തിരുവനന്തപുരം∙ മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ രംഗത്ത്. സെൻകുമാറിന്റെ സംഘപരിവാർ അനുകൂല പരാമർശങ്ങളിൽ കടുത്ത നിരാശയും വേദനയുമുണ്ട്. നിലപാട് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിനുവേണ്ടി ഹാജരാകില്ലായിരുന്നുവെന്നും ദവെ പറഞ്ഞു. സെൻകുമാറിനെ ഡിജിപി സ്ഥാനത്തു തിരിച്ചെത്തിക്കുന്നതിനായി ദുഷ്യന്ത് ദവെയാണു ഹാജരായിരുന്നത്.
വളരെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന, രാഷ്ട്രീയത്തിന് അതീതനായ ഉദ്യോഗസ്ഥനാണെന്നായിരുന്നു തന്റെ ധാരണ. അതിനാലാണ് എൽഡിഎഫ് സർക്കാർ അദ്ദേഹത്തെ സ്ഥാനത്തുനിന്നു മാറ്റിയതെന്നും കരുതി. അതുകൊണ്ടാണ് അദ്ദേഹത്തിനുവേണ്ടി ഹാജരായത്. നീതിക്കുവേണ്ടിയുള്ള പോരാട്ടമെന്നു കരുതിയാണു പണം വാങ്ങാതെ പ്രതികരിച്ചത്. എന്നാൽ, രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണെന്നിപ്പോഴാണു മനസിലായതെന്നും ദവെ പറഞ്ഞു.
ഭീകര സംഘടനയായ ഐഎസും (ഇസ്ലാമിക് സ്റ്റേറ്റ്) ആര്‍എസ്എസും രണ്ടാണെന്ന് സെൻകുമാർ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും സംസ്ഥാനത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ടി.പി.സെൻകുമാറിനെ ബിജെപിയിലേക്കു ക്ഷണിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തെത്തി. സെൻകുമാറിനെ പോലുളളവർ വരുന്നതു പാർട്ടിക്കു ശക്തി പകരും. ബിജെപിയിലേക്കു വരേണ്ട കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും കുമ്മനം പറഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news