നടിയെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയത് നാല് വര്‍ഷം മുന്‍പ്

kavya-syamala-dileep-manju_InPixioകൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ പ്രതികള്‍ നേരത്തെ രണ്ട് തവണ ഗൂഢാലോചന നടത്തിയെന്ന് പൊലീസ്. കേസില്‍ നേരത്തെ അറസ്റ്റിലായ പള്‍സര്‍ സുനിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണത്തിനുള്ള പദ്ധതി നേരത്തെയും തയ്യാറാക്കിയതായി പോലീസിന് വിവരം ലഭിച്ചത്.

2013 ലും കഴിഞ്ഞ വര്‍ഷവും സമാന ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നു. 2013 ല്‍ കേരളത്തിന് പുറത്തുവച്ച് ആക്രമണത്തിന് പള്‍സര്‍ സുനി പദ്ധതിയിട്ടെങ്കിലും അത് പാളി. രണ്ട് തവണയും ആക്രമണം നടത്താന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതിന് ശേഷമാണ് മൂന്നാമതും വ്യക്തമായ ആസൂത്രണത്തോടെ പള്‍സര്‍ സുനിയും സംഘവും കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ലൂരില്‍ നിന്ന് കാറില്‍ വരുമ്പോള്‍ നടിയെ തട്ടിക്കൊണ്ടുപോവുകയും ആക്രമിക്കുകയും ചെയ്തത്.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ രണ്ട് തവണ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് പഴുതുകളെല്ലാം അടച്ച് ഒടുവില്‍ ദിലീപിന്റെ അറസ്റ്റ്. പണത്തിന് വേണ്ട് താനാണു കുറ്റം ചെയ്തെന്ന് ആദ്യം മൊഴി നല്‍കിയ സുനി, രണ്ടു മാസം മുന്‍പാണ് ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. നിലവില്‍ നടിക്കെതിരെയുള്ള ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ വ്യക്തമായ പങ്ക് ദിലീപിനുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ദിലീപിന് സിനിമ മേഖലയില്‍നിന്നുള്ള മൂന്നു പേര്‍കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകണമായിട്ടില്ല.

അതേസമയം നടിയും ദിലീപും തമ്മിലുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ പൊരത്തക്കേടുകളല്ല മറിച്ച് വ്യക്തിപരമായ വൈരാഗ്യമാണ് നടക്കെതിരെയുള്ള ആക്രമണത്തിലേക്ക് വഴിവെച്ചത്. ജയിലില്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്‍ നല്‍കിയ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി.

ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

chennithalaതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേസിന്മേല്‍ പൊലീസ് അന്വേഷണം തുടങ്ങുമ്പോഴായിരുന്നു കേസില്‍ ഗൂഡാലോചനയില്ലെന്നും അന്ന് അറസ്റ്റിലായ പ്രതിയുടെ സങ്കല്പമനുസരിച്ച് മാത്രമുണ്ടായ കുറ്റകൃത്യമാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചത്. അതോടെ അന്വേഷണത്തിന്റെ ഗതി തന്നെ മാറിപ്പോയി.

മുഖ്യമന്ത്രിയുടെ നിലപാടനുസരിച്ച് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം പോലും സമര്‍പ്പിച്ച കേസാണിത്. അറസ്റ്റിലായ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലോടെയാണ് കേസിന്റെ പുനരന്വേഷണത്തിന് വഴി തെളിഞ്ഞതും മൂടിവച്ചിരുന്ന വിവരങ്ങള്‍ പുറത്ത് വന്നതും. ഇതില്‍ സര്‍ക്കാരിനും പൊലീസിനും അഭിമാനിക്കാന്‍ അധികമൊന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News