ദിലീപിനെ വിശ്വസിച്ച് സിനിമ എടുത്തവരും, പാതി വഴിയിലെത്തിയവരും അഡ്വാന്‍സ് കൊടുത്തവരുമൊക്കെ വെട്ടിലായി; പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനാകാതെ നിര്‍മ്മാതാക്കള്‍; കോടികളുടെ നഷ്ടമെന്ന്

Georgettans-Pooram-First-look-Poster-on-Dileeps-Birthday-810x400ദിലീപിനെതിരേ അന്വേഷണം ശരിയായ ദിശയിലേക്ക് എത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്നതു ദിലീപിനെ വിശ്വസിച്ചു സിനിമയില്‍ പണം മുടക്കിയവര്‍. അമ്മ പ്രസിഡന്റ് ഇന്നസെന്റിനോടടക്കം കേസില്‍ പങ്കാളിയല്ലെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണു ദിലീപ് തുടര്‍ സിനിമകള്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജോര്‍ജേട്ടന്‍സ് പൂരത്തിനുശേഷം ദിലീപ് പ്രതീക്ഷ പുലര്‍ത്തിയ ‘രാമലീല’യ്ക്കു പണം മുടക്കിയത് പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ്. സിനിമ റിലീസ് നീട്ടിവച്ചതിനു പിന്നാലെ അദ്ദേഹം അടുത്ത സുഹൃത്തുക്കളുമായി ആശങ്ക പങ്കുവച്ചിരുന്നു. ദിലീപ് രാഷ്ട്രീയ നേതാവായി എത്തുന്ന ചിത്രം ബോക്‌സ് ഓഫീസ് പ്രതീക്ഷയും പുലര്‍ത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിക്കൂട്ടിലായതോടെ രാമലീല റിലീസ് മാറ്റിവച്ചിരുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ഈ മാസം ആദ്യം റിലീസ് ചെയ്യാനായിരുന്നു നീക്കം. കേസിന്റെ കാര്യങ്ങള്‍ക്കായി ദിലീപിന് സിനിമയ്ക്കിടെ പോകേണ്ടിവന്നിരുന്നു. പലവട്ടം ഷൂട്ടിങ്ങും നിര്‍ത്തിവച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനിടെയാണ് വീണ്ടും നൂലാമാലകള്‍ എത്തിയത്. ഇതു ഡബ്ബിങ്ങിനെയടക്കം ബാധിച്ചു. ഇടയ്ക്ക് അമേരിക്കന്‍ പ്രോഗ്രാമിനായി പോയതും സിനിമയെ കാര്യമായി ബാധിച്ചു. നിര്‍മാതാവിന്റെ കോടികള്‍ നഷ്ടമാകാന്‍ ഇതിടയാക്കിയെന്നും വിമര്‍ശനമുണ്ട്.

ramleela_release_july21_InPixioഅടുത്ത രണ്ടു വര്‍ഷത്തേക്കുള്ള വിവിധ സിനിമകളുടെ കരാറില്‍ ദിലീപ് ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന് അഡ്വാന്‍സും വാങ്ങിയിട്ടുണ്ടെന്നാണു സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പ്രശസ്ത ക്യാമറമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്ന ചിത്രത്തിന്റെ ഒരു ഷെഡ്യൂളാണു പൂര്‍ത്തിയാക്കിയത്. വിദേശത്തു ചിത്രീകരിക്കേണ്ട ബാക്കി ഭാഗങ്ങള്‍ ഇനിയുണ്ടാകില്ല. സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടായില്ലെങ്കില്‍ സിനിമ ഉപേക്ഷിക്കുകയോ, മറ്റൊരാളെ വച്ചു വീണ്ടും രംഗങ്ങള്‍ ഷൂട്ട് ചെയ്യുകയോ ആണ് വഴി. എന്നാല്‍, ദിലീപിന്റെ പ്രൊജക്ട് എന്ന നിലയില്‍ അനൗണ്‍സ് ചെയ്തതിനാല്‍ മറ്റൊരാള്‍ ഏറ്റെടുക്കുമോ എന്നു കണ്ടറിയണം. ഈ പുഴയും കടന്ന് എന്ന സിനിമ മുതല്‍ ദിലീപിനു രാമചന്ദ്രബാബുവുമായി അടുത്ത സൗഹൃദമുണ്ട്. ഈ സിനിമയുടെ ക്യാമറ ചലിപ്പിച്ചത് ബാബുവാണ്. ഈയൊരു ബലത്തിലാണ് സിനിമ ദിലീപലേക്ക് എത്തിയതും. എന്തായാലും രാമചന്ദ്ര ബാബുവിന്റെ കന്നിച്ചിത്രം തന്നെ പുതിയ സംഭവങ്ങളോടെ തുലാസിലായി.

‘കമ്മാര സംഭവം’ ആണ് ദിലീപ് തുടങ്ങിവച്ച മറ്റൊരു ചിത്രം. ഓണത്തിനു തിയേറ്ററില്‍ എത്തിക്കാനായിരുന്നു ലക്ഷ്യം. മുരളീ ഗോപിയാണു തിരക്കഥ. ചിത്രത്തില്‍ മൂന്നു ഗെറ്റപ്പിലാണ് എത്തേണ്ടത്. ഇതില്‍ തൊണ്ണൂറ്റിയൊന്നു വയസുള്ള വൃദ്ധന്റെ വേഷവും ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു. രതീഷ് അമ്പാട്ടാണ് സംവിധാനം.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ഈ പറക്കും തളികയുടെ രണ്ടാം ഭാഗം, വാളയാര്‍ പരമശിവം, സദ്ദാം ശിവന്‍, ഞാനാരാ മോന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും കരാര്‍ ആയിരുന്നു. ദിലീപ്-കാവ്യ ദമ്പതികള്‍ വിവാഹത്തിനുശേഷം ഒന്നിക്കുന്ന ‘ഇതോ വലിയ കാര്യം’ എന്ന ചിത്രം അക്കു അക്ബറാണ് സംവിധാനം ചെയ്യേണ്ടിയിരുന്നത്. ദിലീപ് സിനിമകളെ മുന്നില്‍ക്കണ്ട് നിര്‍മാണത്തിനിറങ്ങിയ ഒരുപിടി നിര്‍മ്മാതാക്കളും ആദ്യ സംരംഭത്തില്‍ ദിലീപിനെ നായകനാക്കാന്‍ ലക്ഷ്യമിട്ട പുതു സംവിധായകരും ഈ അറസ്‌റ്റോടെ വെട്ടിലായി. കോടികളുടെ നഷ്ടമാണ് മലയാള സിനിമാ മേഖലയ്ക്ക് ഈ അറസ്‌റ്റോടെ സംഭവിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment