നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുരുക്കിയത് അദ്ദേഹത്തിന്റെ തന്നെ ചില നടപടികള്‍. ദാമ്പത്യ ജീവിതം തകര്‍ന്നതു നടിയുടെ പ്രവൃത്തികൊണ്ടാണെന്നു വിശ്വസിച്ച ദിലീപിന് അവരോടു തീര്‍ത്താല്‍ തീരാത്ത പകയുണ്ടെന്നാണു വെളിപ്പെടുത്തല്‍. ഇതിനായിട്ടാണ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ നല്‍കിയത്. കേസില്‍ അകത്താകുമെന്ന് ഉറപ്പിച്ചുതന്നെയാണ് സുനി കൃത്യത്തിന് ഇറങ്ങിയത്. എറണാകുളത്തെ ഹോട്ടലില്‍ ഗൂഢാലോചനയും നടന്നു.
കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായവരില്‍നിന്നു ലഭിച്ച സൂചനകളില്നിന്നാണു ദിലീപിന്റെ പങ്ക് ഉറപ്പിച്ചത്. ദിലീപും നാദിര്‍ഷയും ആദ്യം നല്കിയ വിവരങ്ങളും ഇവര്‍ നല്കിയ മൊഴിയും വൈരുദ്ധ്യമുണ്ടായി. നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പോലീസിന്റെ ചോദ്യം ചെയ്യല്‍ തന്ത്രം തന്നെയാണ് ഇവിടെയും കുടുക്കാന്‍ സഹായിച്ചത്. പള്‍സര്‍ സുനിക്കെതിരേ ചുമത്തിയ ലൈംഗികാതിക്രമം ഒഴികെയുള്ള കേസുകള്‍ ദിലീപിനെതിരേയും ചുമത്തി. കേസ് തെളിഞ്ഞാല്‍ കുറഞ്ഞതു ജീവപര്യന്തമാണ് ദിലീപിനെ കാത്തിരിക്കുന്നത്. ഈ രംഗത്തെ വിദഗ്ധരും ഇതുതന്നെയാണു ചൂണ്ടിക്കാട്ടുന്നത്. പള്‍സര്‍ സുനിക്കു ലഭിക്കുന്നതിനെക്കാള്‍ കൂടിയ ശിക്ഷയും ദിലീപിന് ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്.
കേസുമായി ബന്ധപ്പെട്ട് 26 പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. റിയല്‍ എസ്റ്റേറ്റ് ബന്ധം, സുഹൃത്തുക്കള്‍, പണമിടപാടുകള്‍ എന്നിവയും പരിശോധിച്ചു. ദിലീപിനെ വിളിച്ചു വരുത്തിയും വീട്ടില്‍വച്ചും മൊഴിയെടുത്തു. ആദ്യം പതിമൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കാര്യമായ തെളിവൊന്നും പോലീസിനു ശേഖരിക്കാന്‍ കഴിഞ്ഞില്ല. നാദിര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായ ചില പിഴവില്‍ കടിച്ചു തൂങ്ങിയാണ് ഈ നിലയിലേക്കു കേസ് എത്തിയത്. അന്വേഷണത്തിനു തുമ്പുണ്ടാകാതിരുന്നതോടെ പുതുതായി വീണ്ടും അധികാരത്തിലെത്തിയ ലോക്നാഥ് ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു. മികച്ച കുറ്റാന്വേഷകനെന്നു പേരുകേട്ട ബെഹ്റയുടെ ഇടപെടല്‍ തന്നെയാണ് അറസ്റ്റിലേക്കു നയിച്ചത്. കേസില്‍ നാദിര്‍ഷയുടെ മൊഴി കാര്യമായി പരിഗണിക്കാതിരുന്ന പോലീസ്, ബെഹ്റയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ആ വഴിക്കു തിരിഞ്ഞത്. ദിലീപിന്റെ സഹോദരന്റെ മൊഴിയും അപ്പുണ്ണിയുടെ മൊഴിയും താരതമ്യം ചെയ്തു നോക്കാനും ആവശ്യപ്പെട്ടു. ബെഹ്റയുടെ ഇടപെടല്‍ തന്നെയാണ് കേസിന്റെ നിര്‍ണായക വഴിത്തിരിവിലേക്ക് എത്തിച്ചത്.
നടി ആക്രമിക്കപ്പെട്ട ദിവസം ലാലിന്റെ വീട്ടിലാണ് എല്ലാവരും എത്തിയത്. നിര്‍മാതാവ് ആന്റോജോസഫും പിടി തോമസ് എംഎല്‍എയും സ്ഥലത്തെത്തി. എംഎല്‍എയുടെ നിര്‍ദേശപ്രകാരം ആന്റോ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍, ഉടനടി ഫോണ്‍ കട്ട് ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് ഇക്കാര്യം അറിഞ്ഞ ഭാവം ദിലീപ് നടിച്ചിരുന്നില്ല. പിറ്റേന്നു രാവിലെയാണു കാര്യമറിഞ്ഞതെന്ന രീതിയിലായിരുന്നു സംസാരവും. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ആന്റോജോസഫ് ദിലീപിനെ വിളിച്ചിരുന്നു എന്നുറപ്പിച്ചു. എന്തുകൊണ്ടാണ് ഇക്കാര്യം അറിഞ്ഞില്ല എന്നു പറഞ്ഞതെന്ന മൊഴിക്ക് ദിലീപിനു കാര്യമായ വിശദീകരണം നല്കാന് കഴിഞ്ഞില്ല.
ക്വട്ടേഷനാണെങ്കില്‍ അതിനുള്ള പണമിടപാടു നടന്നിട്ടുണ്ടോ എന്നും പരിശോധിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിനു ശേഷം ദിലീപിന്റെയും നാദിര്‍ഷയുടെയും അക്കൗണ്ടുകള്‍ വിളിച്ചുവരുത്തി പരിശോധിച്ചിരുന്നു. ബാങ്കിങ് രംഗത്തെ വിദഗ്ധരാണ് ഇതിനു പോലീസിനെ സഹായിച്ചത്. എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കല്‍, ചെക്കുകള്‍ സംബന്ധിച്ച രേഖകള്‍, മറ്റു നിര്‍മാതാക്കള്‍ മുഖാന്തിരം പണം കൈമാറിയോ എന്നിവയും പരിശോധിച്ചു. നികുതിയില്‍നിന്നു രക്ഷപ്പെടാന്‍ പണം നേരിട്ടു കൈപ്പറ്റി ബിനാമി അക്കൗണ്ടുകളിലേക്കു മാറ്റുന്ന പതിവ് സിനിമയിലുണ്ട്. ഇത്തരത്തില്‍ ലഭിച്ച പണം പള്‍സറിന്റെ അടുത്തയാളുകള്ക്കു നല്കാന് സാധ്യതയുണ്ടെന്നു മനസിലാക്കി നിര്‍മാതാക്കളെയും നിരീക്ഷണത്തില്‍ വച്ചിരുന്നു. കൂടാതെ രണ്ടു വര്‍ഷത്തിനിടെ നടന്ന സ്ഥലം രജിസ്ട്രേഷനുകളും പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ നടന്ന രജിസ്ട്രേഷനുകളും പരിശോധനയ്ക്കു വിധേയമായി.
എങ്കിലും പള്‍സര്‍ നല്കിയ കത്തും, അതിനു മുമ്പു നടന്ന ഫോണ്‍വിളികളും തന്നെയായിരുന്നു പ്രധാന തുമ്പ്. സംഭവം നടന്ന് ഇത്ര നാള് കഴിഞ്ഞിട്ടും പള്‍സറിനു രണ്ടാംഘട്ട തുക കൈമാറിയിട്ടുണ്ടായിരുന്നില്ല. ഇതാണ് പള്‍സറിനു വിരോധമുണ്ടാക്കിയതെന്നും കരുതുന്നു. ആലുവ, കാക്കനാട് സബ്ജയിലുകളിലാണ് സുനി കഴിഞ്ഞത്. ഈ സമയം പള്‍സര്‍ സുനിയുടെ സംഭാഷണങ്ങള്‍ എല്ലായ്പ്പോഴും പോലീസിന്റെ ചെവിയിലെത്തി. ഇതിനു സഹതടവുകാരെയും ഉപയോഗിച്ചു. പള്‍സര്‍ കിടന്ന തടവറയുടെ ചുവരുകള്‍ക്കു പോലും ചെവിയുണ്ടായി. പള്‍സറിന്റെ ഫോണ്‍ വിളിയും പോലീസ് അപ്പപ്പോള്‍ ടാപ്പ് ചെയ്തിരുന്നു. എങ്കിലും ഇതൊന്നും അറിയാത്ത ഭാവം നടിച്ചു.
എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളുമായും ആശയവിനിമയം നടത്തിയിരുന്നു. അവര്‍ ഇക്കാര്യം പുറത്തു പറഞ്ഞിട്ടില്ലെങ്കിലും ദിലീപിലേക്കു നയിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്തിരുന്നു. ഇത് മനസ്സിലാക്കിയ മുന്‍ ഡിജിപി സെന്‍കുമാര്‍ ബി സന്ധ്യയെ താക്കീത് ചെയ്തതും ഈ കേസില്‍ അദ്ദേഹത്തിനുള്ള താല്പര്യം എന്തായിരുന്നെന്ന് സൂചിപ്പിക്കുന്നു. വരുംദിവസങ്ങളില്‍ ആ സത്യവും പുറത്തുവരുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കം കേസില്‍ പരസ്യ നിലപാട് എടുത്തിരുന്നു. ആക്രമിക്കപ്പെട്ട നടിയും പോലീസിനോടല്ലാതെ വെളിപ്പെടുത്തല്‍ ഒന്നും നടത്തിയിരുന്നില്ല.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news