസ്‌ടിയുടെ മറവില്‍ നടന്നത് കോടികളുടെ കൊള്ള

kozhiപാലക്കാട്: ഇന്നു മുതല്‍ ഇറച്ചിക്കോഴികളെ 87 രൂപയ്ക്കു വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെ പ്രതിഷേധം ശക്തമാക്കി കച്ചവടക്കാര്‍. ഇന്നലെ അര്‍ധരാത്രിയില്‍ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്‌നാട്ടിലേക്ക് മാറ്റി. ഒട്ടേറെ ലോഡുകളാണ് രാത്രി അതിര്‍ത്തി കടന്നുപോയത്. തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികളാണ് കേരളത്തിലുള്ള കോഴികളെ തിരിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ 110 രൂപയാണ് ഇറച്ചിക്കോഴി വില. 87 രൂപയ്ക്ക് കേരളത്തില്‍ കോഴികളെ വില്‍ക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

അതേസമയം, കോഴികളെ മാറ്റാന്‍ വ്യാപാരികള്‍ക്ക് അനുവാദമുണ്ടെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വില കുറയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കെപ്‌കോയെയും കോഴികളെ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള വില്‍പ്പനയും തടയും. വന്‍കിട കമ്പനി സ്റ്റാളുകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പ്രതിഷേധം ശക്തമാക്കുമെന്ന് കേരള പൗള്‍ട്രി ഫെഡറേഷനും വ്യക്തമാക്കി.

കോഴിക്കച്ചവടത്തില്‍ ജി.എസ്.ടി.ക്കുശേഷം നടന്നത് പകല്‍ക്കൊള്ള; അമിതവിലയിലൂടെ ജനത്തില്‍നിന്ന് നേടിയത് എട്ട് കോടി

നൂറുരൂപയ്ക്ക് കോഴിവില്‍ക്കാന്‍ കോഴിക്കച്ചവടക്കാര്‍ തയ്യാറാവുമ്പോള്‍ തെളിയുന്നത് ജി.എസ്.ടി.ക്കുശേഷം നടന്ന പകല്‍ക്കൊള്ള. 140 രൂപയ്ക്ക് വിറ്റിരുന്ന ഇറച്ചിക്കോഴിയാണ് സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി 100 രൂപവരെയാക്കാന്‍ ധനമന്ത്രി തോമസ് ഐസക്കുമായുള്ള ചര്‍ച്ചയില്‍ വ്യാപാരികള്‍ തയ്യാറായത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല.

ജൂലൈ ഒന്നുമുതല്‍ ദിവസങ്ങളോളം 140 രൂപയ്ക്ക് കോഴി വിറ്റ് അന്തര്‍സംസ്ഥാന കോഴിവ്യാപാരലോബി അന്യായചൂഷണം നടത്തുകയായിരുന്നുവെന്ന് ഇതിലൂടെ തെളിയുന്നു.

22 ലക്ഷം കിലോ കോഴിയാണ് കേരളത്തില്‍ ദിവസേന വില്‍ക്കുന്നത്. അമിതവിലയിലൂടെ ജനത്തില്‍നിന്ന് കോഴിവ്യാപാരമേഖല ഈടാക്കിയത് ഏതാണ്ട് എട്ടുകോടിരൂപയാണെന്ന് ധനവകുപ്പ് കണക്കാക്കുന്നു.

ഇക്കാര്യത്തില്‍ കേരളത്തിലെ കോഴിവ്യാപാരികള്‍ നിസ്സഹായരാണെന്ന് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്.കെ. നസീര്‍ പറഞ്ഞു. തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം കോഴിയുടെ ചില്ലറ വില കൂടുതലാണ്. നഷ്ടം സഹിച്ചാണ് 100 രൂപയ്ക്ക് വില്‍ക്കാന്‍ തയ്യാറായതെന്നും നസീര്‍ പറഞ്ഞു.

വ്യാപാരികളുമായി തോമസ് ഐസക് നടത്തിയ ചര്‍ച്ചകള്‍ ജി.എസ്.ടി.യുടെ പേരിലുള്ള കൊള്ള പൊതുസമൂഹത്തിന്റെ മുന്നില്‍ക്കൊണ്ടു വന്നതിനാല്‍ വിജയമാണെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ഇത് ജനങ്ങളിലുണ്ടാക്കിയ അവബോധം കാരണം വിലകുറയ്ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാവും. അതിനാല്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് വഴങ്ങേണ്ടതില്ലെന്നാണ് തീരുമാനം.

കേരളത്തില്‍ ജൂണ്‍ 30-ന് 14.5 ശതമാനം നികുതി ചേര്‍ത്ത് കിലോക്ക് 103 രൂപയ്ക്കാണ് ജീവനുള്ള കോഴി വിറ്റിരുന്നത്. അന്ന് അര്‍ധരാത്രി ജി.എസ്.ടി. നിലവില്‍ വന്നതുമുതല്‍ കോഴിവില 140 രൂപയായി.

സാമ്പത്തിക സ്ഥിതിവിവരവകുപ്പിന്റെ വിലവിവരം പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും ജൂലൈയില്‍ ചിക്കന്റെ വില കുറഞ്ഞിട്ടുണ്ട്. നോമ്പിനുശേഷമുള്ള കാലമായതിനാലാണ് ഇത്. ഈ പതിവനുസരിച്ച് ഈ ജൂലൈയിലും ചിക്കന്റെ വില കുറയേണ്ടതാണ്. കുറയാത്തത് ജി.എസ്.ടി.യുടെ മറവിലുള്ള കൃത്രിമ വിലക്കയറ്റം കാരണമാണെന്ന് ധനവകുപ്പ് വിലയിരുത്തുന്നു. ഇതിനാലാണ് നികുതികുറച്ച് 87-88 രൂപയ്ക്ക് ചിക്കന്‍ വില്‍ക്കണമെന്ന് ധനവകുപ്പ് ശഠിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment