- Malayalam Daily News - https://www.malayalamdailynews.com -

ദിലീപിനേറ്റ അപ്രതീക്ഷിത ഇരുട്ടടി; വിവാദങ്ങളുണ്ടാക്കി കേസിനെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചവര്‍ക്ക് തന്നെ തിരിച്ചടിയായി ദിലീപിന്റെ അറസ്റ്റ്; കേസിന്റെ നാള്‍‌വഴി

image-1 (1)കൊച്ചി: ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ യുവനടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാര്‍ത്ത കേരളത്തെ ഞെട്ടിച്ചത്. അക്രമികളില്‍നിന്ന് രക്ഷപ്പെട്ട് സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടിയതിനു പിന്നാലെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. വിവരമറിഞ്ഞ് കാക്കനാട്ടെ ലാലിന്റെ വീട്ടിലെത്തിയ തൃക്കാക്കര എംഎല്‍എ പി.ടി. തോമസ് ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ സംഭവം പൊലീസിന്റെ ശ്രദ്ധയിലെത്തിച്ചു.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഇപ്പോഴിതാ നടന്‍ ദിലീപ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നു. നടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്നതാണ് ദിലീപിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

ഫെബ്രുവരി 17: നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. കേസിലെ പ്രതിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ പൊലീസ് അറസ്റ്റു ചെയ്യുന്നു.

ഫെബ്രുവരി 19: നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പൊലീസ് പിടിയില്‍. ക്രിമിനല്‍ സംഘാഗങ്ങളായ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രതിഷേധ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി20: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. തമ്മനം സ്വദേശി മണികണ്ഠനാണു പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. ക്വട്ടേഷന്‍ സാധ്യതയെക്കുറിച്ചു അന്വേഷണ സംഘത്തിനു സൂചന ലഭിക്കുന്നു.

ഫെബ്രുവരി 21: നടിയെ ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ ഒരു നടന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഫെബ്രുവരി 22: തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ശത്രുക്കള്‍ കുപ്രചാരണം നടത്തുന്നതായും നടന്‍ ദിലീപ്. ക്രിമിനല്‍ ലഹരി ബന്ധമുള്ളവരെ സിനിമയില്‍ സഹകരിപ്പിക്കില്ലെന്നു സിനിമാ സംഘടനകള്‍.

ഫെബ്രുവരി 23: കോടതിയില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി സുനിയെയും കൂട്ടാളി വിജീഷിനെയും പൊലീസ് കോടതി മുറിയില്‍നിന്ന് അറസ്റ്റു ചെയ്തു. ബൈക്കില്‍ കോടതി സമുച്ചയത്തിനു പിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തി മതില്‍ചാടിക്കടന്നാണ് ഇരുവരും കോടതി മുറിയില്‍ പ്രവേശിച്ചത്

ഫെബ്രുവരി 24: യുവനടിയെ ആക്രമിച്ചവര്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന മൊബൈല്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. ഫോണിനെക്കുറിച്ചുള്ള ചോദ്യത്തിനു സുനില്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. ക്വട്ടേഷന്‍ ഏറ്റെടുത്തത് 50 ലക്ഷം രൂപയ്‌ക്കെന്നു സുനില്‍. പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഫെബ്രുവരി 25: സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി. സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു പൊലീസ് കോടതിയില്‍. നാലുപ്രതികളെയും നടി തിരിച്ചറിയുന്നു. സുനിയെയും വിജീഷിനെയും മാര്‍ച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നു

ഫെബ്രുവരി 26: കേസില്‍ നിലപാട് മാറ്റി മുഖ്യമന്ത്രി. ഗൂഢാലോചന ഇല്ലെന്നു പറഞ്ഞിട്ടില്ല. കോയമ്പത്തൂരില്‍നിന്നു പ്രതികളുടെ മൊബൈല്‍ ഫോണും കംപ്യൂട്ടറും കണ്ടെടുക്കുന്നു

ഫെബ്രുവരി 27: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റേതെന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം പരിശോധിക്കണമെന്നു ഫെയ്‌സ്ബുക് നടത്തിപ്പുകാരോടു സുപ്രീംകോടതി. പൊലീസ് ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങളെക്കുറിച്ചു മറുപടി നല്‍കാതെ സുനില്‍.

ഫെബ്രുവരി 28: സുനില്‍കുമാറിന്റെ മൊബൈല്‍ ഫോണിനായി ബോള്‍ഗാട്ടി പാലത്തില്‍ നാവികസേന തിരച്ചില്‍ നടത്തുന്നു

മാര്‍ച്ച് 2 : നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന ഫോണ്‍ കണ്ടെത്താനാകാതെ പൊലീസ്

മാര്‍ച്ച് 3 : കൂടുതല്‍ അന്വേഷണം നടത്തണമെന്നു പൊലീസ് കോടതിയില്‍. നാലുപ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി

മാര്‍ച്ച് 19 : സുനിയുമായി അടുപ്പമുള്ള ഷൈനിയെന്ന യുവതി അറസ്റ്റില്‍.

ജൂണ്‍ 24 : നടിക്കുനേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമം നടക്കുന്നതായി നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും. സുനില്‍ എഴുതിയതെന്നു കരുതുന്ന കത്ത് പുറത്ത്. സുനിലിന്റേതെന്നു കരുതുന്ന ഫോണ്‍ സംഭാഷണവും പുറത്താകുന്നു.

ജൂണ്‍ 25 : തന്നെയും സിനിമകളെയും തകര്‍ക്കാന്‍ ശ്രമമെന്ന് ദിലീപ്.

ജൂണ്‍ 26 : നടന്‍ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി സുനിലിന്റെ സഹതടവുകാരനായ വിഷ്ണു അറസ്റ്റില്‍.

ജൂണ്‍ 27 : നടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ. അനാവശ്യമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു നടി

ജൂണ്‍ 28 : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെയും സംവിധായകന്‍ നാര്‍ദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബിലെ മൊഴിയെടുക്കല്‍ 13 മണിക്കൂര്‍ നീണ്ടു

ജൂണ്‍ 29 : നടിക്കുനേരെയുണ്ടായ അക്രമം ‘അമ്മ’യോഗം ചര്‍ച്ച ചെയ്തില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ചൂടായി നടന്‍മാര്‍

ജൂലൈ 10 : നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍. ആക്രമണത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമെന്നു പൊലീസ്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]