Flash News

ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയേക്കും; മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടില്‍ അമ്മയുടെ എമര്‍ജന്‍സി മീറ്റിംഗ്

July 11, 2017

attack-on-actress-dileep-files-police-complaint-24-1487941174_InPixioകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ താരസംഘടനയായ ‘അമ്മ’ നടപടിയെടുത്തേക്കും. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ‘അമ്മ’യുടെ യോഗം ചേരുകയാണ്. കടവന്ത്രയിലെ വീട്ടിലാണ് യോഗം ചേരുന്നത്. താരങ്ങള്‍ യോഗത്തിനായി മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം മമ്മൂട്ടിയുടെ വീടിന് പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തി. സ്ത്രീസംഘടനകളുടെ മാര്‍ച്ചിന് സാധ്യതയുള്ളതിനാലാണ് കാവല്‍ ഏര്‍പ്പെടുത്തിയത്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയിലായതിനാല്‍ അദ്ദേഹം മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്.

അതേസമയം ഇന്നസെന്റിന്റെ ഓഫീസിന് മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്.

ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ ഉടന്‍ അടിയന്തര യോഗം വിളിക്കണമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അമ്മ ഭാരവാഹികള്‍ക്ക് അദ്ദേഹം കത്തയച്ചു. നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘടനയിലെ അംഗങ്ങള്‍ക്കുമുന്നില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദമാക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ദിലീപില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചുവെന്നായിരുന്നു ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പ്രതികരണം. മുഖം നോക്കാതെ കുറ്റക്കാരെ പിടികൂടിയ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമ്മ ഉടന്‍ യോഗം ചേരും. ദിലീപിനെതിരേ അമ്മയില്‍ ശക്തമായ നടപടിയുണ്ടാകും. വ്യക്തിയുടെ പക്ഷത്തു നില്‍ക്കുന്നയാളല്ല അമ്മ എന്ന സംഘടന. അമ്മ ഇരയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ ഏഴു മണിയോടെ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് കോടതി ദിലീപിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. പിസി 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. 19 തെളിവുകള്‍ ദിലീപിനെതിരായി പോലീസ് ഹാജരാക്കി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രാംകുമാറാണ് ദിലീപിന് വേണ്ടി ഹാജരായത്. ദിലീപിനെതിരായിപൊലീസ് ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് രാംകുമാര്‍ പറഞ്ഞു. ദിലീപിനു വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ആറരയോടെയായിരുന്നു അറസ്റ്റ്.കസ്റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ ആവശ്യം മജിസ്ട്രേറ്റ് തള്ളി. അതേസമയം, തെറ്റു ചെയ്യാത്തതിനാൽ ഭയമില്ലെന്ന് മജിസ്ട്രേറ്റിന്റെ വസതിയിൽനിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവർത്തകരോട് ദിലീപ് പറഞ്ഞു. മജിസ്ട്രേറ്റിന്റെ വസതിയിൽനിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്.

സുരക്ഷാകാരണങ്ങള്‍ പരിഗണിച്ചാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്നലെ ഹാജരാക്കുമെന്ന തീരുമാനത്തില്‍ നിന്നും പൊലീസ് പിന്മാറിയത്. അതേസമയം കേസില്‍ പൊലീസ് ചോദ്യം ചെയ്ത സംവിധായകന്‍ നാദിര്‍ഷാ കസ്റ്റഡിയിലില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നരം ആറരയോടെയാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യകേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍.

അതിനിടെ ദിലീപ് ഇന്നലെ ഭക്ഷണംകഴിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് നല്‍കിയ ഭക്ഷണം അദ്ദേഹം നിരസിക്കുകയായിരുന്നു. മെഡിക്കല്‍ സംഘമെത്തി രണ്ട് തവണ ദിലീപിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു. രാത്രി വൈകിയും ആലുവ പൊലീസ് ക്ലബ്ബിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വലിയ സംഘമാണുണ്ടായിരുന്നത്.

തനിക്ക് നടിയോട് വൈരാഗ്യമുണ്ടായിരുന്നതായി പൊലീസിനോട് ദിലീപ് സമ്മതിച്ചതായാണ് വിവരം. കുടുംബജീവിതത്തില്‍ നടി നടത്തിയ ഇടപെടലാണ് അവരോടുളള പകയ്ക്ക് കാരണമെന്നും ദിലീപ് പറഞ്ഞതായിട്ടാണ് അറിയുന്നത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്റ്റെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.

ദിലീപിന്റെ അറസ്റ്റ് ഈ കേസിന്റെ അവസാനമല്ല, തുടരന്വേഷണത്തിനായി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായിട്ടാണ് അറസ്‌റ്റെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനി ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടാകുകയെന്നും ബെഹ്‌റ പറഞ്ഞിരുന്നു.

നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കി; ഫെഫ്കയില്‍ നിന്നും പുറത്താക്കും

കൊച്ചി: സിനിമാ സംഘടനകള്‍ ദിലീപിനെ കൈവിടുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് നടന്‍ ദിലീപിനെ പുറത്താക്കി. ഫെഫ്കയില്‍ നിന്നും ദിലീപിനെ പുറത്താക്കും. അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയിലാണ് ദിലീപ് ഫെഫ്കയില്‍ അംഗമായത്.

ദിലീപില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചു; ശക്തമായ നടപടി എടുക്കാൻ അമ്മയോട് ആവശ്യപ്പെട്ടതായി ഗണേഷ്‌കുമാര്‍

പത്തനാപുരം: യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ നടന്‍ ദിലീപില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചുവെന്ന് ഗണേഷ്‌കുമാര്‍ എംഎല്‍എ. മുഖംനോക്കാതെ കുറ്റക്കാരെ പിടികൂടിയ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ദിലീപിനെതിരെ നടപടി എടുക്കാൻ താരസംഘടനയായ അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു. പൊലീസ് തെളിവു ലഭിച്ചതുകൊണ്ടാണ് നടപടി എടുത്തത്. ദിലീപ് കുറ്റവാളി ആണോ എന്നത് കോടതിയിലാണ് തെളിയിക്കേണ്ടത്. കൂടെ നടക്കുന്ന ഒരാൾ പറയുന്നത് വിശ്വസിക്കാനേ കഴിയൂ. അതിനാലാണ് ദിലീപിനെ പിന്തുണച്ചത്.

സംഘടനാ തലത്തിൽ കർശനമായ നടപടി എടുക്കും. അമ്മ അടിയന്തിര യോഗത്തിൽ തനിക്ക് പങ്കെടുക്കാനാകില്ല. എന്നാൽ ഫോണിൽ വിളിച്ച് തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. അമ്മ എന്ന സംഘടന പിരിച്ചു വിടേണ്ടതില്ലെന്നും പൊതു ജന ഉപകാരമുള്ള സംഘടനയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ആർക്കും സ്വാധീനിക്കാൻ കഴിയാത്ത ഇടതു ഗവൺമെന്റ് ഭരിക്കുന്നതിൽ അഭിമാനമുണ്ട്. താനും മുകേഷും സ്വാധീനിക്കുമെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു തെളിഞ്ഞതായും ഗണേഷ് കുമാർ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top