Flash News

തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തുവരട്ടെ; ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്

July 11, 2017

women in cinema_InPixioകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റില്‍ നടിമാരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടവീന്റെ പ്രതികരണം. ‘ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവണ്‍മെന്റിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നുവച്ച് ഞങ്ങള്‍ ഇവിടെയുണ്ട്. പോരാടുന്നവള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട്. ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇതു പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്’.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടൻ ദിലീപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ആറരയോടെയായിരുന്നു അറസ്റ്റ്. റിമാൻഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റി. കസ്റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ ആവശ്യം മജിസ്ട്രേറ്റ് തള്ളി. അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലർച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ലബിൽനിന്ന് ദിലീപിനെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്. അതേസമയം, തെറ്റു ചെയ്യാത്തതിനാൽ ഭയമില്ലെന്ന് മജിസ്ട്രേറ്റിന്റെ വസതിയിൽനിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവർത്തകരോട് ദിലീപ് പറഞ്ഞു. മജിസ്ട്രേറ്റിന്റെ വസതിയിൽനിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്. അതേസമയം, ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകനായ രാംകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതു നാളെ പരിഗണിക്കുമെന്നാണ് അഭിഭാഷക വൃത്തങ്ങളിൽനിന്നുള്ള സൂചന.

സുരക്ഷാകാരണങ്ങള്‍ പരിഗണിച്ചാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്നലെ ഹാജരാക്കുമെന്ന തീരുമാനത്തില്‍ നിന്നും പൊലീസ് പിന്മാറിയത്. അതേസമയം കേസില്‍ പൊലീസ് ചോദ്യം ചെയ്ത സംവിധായകന്‍ നാദിര്‍ഷാ കസ്റ്റഡിയിലില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നരം ആറരയോടെയാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യകേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍.

അതിനിടെ ദിലീപ് ഇന്നലെ ഭക്ഷണംകഴിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് നല്‍കിയ ഭക്ഷണം അദ്ദേഹം നിരസിക്കുകയായിരുന്നു. മെഡിക്കല്‍ സംഘമെത്തി രണ്ട് തവണ ദിലീപിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു. രാത്രി വൈകിയും ആലുവ പൊലീസ് ക്ലബ്ബിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വലിയ സംഘമാണുണ്ടായിരുന്നത്.

തനിക്ക് നടിയോട് വൈരാഗ്യമുണ്ടായിരുന്നതായി പൊലീസിനോട് ദിലീപ് സമ്മതിച്ചതായാണ് വിവരം. കുടുംബജീവിതത്തില്‍ നടി നടത്തിയ ഇടപെടലാണ് അവരോടുളള പകയ്ക്ക് കാരണമെന്നും ദിലീപ് പറഞ്ഞതായിട്ടാണ് അറിയുന്നത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്റ്റെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.

ദിലീപിന്റെ അറസ്റ്റ് ഈ കേസിന്റെ അവസാനമല്ല, തുടരന്വേഷണത്തിനായി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായിട്ടാണ് അറസ്‌റ്റെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനി ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടാകുകയെന്നും ബെഹ്‌റ പറഞ്ഞിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കെതിരെ പ്രതികള്‍ നേരത്തെ രണ്ട് തവണ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ പള്‍സര്‍ സുനിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണത്തിനുള്ള പദ്ധതി നേരത്തെയും തയ്യാറാക്കിയതായി പോലീസിന് വിവരം ലഭിച്ചത്. 2013 ലും കഴിഞ്ഞ വര്‍ഷവും സമാന ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നു. 2013 ല്‍ കേരളത്തിന് പുറത്തുവച്ച് ആക്രമണത്തിന് പള്‍സര്‍ സുനി പദ്ധതിയിട്ടെങ്കിലും അത് പാളി. രണ്ട് തവണയും ആക്രമണം നടത്താന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതിന് ശേഷമാണ് മൂന്നാമതും വ്യക്തമായ ആസൂത്രണത്തോടെ പള്‍സര്‍ സുനിയും സംഘവും കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ലൂരില്‍ നിന്ന് കാറില്‍ വരുമ്പോള്‍ നടിയെ തട്ടിക്കൊണ്ടുപോവുകയും ആക്രമിക്കുകയും ചെയ്തത്.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ രണ്ട് തവണ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് പഴുതുകളെല്ലാം അടച്ച് ഒടുവില്‍ ദിലീപിന്റെ അറസ്റ്റ്. പണത്തിന് വേണ്ട് താനാണു കുറ്റം ചെയ്തെന്ന് ആദ്യം മൊഴി നല്‍കിയ സുനി, രണ്ടു മാസം മുന്‍പാണ് ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. നിലവില്‍ നടിക്കെതിരെയുള്ള ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ വ്യക്തമായ പങ്ക് ദിലീപിനുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ദിലീപിന് സിനിമ മേഖലയില്‍നിന്നുള്ള മൂന്നു പേര്‍കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകണമായിട്ടില്ല. അതേസമയം നടിയും ദിലീപും തമ്മിലുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ പൊരത്തക്കേടുകളല്ല മറിച്ച് വ്യക്തിപരമായ വൈരാഗ്യമാണ് നടക്കെതിരെയുള്ള ആക്രമണത്തിലേക്ക് വഴിവെച്ചത്. ജയിലില്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്‍ നല്‍കിയ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top