ഇന്ത്യയുടെ പാര്‍ലമെന്റും രാജ്യസഭയും പാസ്സാക്കിയ ജി.എസ്.ടി അഥവാ ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് നിയമം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു സാമ്പത്തിക പുനഃക്രമീകരണമായിരുന്നു. 2017 ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഈ ബില്‍ ഒപ്പിട്ടതോടെ അത് ഇന്ത്യ മുഴുവനായി നടപ്പാവുകയും ചെയ്തു. ജി.എസ്.ടി (ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ്) എന്നത് പ്രത്യക്ഷമായ ഒരു നികുതിയല്ലാത്തതിനാല്‍ ഭൂരിഭാഗം സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസിലാക്കാനും പ്രയാസമായിരിക്കും. മലയാളത്തില്‍ ജി.എസ്.ടി യ്ക്ക് പകരമായി ഒരു വാക്ക് പ്രയോഗിക്കാനും പ്രയാസമാണ്. ഉപഭോക്താക്കളില്‍ മാത്രം നികുതി ചുമത്തുന്ന ഏകീകൃത നിയമ സംഹിതയെ ജി.എസ്.ടി യെന്നു പറയുന്നു. ഇന്ത്യ മുഴുവനായി ഒരു ഏകീകൃത നികുതി നയം നടപ്പാക്കുകയെന്ന ഉദ്ദേശ്യമാണ് ജി.എസ്.റ്റി അഥവാ ചരക്ക് സേവന നികുതി (Goods and ServiceTax) കൊണ്ട് ഉദ്ദേശിക്കുന്നത്. തൊണ്ണൂറുകളിലെ സാമ്പത്തിക പരിഷ്കരണത്തിനു ശേഷം ഏറ്റവും വലിയ വിപ്ളവകരമായ സാമ്പത്തിക മാറ്റമായിട്ടാണ് ജി.എസ്.റ്റി.യെ വിലയിരുത്തിയിരിക്കുന്നത്.
ആഗസ്റ്റു മാസം ഇന്ത്യയെ സംബന്ധിച്ച് ചരിത്രപരമായ ഒരു മാസമാണ്. 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പുത്തനായ ഒരു നവ ഭാരതത്തിനായി നാം മുന്നേറണമെന്ന് നെഹ്രുവിന്റെ പാതിരായ്ക്കുള്ള പ്രസംഗം പ്രസിദ്ധമായിരുന്നു. 1972 ആഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യയുടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. 1992 ആഗസ്റ്റ് പത്താം തിയതി ക്വിറ്റ് ഇന്ത്യാ മൂവ്മെന്റിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചു. 1997 ആഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യ സ്വതന്ത്രയായതിന്റെ ഗോള്‍ഡന്‍ ജൂബിലിയും ആഘോഷിച്ചിരുന്നു. 2016 ആഗസ്റ്റ് മാസം ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രത്തിന്റെ നാഴികക്കല്ലായ ജി.എസ്.റ്റി ബില്‍ രാജ്യസഭയിലും പാസ്സായി. ജി.എസ്.റ്റി ബില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്ര സംഭവമായി മാറുകയും ചെയ്തു.
ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് (GST) എന്നത് പരോക്ഷമായ നികുതിയെന്നു പറയാം. പുതിയതായി പാസാക്കിയ ഈ നിയമം ഇന്ത്യ മുഴുവന്‍ ഇന്ന് ബാധകമാണ്. പല ഘട്ടങ്ങളായി കേന്ദ്ര സര്‍ക്കാരും സ്റ്റേറ്റ് സര്‍ക്കാരും പിരിച്ചിരുന്ന നികുതികളെ ഏകീകൃതമാക്കി പിരിക്കുന്ന ഒരു സംവിധാനമാണ് ജി.എസ്.റ്റി. 2017ല്‍ ഭരണഘടന ഭേദഗതി വരുത്തിയ നൂറ്റിയൊന്നാം വകുപ്പിലെ വ്യവസ്ഥയനുസരിച്ചാണ് ജി.എസ്.റ്റി പ്രാബല്യത്തില്‍ വന്നത്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഭരണാലയത്തിന്റെ കീഴിലായിരിക്കും ജി.എസ്.റ്റി പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കഴിഞ്ഞ എഴുപതു വര്‍ഷങ്ങള്‍ക്കുള്ളിലുള്ള സര്‍ക്കാരിന്റെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണമായി ജി.എസ്.റ്റി യെ അറിയപ്പെടുന്നു. ഇന്ത്യയിലെ ജി.എസ്.റ്റി നിരക്കുകള്‍ കണക്കാക്കുമ്പോള്‍ സിംഗപ്പൂര്‍ പോലുള്ള വിദേശ രാജ്യങ്ങളെ അപേക്ഷിച്ചു മുന്നും നാലും ഇരട്ടി നികുതി ഇവിടെ നല്‍കേണ്ടതായുണ്ട്.
ജി.എസ്.റ്റി നിയമമനുസരിച്ച് ഒരു വ്യവസായ ഫാക്റ്ററിയില്‍ നിന്നും മൊത്ത വ്യാപാരിയില്‍ നിന്നും ചില്ലറ വ്യാപാരിയില്‍ നിന്നും കൈമറിഞ്ഞു വരുന്ന ക്രയവിക്രയ വസ്തുക്കള്‍ ഉപഭോക്താവ് വാങ്ങിക്കുമ്പോള്‍ മാത്രമാണ് നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാകുന്നത്. ഇതിനെ പ്രത്യക്ഷമല്ലാത്ത നികുതിയെന്നു (Indirect tax) പറയും. ബിസിനസ് വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഇന്‍ ഡയറക്റ്റ് ടാക്സ് (Indirect tax) എന്തെന്ന് വ്യക്തമായി അറിയാം. ആദായ നികുതി നേരിട്ട് നാം സര്‍ക്കാരിന് കൊടുക്കുമ്പോള്‍ അത് ഡയറക്റ്റ് ടാക്സെന്നും (Direct Tax) വില്‍പ്പന നികുതിയെ ഇന്‍ ഡയറക്റ്റ് ടാക്സെന്നും (Indirect tax) പറയും. വില്‍പ്പന നികുതി നാം നേരിട്ട് സര്‍ക്കാരിന് കൊടുക്കുന്നില്ല. അതിനുത്തരവാദിത്വം ഉപഭോക്താക്കള്‍ക്കു കച്ചവട സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കാണ്.
ജി.എസ്.റ്റി നിയമമനുസരിച്ച് മാര്‍ക്കറ്റിലുള്ള കച്ചവട സാധനങ്ങള്‍ക്ക് ഏകീകൃതമായ നികുതി പിരിക്കണം. ആ നികുതി ഇന്ത്യ മുഴുവനും ഒരേ നിരക്കിലായിരിക്കണം. അതിന്റെയര്‍ത്ഥം ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ജി.എസ്. റ്റി. നികുതിയായിരിക്കണമെന്നാണ്. മുമ്പ് അതാത് സ്റ്റേറ്റുകളുടെ യുക്തംപോലെ നികുതി നിരക്ക് നിശ്ചയിക്കാമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ജി.എസ്.റ്റി നിയമമനുസരിച്ച് കേന്ദ്രം നികുതി പിരിക്കും. അതിനുശേഷം ഓരോ സംസ്ഥാനത്തിന്റെ നികുതി വീതം കേന്ദ്രം പങ്കു വെക്കുകയും ചെയ്യും. അതിനു പകരമായി സംസ്ഥാനങ്ങളോട് കേന്ദ്രം നികുതി പങ്കുവെക്കുന്നതിന്റെ ഫീസ് ചാര്‍ജ് ചെയ്യുകയും ചെയ്യും.
ഉല്‍പ്പാദകനും വിതരണം ചെയ്യുന്നവനും മദ്ധ്യത്തിലുള്ള നികുതിയായ അപ്രത്യക്ഷ നികുതിയുടെ (ഇന്‍ഡയറക്റ്റ് ടാക്സ്) ഭാരം അവസാനം ഉപഭോക്താവിന്റെ ചുമതലയിലെത്തും . അതായത് ഒരു ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ വന്നു കഴിയുമ്പോള്‍ മാത്രമായിരിക്കും അതിന് നികുതി അടയാളപ്പെടുത്തുന്നത്. ഉദാഹരണമായി ഒരു കാറിനുള്ള ആഭ്യന്തര നികുതിയുള്‍പ്പടെ കാര്‍ നിര്‍മ്മിക്കുന്നവര്‍ വിലയിടും. അവസാനം അതിന്റെ ആഭ്യന്തര നികുതിയും വിലയുമുള്‍പ്പടെ കാര്‍ വാങ്ങുന്ന ഉപഭോക്താവ് നല്‍കുകയും വേണം. ജി.എസ്.റ്റി യുടെ മറ്റൊരു വ്യാവസായിക പദമാണ് വാല്യൂ ആഡഡ് ടാക്സ് (ഢമഹൗല മററലറ മേഃ) എന്നത്. മാര്‍ക്കറ്റില്‍ വരുന്ന ഉല്‍പ്പാദനത്തിന്റെ വിലയോടുകൂടി ഉല്പ്പാദകന് മുതല്‍ മൊത്തവ്യാപാരി, ചില്ലറവ്യാപാരികള്‍ നല്‍കേണ്ട നികുതികളെ വാല്യൂ അഡഡ് ടാക്സ് (VAT) എന്നും പറയും. ജി.എസ്.റ്റി വിഭാവന ചെയ്ത നിയമമനുസരിച്ച് ഈ നികുതികള്‍ ഒരു ഉല്‍പ്പന്നത്തിനോട് കൂട്ടിയാണ് വിതരണക്കാര്‍ ഉപഭോക്താക്കള്‍ക്ക് കച്ചവട വസ്തുക്കള്‍ വില്‍ക്കുന്നത്.
ഫാക്റ്ററികളിലേയ്ക്കായി ഉല്‍പ്പാദകര്‍ അസംസ്കൃത സാധനങ്ങള്‍ (Raw materials) വാങ്ങുന്നമുതല്‍ ഉപഭോക്താവ് വാങ്ങുന്ന വരെയുള്ള ക്രയവിക്രയ സാധനങ്ങളില്‍ ടാക്സ് ക്രെഡിറ്റുകളും (Tax Credit) ഉണ്ട്. ഉദാഹരണമായി അസംസ്കൃത സാധനങ്ങള്‍ മേടിക്കാനായി ഒരു കമ്പനി അമ്പതു ലക്ഷം രൂപ നികുതി കൊടുത്തുവെന്നു കരുതുക. അസംസ്കൃത സാധനങ്ങള്‍ കൊണ്ട് ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വരുമ്പോള്‍ ഉല്പ്പാദകന് എഴുപതു ലക്ഷം രൂപാ കൂടി നികുതി അടയാളപ്പെടുത്തേണ്ടതായി വരും. മൊത്തം 1.2 കോടി രൂപാ നികുതി വരുന്നു. ഈ നികുതിയില്‍ അമ്പതു ലക്ഷം രൂപ അസംസ്കൃത സാധനങ്ങളുടെ നികുതിയെന്നതിനാല്‍ ആ തുക ഇളവ് (Tax Credit)നല്കുന്നു. അവസാനം ഉപഭോക്താവിന് എഴുപതുലക്ഷം രൂപായുടെ നികുതി ബാദ്ധ്യതയേ ഉണ്ടായിരിക്കുള്ളൂ.
ഉല്പന്നങ്ങള്ക്കുള്ള നികുതികള്‍ വ്യത്യസ്ത നിരക്കുകളിലായിരിക്കും തീരുമാനിക്കുന്നത്. പെട്ടെന്ന് നാശമാകുന്ന കച്ചവട വസ്തുക്കള്‍ക്ക് (Perishable Commodities) നികുതി കൂടുതല്‍ കാണാം. നികുതി നിരക്കുകള്‍ തീരുമാനിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യകതകളും (Demand) പരിഗണിക്കും. വില കൂടിയ കാറുകള്‍, പുകയില, ലഹരി പദാര്‍ത്ഥങ്ങള്‍ മുതലായവയ്ക്ക് 28 ശതമാനമായിരിക്കും നികുതി. ഇന്ത്യയില്‍ ധാരാളം ജനം ഉപയോഗിക്കുന്ന ഒന്നാണ് പുകയില. അതില്‍നിന്ന് സര്‍ക്കാരിന് നല്ലൊരു വരുമാനവുമുണ്ട്. കൂടാതെ അത് പെട്ടെന്ന് കേടാവുന്ന (Perishable commodtiy) ഒരു ക്രയവിക്രയ സാധനവുമാണ്. അതിനാല്‍ പുകയിലയുടെ വിലയും കൂടിയിരിക്കും. അതിനൊപ്പം നികുതിയും കൂട്ടും. സിഗരറ്റിന്റെ നികുതി നിശ്ചയിക്കുന്നതും പെട്ടെന്ന് കേടുവരുന്ന (Perishable commodtiy) വില്‍പ്പനയ്ക്കായുള്ള ഒരു ഉല്‍പ്പന്നമെന്ന നിലയിലാണ്.
രണ്ടായിരമാണ്ടുമുതല്‍ ജി.എസ്.റ്റി നിയമം പ്രാബല്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ് ഈ ബില്ലിന് ആദ്യം തുടക്കമിട്ടതെങ്കിലും സമയമായപ്പോള്‍ സഹകരിക്കാതെ അവര്‍ സഭയില്‍നിന്ന് ഒന്നടങ്കം മാറി നിന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സും ഡിഎംകെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ബില്ലിനെ അനുകൂലിച്ചില്ല. പുതിയ നികുതി നിയമം കൊണ്ട് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നായിരുന്നു വാദഗതി. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമെന്നും പ്രതിപക്ഷങ്ങള്‍ വാദിച്ചു. ആഡംബര വസ്തുക്കള്‍ക്ക് വിലകുറഞ്ഞാല്‍ സാധാരണക്കാരെ സംബന്ധിച്ച് ഗുണപ്രദമാവില്ലെന്നു പ്രതിപക്ഷ ഭാഗത്തുനിന്നും വാദഗതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുകയും ചെയ്യാം. ഈ നിയമം മൂലം സാധാരണ ജനത്തിനും പാവങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാവാമെന്നും പ്രതിപക്ഷം വിശ്വസിച്ചിരുന്നു.
അടല്‍ ബിഹാരി വാജ്പയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജി.എസ്.റ്റി ബില്ലിനെപ്പറ്റി സമഗ്രമായ ചര്‍ച്ചകള്‍ വന്നിരുന്നു. ഏകീകൃത ടാക്സ് നിയമം നടപ്പാക്കാനായി വാജ്പയി ഒരു കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയിലെ അംഗങ്ങളായി റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍മാരായ ഐ.ജി. പട്ടേല്‍, ബിമല്‍ ജലാല്‍, സി. രംഗരാജന് എന്നിവരെ നിയമിക്കുകയും ചെയ്തു. വെസ്റ്റ്ബംഗാള് ധനകാര്യ മന്ത്രി അസിം ദാസ് ഗുപ്തായുടെ കീഴില്‍ ജി.എസ്.റ്റി യെന്ന പേരില്‍ ഒരു കരടുപ്രമാണം ഉണ്ടാക്കുകയും ചെയ്തു. അതുതന്നെയാണ് 2017 ല്‍ പാസാക്കിയ ജി.എസ്,റ്റി. 2005ല്‍ പന്ത്രണ്ടാം ഫിനാന്‍സ് കമ്മീഷനില്‍ ഏകീകൃത നിയമമായ ജി.എസ്.റ്റി യുടെ ആവശ്യകതയെപ്പറ്റിയും നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു.
2004ല്‍ ബി.ജെ.പി യുടെ നേതൃത്വമുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാജിവെച്ച ശേഷം 2006 ല്‍ ധനകാര്യ മന്ത്രിയായ പി.ചിദംബരം ജി.എസ്.റ്റി നടപ്പാക്കാനായി ഒരു ശ്രമം നടത്തിയിരുന്നു. 2010 ഏപ്രില്‍ മാസം ഇന്ത്യയൊന്നാകെ ഏകീകൃതമായ ഒരു ടാക്സ് നയം നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷങ്ങളിലുള്ളവരുടെ എതിര്‍പ്പും വെസ്റ്റ് ബംഗാളിലെ അസിം ദാസ്ഗുപ്തയുടെ ജി.എസ്.റ്റി. കമ്മറ്റിയില്‍ നിന്നുള്ള രാജിമൂലവും അങ്ങനെയൊരു തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല. എണ്പതു ശതമാനത്തോളം അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ശ്രീ ദാസ് ഗുപ്ത സമ്മതിക്കുന്നുണ്ട്.
2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തില്‍ വന്നു. മോദിയുടെ നേതൃത്വത്തിലുള്ള ഏഴു മാസ ഭരണത്തിനു ശേഷം ധനകാര്യമന്ത്രി അരുണ്‍ ജാറ്റലി വീണ്ടും പാര്‍ലമെന്റില്‍ ജി.എസ്.റ്റി ബില്‍ അവതരിപ്പിച്ചു. ബി.ജെ.പി യ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ട് ബില്‍ 2015 മെയ്മാസം ലോക സഭയ്ക്ക് പാസ്സാക്കാന്‍ സാധിച്ചു. 2016 ഏപ്രില്‍ ഒന്നാംതീയതി നിയമം പ്രാബല്യത്തിലാവുകയും ചെയ്തു. എങ്കിലും ജി.എസ്.റ്റി ബില്ലില്‍ പ്രായോഗിക തടസങ്ങളുള്ളതുകൊണ്ടു രാജ്യസഭയുടെ തീരുമാനത്തിനു വിടണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. കാരണം, ആ ബില്ലിനുള്ളില്‍ പ്രതിപക്ഷങ്ങളുടെ നയങ്ങള്‍ക്കെതിരായ വസ്തുതകളും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. പാര്‍ലമെന്റിന്റെ രണ്ടു മണ്ഡലങ്ങളും നിയമം പാസാക്കിയെങ്കിലും പ്രതിപക്ഷം നിയമം പാസാക്കാന്‍ സഹകരിക്കാതെ സഭ ബഹിഷ്ക്കരിക്കുകയാണുണ്ടായത്.
2016 ആഗസ്റ്റില്‍ ഭേദഗതി വരുത്തിയ ജി.എസ്.റ്റി. ബില്‍ രാജ്യസഭയിലും പാസ്സാക്കി. 2017 ജൂണ്‍ മാസത്തില്‍ പ്രസിഡന്റ് പ്രണാബ് മുക്കര്‍ജി ഒപ്പിടുകയും ചെയ്തു. ജി.എസ്.റ്റി. നിയമങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ ഇരുപത്തിയൊന്നംഗ കമ്മറ്റിയെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജമ്മു ആന്‍ഡ് കാശ്മീര്‍ ഒഴിച്ച് ഈ ബില്‍ പ്രാവര്‍ത്തികമാവുകയും ചെയ്തു. സ്റ്റോക്കുകളും സെക്യൂരിറ്റികളും സംബന്ധിച്ച വാങ്ങല്‍ വില്‍പ്പന കാര്യത്തില്‍ ജി.എസ്.റ്റി. നിയമങ്ങള്‍ ബാധകമായിരിക്കില്ല. അത്തരം ക്രയവിക്രയങ്ങള്‍ പ്രത്യേകമായ സെക്യൂരിറ്റീസ് ആന്‍ഡ് ട്രാന്സാക്ഷന് (ടലരൗൃശശേല െമിറ ഠൃമിമെരശേീി)െ നിയമപ്രകാരമായിരിക്കും.
ഇന്ത്യന്‍ പാര്‍ലമെന്റ് ജി.എസ്.റ്റി ബില്‍ അവതരിപ്പിച്ച സമയം വ്യവസായിക രംഗത്തെ വമ്പന്മാരായ വിശിഷ്ടാഥിതികളും സന്നിഹിതരായിരുന്നു. ഇന്ത്യയുടെ വന്‍ വ്യവസായിയായ രതന് ടാറ്റായും പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സാധാരണക്കാരെയും പാവങ്ങളെയും ബുദ്ധിമുട്ടിലാക്കുമെന്ന അഭിപ്രായത്തില്‍ പ്രതിപക്ഷങ്ങള്‍ ബില്ല് പാസാക്കുന്നതിനെതിരെ പ്രതിക്ഷേധിച്ചിരുന്നു. പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചകള്‍ കാര്യഗൗരവത്തോടെ രാജ്യത്തുള്ള ജനങ്ങള്‍ മാദ്ധ്യമങ്ങളില്‍ക്കൂടി ശ്രദ്ധിച്ചുകൊണ്ടിരുന്നു.
ഓരോ ക്രയവിക്രയ വസ്തുക്കള്‍ക്കും ജി.എസ്.റ്റി നിയമം പല നിരക്കുകളിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്റ്റേറ്റും ഫെഡറലും രണ്ടായി ചാര്‍ജ് ചെയ്തിരുന്ന സോപ്പിന്റെ നികുതി പതിനെട്ടു ശതമാനമായും വാഷിംഗ് ഡിറ്റര്‍ജെന്‍സ് നികുതി 28 ശതമാനമായും ഏകീകൃത നികുതിയില്‍ തീരുമാനിച്ചു. നൂറു രൂപയില്‍ താഴെയുള്ള സിനിമാ ടിക്കറ്റിന്റെ നികുതി പതിനെട്ടു ശതമാനമായും നൂറു രൂപയില്‍ കൂടുതല്‍ വിലയുള്ള ടിക്കറ്റിന് 28 ശതമാനമായും നികുതി നിശ്ചയിച്ചിരിക്കുന്നു. കേന്ദ്ര എക്സൈസ് ഡ്യൂട്ടി, വ്യവസായ നികുതി, വസ്തുക്കള്‍ക്ക് വില കൂടുമ്പോള്‍ അധിക നികുതി, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കുള്ള നികുതി, വില്‍പ്പന നികുതി, ലോക്കല്‍ വെഹിക്കിള്‍ രെജിസ്ട്രേഷന് നികുതി, വിനോദം, കലാ പ്രകടനം നികുതി, ആഡംബര നികുതി, പരസ്യങ്ങള്‍ക്കുള്ള നികുതി, സേവന നികുതി, കസ്റ്റംസ് നികുതി എന്നിങ്ങനെയുള്ള നികുതികളെല്ലാം ജി.എസ്.റ്റി. യുടെ നിയന്ത്രണത്തില്‍ വരും.
ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ പഴയ നിയമങ്ങള്‍ തന്നെ പിന്തുടരും. ജി.എസ്.റ്റി നിയമങ്ങള്‍ ബാധകമായിരിക്കില്ല. വില്‍പ്പനകളിലും വാങ്ങലുകളിലും ബാര്‍ട്ടര്‍ സമ്പ്രാദായങ്ങളിലും പണയം ഇടപാടുകളിലും ഉപഭോക്താക്കളില്‍ നിന്ന് നികുതി ഈടാക്കുന്നത് ജി.എസ്.റ്റി നിയമമനുസരിച്ചായിരിക്കും. രണ്ടു സ്റ്റേറ്റുകള്‍ തമ്മിലുള്ള ടാക്സ് ഉണ്ടെങ്കില്‍ ഐ.ജി.എസ്.റ്റി അനുസരിച്ച് (ഇന്റഗ്രേറ്റഡ് ടാക്സ് സിസ്റ്റം) നികുതി കൊടുക്കണം.
ജി.എസ്.റ്റി യുടെ ആവിര്‍ഭാവത്തോടെ കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയിരിക്കുന്ന പതിനഞ്ചു തരം നികുതികള്‍ ഏകീകൃതമായ ഒരേ നിയമത്തിന്റെ കീഴില്‍ വരുമെന്നുള്ളതാണ് പ്രത്യേകത. ഒരു ഉല്‍പ്പന്നം ഫാക്റ്ററികളില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഘട്ടം ഘട്ടങ്ങളായുള്ള പ്രത്യേക തരം നികുതികള്‍ പാടില്ലാന്നും ഒരു ഉല്‍പ്പന്നത്തിന് നികുതി ഒരു പ്രാവശ്യം മാത്രമേ ചുമത്താവൂയെന്നും ജി.എസ്.റ്റി. നിയമം എഴുതപ്പെട്ടിരിക്കുന്നു. അതനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ക്കു വിലയിടിവുണ്ടാവുകയും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യും. ജി.എസ്.റ്റി നിയമം നടപ്പാക്കുന്ന പ്രാരംഭ ഘട്ടങ്ങളില്‍ ബുദ്ധിമുട്ടുകള്‍ സംഭവിക്കുമെങ്കിലും കാലക്രമേണ വിലപ്പെരുപ്പം തടയാന്‍ സാധിക്കുമെന്നു ജി.എസ്.റ്റി ബില്ലിന് രൂപകല്‍പ്പന നല്കിയവര് ചിന്തിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഒരേ നിരക്കിലുള്ള നികുതി വരുന്നത് സംസ്ഥാനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും വാണിജ്യത്തിനും വ്യവസായത്തിനും ഗുണപ്രദമായിരിക്കും. ജി.എസ്.റ്റി യുടെ പ്രയോജനം ഉടന്‍ നേടിയില്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുമെന്ന് കരുതപ്പെടുന്നു.
രാജ്യത്തുണ്ടാക്കിയ ഉത്പാദിതവസ്തുക്കള്‍ക്കെല്ലാം ഒരേ നികുതിയായതിനാല്‍ വിലവിത്യാസം സംഭവിക്കില്ല. നേരിട്ടുള്ള സംസ്ഥാന നികുതി സാധ്യമല്ലാതാകും. ഉല്‍പ്പാദന മേഖലയിലുള്ള കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ മേല്‍ രാജ്യത്ത് വ്യത്യസ്ത വിലകളും ചുമത്താന്‍ കഴിയില്ല. വിനോദ നികുതി, ലോട്ടറി നികുതി, തുടങ്ങിയവ ഇല്ലാതാകും. ജി.എസ്.റ്റി നിലവില്‍വന്നാലും ആദായ നികുതി, കസ്റ്റംസ് തീരുവ, പെട്രോളിയം ഉത്പന്നങ്ങളുടെ ഡ്യൂട്ടി, സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷന് ടാക്സ്,മോട്ടോര്‍ വാഹന നികുതി, മദ്യത്തിന്മേലുള്ള നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട, തൊഴില്‍, വിനോദ നികുതികള്‍ തുടങ്ങിയവ തുടരും. ജിഎസ്ടി വരുന്നതോടെ വിമാന ടിക്കറ്റ്, ബാങ്കിങ് സേവനങ്ങള്‍, മദ്യം, സിഗററ്റ്, മൊബൈല്‍ഫോണ്‍ ബില്ല്, തുണിത്തരങ്ങള്‍, ബ്രാന്‍ഡഡ് ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കൂടും. എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്യുവി, കാര്‍ ബാറ്ററി, പെയിന്റ്, സിമന്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കുറയും.
ജി.എസ്.റ്റി യ്ക്ക് ദോഷകരങ്ങളായ വശങ്ങളുമുണ്ട്. നികുതി പിരിക്കാനുള്ള അവകാശം കേന്ദ്രത്തിന്റെ കുത്തകയായി മാറും. സംസ്ഥാനങ്ങളിലുള്ള വ്യവസായങ്ങളുടെ മേല്‍ കേന്ദ്രത്തിനു സ്വാധീനം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. സ്റ്റേറ്റിന് കൊടുക്കേണ്ട നികുതിയുടെ വീതം എത്രമാത്രമെന്നു കേന്ദ്രം നിശ്ചയിക്കുന്നു. അതുകൊണ്ടു സ്റ്റേറ്റിന്റെ അധികാരത്തെ കേന്ദ്രത്തിന് ചോദ്യം ചെയ്യാനും കഴിയുന്നു. സ്റ്റേറ്റുമായി സാമ്പത്തിക കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുകയും യോജിച്ചു പോവാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യും. സംസ്ഥാനങ്ങള്‍ക്ക് വരുമാനവും കുറയാം. ഉല്‍പ്പാദനം കൂടുമ്പോള്‍ ഉപഭോക്താക്കള്‍ കുറയും. അതുമൂലം സ്റ്റേറ്റിന് നഷ്ടവുമുണ്ടാകാം. കേന്ദ്രം നഷ്ടപരിഹാരം കൊടുക്കുമെന്ന് വാഗ്ദാനങ്ങള്‍ ഉണ്ടെങ്കിലും പ്രത്യേകമായ ഒരു നിയമം എഴുതിയുണ്ടാക്കിയിട്ടില്ല. സ്റ്റേറ്റിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നാല്‍ കേന്ദ്രം ഒന്നോ രണ്ടോ ശതമാനം നികുതി വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. അത്തരമുള്ള സാഹചര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഒരു ഒത്തുതീര്‍പ്പിനും പ്രയാസമായിരിക്കും. അസംസ്കൃത സാധനങ്ങള്‍ വാങ്ങുന്ന വഴി ഉല്പ്പാദകന് കൊടുക്കേണ്ട ടാക്സ് ക്രെഡിറ്റ് ബാധിക്കുന്നത് ഉപഭോക്താവിനെയായിരിക്കും. വലിയ വില കൊടുത്ത് ഉപഭോക്താക്കള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കേണ്ടി വരും.
ജി.എസ്.റ്റി നിയമം നിലവില്‍ വന്നതോടെ അത്യാവശ്യമായ സാധനങ്ങളുടെ പലതിന്റേയും വില കൂടിയിരുന്നു. ഭക്ഷണം, ഹോട്ടല്‍ ചാര്‍ജ്, സിനിമാ ടിക്കറ്റുകള്‍ എന്നിവകള്‍ക്ക് വില വര്‍ദ്ധിച്ചു. അതുമൂലം വ്യാവസായിക സമൂഹത്തില്‍ നിന്നും തന്നെ പ്രതിക്ഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. ദൈനം ദിനം മേടിക്കുന്ന സാധനങ്ങള്‍ക്കെല്ലാം വില കൂടിയെന്നതാണ് വാസ്തവം. തമിഴ്നാട്ടിലെ 1100 തീയേറ്ററുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ജി.എസ്.റ്റി മൂലം ചില സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടം ഉണ്ടാകുമെന്നും വിലയിരുത്തുന്നു. ! ഉല്‍പ്പാദന സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളെയാണ് ജി.എസ്.റ്റി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വരുന്ന നഷ്ടം കേന്ദ്രം നികത്തുമെന്നാണ് വ്യവസ്ഥ. പക്ഷെ അതിനായി പ്രത്യേക നിയമം ഒന്നും പാസ്സാക്കിയിട്ടില്ല. ഒന്നാമത്തെ വര്‍ഷം നൂറു ശതമാനവും രണ്ടാമത്തെ വര്‍ഷം എഴുപത്തിയഞ്ച് ശതമാനവും മൂന്നാമത്തെ വര്‍ഷം അമ്പത് ശതമാനവും തുകയായിരിക്കും കേന്ദ്രത്തിന്റെ വിഹിതമായി നല്‍കുക.
വന്‍കിട ഉല്‍പ്പാദകര്‍ക്കും വ്യാപാരികള്‍ക്കും നേട്ടങ്ങള്‍ ഉള്ളതുകൊണ്ട് എതിര്‍പ്പുകള്‍ കാണുന്നുമുണ്ട്.വില്‍പ്പന നികുതി പിരിവില്‍ സംസ്ഥാനങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്തതിലും പ്രതിക്ഷേധങ്ങളുയരുന്നു. ഉല്പാദന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.റ്റി നഷ്ടമുണ്ടാക്കുമെന്നാണ് തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ വാദം. ഉല്‍പ്പാദന മേഖലകളിലും കൂടുതല്‍ ഫാക്ടറികള്‍ ഉള്ള സംസ്ഥാനങ്ങളെയുമാണ് ഇത് ബാധിക്കുന്നത്. ഉല്‍പ്പാദകന്റെ മേല്‍ നികുതി ചുമത്താന്‍ സാധിക്കാത്തതാണ് കാരണം. ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംസ്ഥാനങ്ങളുടെ വരുമാനം കുറയുകയും വിതരണക്കാര്‍ക്ക് വരുമാനം കൂടുകയും ചെയ്യും. കേരളത്തെ സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിര്‍മ്മിക്കുന്ന സാധനങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്യുന്നതുകൊണ്ട് നേട്ടമാണ് ഉണ്ടാവുന്നത്. കേരളം കൂടുതലും ഒരു വിതരണ മേഖലയുടെ സംസ്ഥാനമാണ്.
ജി.എസ്.റ്റി നിയമമായതു മൂലം ദോഷവശങ്ങളുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക മേഖലകളില്‍ വന്‍ നേട്ടങ്ങളുണ്ടാകുമെന്നു വിദഗ്ദ്ധര്‍ പ്രവചിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് ഉല്‍പ്പന്നങ്ങളുടെ മേന്മ കൂടും. സര്‍ക്കാരിനു നികുതി നല്കുന്ന ചുമതല ഉപഭോക്താക്കളില്‍ വന്നുചേരുന്നതിനാല്‍ ഉല്‍പ്പാദന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നുമുള്ള ഓഡിറ്റുകള്‍ ഭയപ്പെടേണ്ടതുമില്ല. എല്ലാ സ്റ്റേറ്റുകളിലും ഏകീകൃത നിയമം എന്നതും നേട്ടമാണ്. ബിസിനസില്‍ മത്സരമുണ്ടാവുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കാന്‍ നോക്കും. സ്റ്റേറ്റിന് വരുമാനം കൂട്ടാനും ബിസിനസ് മത്സരങ്ങള്‍ക്കുമായി ഒന്നും രണ്ടും ശതമാനം കേന്ദ്ര വീതത്തില്‍ നിന്നും കിട്ടുന്ന നികുതി കുറയ്ക്കാനും സാധിക്കും. അങ്ങനെ വിലപ്പെരുപ്പം തടയാനും കഴിയുന്നു. സംസ്ഥാനങ്ങള്‍ തമ്മിലും ബിസിനസ്സ് ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കുന്നു. ഏകീകൃത നികുതി എല്ലാ സ്റ്റേറ്റിലും തുല്യമായുള്ളതുകൊണ്ട് വ്യവസായ വളര്‍ച്ചയ്ക്കും കാരണമാകും. സാമ്പത്തികമായി ഇന്ത്യ ഒന്നാണെന്നുള്ള കാഴ്ചപ്പാടും കാണുവാന്‍ സാധിക്കും.നികുതിയുടെ മേല്‍ മറ്റൊരു നികുതിയുണ്ടായിരിക്കില്ല. ഒരിക്കല്‍ മാത്രമേ പരോക്ഷമായ നികുതി ഉപഭോക്താക്കളില്‍ ചുമത്തുകയുള്ളൂ. നികുതി നിയമങ്ങള്‍ മനസിലാക്കാനും എളുപ്പമായിരിക്കും. കൂടുതല്‍ ജനങ്ങള്‍ നികുതി കൊടുക്കാന്‍ ഉത്തരവാദിത്വമുള്ളവരായിരിക്കും. നഷ്ടം വരുന്ന സമയങ്ങളില്‍ സര്‍ക്കാരിന് നികുതി നിരക്ക് കുറയ്ക്കാനും സാധിക്കും. രാജ്യത്തുള്ള ചെക്ക്പോസ്റ്റുകളില്‍ ചരക്കുവണ്ടികള്‍ക്ക് എവിടെവേണമെങ്കിലും നികുതി കൊടുക്കാതെ സഞ്ചരിക്കാം.
പുതിയതായി രാജ്യത്ത് നിലവില്‍ വന്ന നിയമം ശക്തിയായി പ്രാബല്യമാകുന്നതോടെ നികുതി വെട്ടിപ്പ് ഗണ്യമായി കുറയും. ഉല്‍പ്പാദന ചെലവ് കുറയുമ്പോള്‍ ചരക്കുകളുടെ വിലയും കുറയും. ആഗോള വ്യവസായിക മത്സരത്തില്‍ കയറ്റുമതി വര്‍ദ്ധിക്കുകയും ചെയ്യും. ജി.ഡി.പി വര്‍ദ്ധിക്കും. സംസ്ഥാന നികുതികള്‍ ഇല്ലാതാകുന്നതോടെ സാധനങ്ങള്‍ക്ക് വില കുറയുമെന്നാണ് പ്രതീക്ഷ. ചരക്ക് സേവന നികുതി (ജി.എസ്.റ്റി) രാജ്യത്ത് നടപ്പാക്കിയാല്‍ രാജ്യത്തിന്റെ മൊത്തം വരുമാനം (ജിഡിപി) ഒരു ശതമാനം വര്‍ദ്ധിക്കുമെന്നും കണക്കാക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക തലങ്ങളില്‍ അത് ഒരു വന്‍ വളര്‍ച്ചക്കും കാരണമാകും. ഒരു നികുതി ഒരു രാഷ്ട്രം ഒരു മാര്‍ക്കറ്റ് എന്നാണ് ജി.എസ്.റ്റി യുടെ തത്ത്വം മുദ്രണം ചെയ്തിരിക്കുന്നത്. സാമ്പത്തികമായി കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകശക്തികളില്‍ ഒന്നാകാനുള്ള സ്വപ്നവും സഫലീകരിച്ചുകൊണ്ടിരിക്കുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news