Flash News

ജയിലറക്കുള്ളിലായ ജനപ്രിയ നായകന്‍

July 12, 2017 , ജോജോ തോമസ്, ന്യൂയോര്‍ക്ക്

Janapriya sizeഫെബ്രുവരി 17, 2017 വെള്ളിയാഴ്ച മലയാള സിനിമയിലെ പ്രമുഖ നടി ഓടുന്ന വാഹനത്തിനുള്ളില്‍ വച്ച് പീഢിപ്പിക്കപ്പെട്ടു എന്ന വാര്‍ത്ത ലോകമെമ്പാടും അറിയുന്നു.

ഈ പ്രവാസ ലോകത്തു കഴിയുന്ന ലേഖകന്‍ ഒരു കാലത്ത് (1976-1981) സിനിമാ രംഗത്തു പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഈ വാര്‍ത്തയില്‍ അതീവ തല്പരനായി. പീഡിപ്പിക്കപ്പെട്ട നടിയുടെ പരാതിയില്‍ വെളിവാക്കപ്പെട്ട വസ്തുതകളുടെ വെളിച്ചത്തില്‍, തന്നെ ആക്രമിക്കുവാന്‍ ഏര്‍പ്പാടു ചെയ്ത വ്യക്തി മലയാള സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങി വിലസുന്ന നടനാണെന്നു സൂചിപ്പിച്ചതോടെ, കേരള സംസ്ഥാനത്ത് അനുദിനം നടക്കുന്ന ആക്രമണ-ക്രൂരകൃത്യങ്ങള്‍ക്ക് വിധേയരാകുന്നവരുടെ തേങ്ങലുകളില്‍ ഒന്നായി ഈ നടിയുടെ രോദനവും കെട്ടടങ്ങുമെന്ന് ഞാനോര്‍ത്തുപോയി. കാരണം, കേരളാ പോലീസിന് കൂച്ചുവിലങ്ങിടുന്ന രാഷ്ട്രീയ നേതാക്കളും, പണത്തിനു മേലെ പരുന്തു പറക്കാത്ത ദൈവത്തിന്റെ സ്വന്തം നാടും നന്നായി അറിയാവുന്ന ഞാന്‍ അങ്ങിനെ വിശ്വസിച്ചതില്‍ തെറ്റുണ്ടോ? പ്രതികരണശേഷി നഷ്ടപ്പെട്ട കേരള ജനതയെ വെറും കഴുതകളായി കാണുകയും അവരുടെ സമ്മതിദാനം വാങ്ങി അധികാരത്തില്‍ കയറി, സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുന്ന രാഷ്ട്രീയ സമുന്നത നേതാക്കള്‍ തേച്ചുമായ്ച്ചു കളഞ്ഞ എത്രയെത്ര ഹൃദയഭേദകമായ ക്രൂരകൃത്യങ്ങള്‍. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമപാലകരായ പോലീസ് വിഭാഗത്തിന്റെ കൃത്യനിര്‍വ്വഹണത്തിനു തടസ്സം നില്‍ക്കുകയും, കുറ്റവാളികളെ ജയിലറയ്ക്കുള്ളില്‍ കയറാന്‍ അനുവദിക്കാതെ ഒതുക്കിതീര്‍ക്കുകയും ചെയ്യുന്ന കേരള നാട്ടില്‍ നീതി ലഭിക്കില്ലെന്ന് പരക്കെ വിശ്വസിച്ച ജനസമൂഹം ഫെബ്രുവരി 17നു നടന്ന ഈ പീഡന സംഭവത്തിലും ഉത്കണ്ഠ പ്രകടിപ്പിച്ചു. എങ്കിലും പ്രതീക്ഷ നഷ്ടപ്പെടാതെ പോലീസില്‍ അഭയം തേടി, സ്ഥലം എം.എല്‍.എ. പി.ടി. തോമസ് പരിപൂര്‍ണ്ണ സഹായ വാഗ്ദാനവുമായി രംഗത്തെത്തി. സിബി‌ഐയെ ചുമതലപ്പെടുത്തി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു.

Jojo Thomasജനപ്രിയ നടന്‍ ദിലീപിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിക്കുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ സ്വാധീനം ജനപ്രിയ നടന് അനുകൂലമെന്ന് ജനം തിരിച്ചറിയുന്നു. ഇതില്‍ അസ്വസ്ഥരായ ജനവിഭാഗവും, കേസന്വേഷണവിഭാഗ പോലീസ് മേധാവികളും തങ്ങളുടെ നിയമകൃത്യനിര്‍വ്വഹണം തടസ്സപ്പെടരുതെന്നുള്ള പ്രതീക്ഷയില്‍ തെളിവെടുപ്പു തുടരുന്നു. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടക്കുന്നു.

താര സംഘടന ‘അമ്മ’ യുടെ പ്രസിഡന്റ് പൊട്ടന്‍ കളിക്കുന്നു. മുകേഷ്, ഗണേഷ്‌കുമാര്‍ എന്നീ എം.എല്‍.എ.മാര്‍ ദിലീപില്‍ വിശ്വാസമര്‍പ്പിക്കുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും, മോഹന്‍ലാലും, മൗനം പാലിക്കുന്നു. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ കേസിന്റെ പുരോഗതി വ്യത്യസ്ത രീതിയില്‍ പ്രചരിപ്പിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നു.

കേരള ജനത പ്രതീക്ഷ അര്‍പ്പിച്ച പോലീസ് വിഭാഗം അതീവ കാര്യക്ഷമതയോടെ കേസിനാസ്പദമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വ്യാപൃതരായി പഴുതുകള്‍ അടച്ചു തുടങ്ങുന്നു. എല്ലാ തെളിവുകളും ചെന്നെത്തിയത് ജനപ്രിയ നടന്‍ ദിലീപിലും, നടനും സംവിധായകനുമായ നാദിര്‍ഷായിലുമാണ്.

സംശയ സാഹചര്യത്തിലും, തെളിവുകളുടെ അടിസ്ഥാനത്തിലും ദിലീപിനെയും നാദിര്‍ഷയെയും വെവ്വേറെ ആയി മണിക്കൂറുകളോളം ചോദ്യം ചെയ്യപ്പെടുന്നു.

ദൃശ്യ മാധ്യങ്ങള്‍ വിളംബരം ചെയ്യുന്നു ദിലീപിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന്. എന്നാല്‍ പോലീസ് വിഭാഗം വിശദീകരിച്ചു തെളിവുകള്‍ സമാഹരിച്ചശേഷമെ അറസ്റ്റു ഉണ്ടാവൂ എന്ന്.

ഒരു പ്രവാസിയായി ഇവിടെ കഴിയുന്ന ഞാന്‍ ആഗ്രഹിച്ചു ദിലീപ് അറസ്റ്റ് ചെയ്യപ്പെടണമെന്ന്. പക്ഷെ അത് ഉണ്ടാവുമെന്ന് ഞാന്‍ കരുതിയില്ല. കാരണം, ഞാനറിയുന്ന കേരളവും, കേരള നിയമസംവിധാനവും സത്യസന്ധമായിരുന്നില്ല. ‘പണത്തിനു മേല്‍ പരുന്തും പറക്കില്ല’ എന്ന് അന്വര്‍ത്ഥമാക്കിയ നാടാണ് നമ്മുടെ കേരളം. പോലീസ് മേധാവികളെ അവരുടെ കൃത്യനിര്‍വ്വഹണം ചെയ്യുവാന്‍ അനുവദിക്കാതെ, അവരെ പാവകളായി, ചാഞ്ചാട്ടം ആടിക്കുന്ന രാഷ്ട്രീയ സ്വാധീനമാണ് കേരളത്തില്‍ നടമാടുന്നത്.

എങ്കിലും അബലയായ സ്ത്രീത്വത്തിന് ഒരു വിലയും കല്‍പ്പിക്കാതെ സ്ത്രീസമൂഹത്തെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന, പരിപാവനമായി കാണുന്ന പാതിവൃത്യത്തിന്, ഒരു വിലയും കല്‍പ്പിക്കാത്ത മനുഷ്യ നരഭോജികളെ വളര്‍ത്തുന്ന പണചാക്കുകളെ ഉന്മൂലനം ചെയ്യുവാനും, ജീവനും, സ്വകാര്യതയ്ക്കും സ്ത്രീ സമത്വം ഉറപ്പുവരുത്തുമെന്നുള്ള ദിശയില്‍ കേസ് അന്വേഷണം നീങ്ങിയിരുന്നു.

സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുന്ന സൂപ്പര്‍താരം ദിലീപിനെ അറസ്റ്റു ചെയ്യാനാവില്ലെന്ന് വ്യക്തമായ ബോധം ഉള്ള കേരളാ പോലീസ് 19 ശക്തമായ തെളിവുകള്‍ ദിലീപിന് എതിരെ കണ്ടെത്തി.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുനില്‍കുമാറെന്ന ‘പള്‍സര്‍ സുനി’യെ അറിയില്ലെന്ന് മൊഴികൊടുത്ത ദിലീപിന്റെ വൈരുദ്ധ്യപരമായ മൊഴികള്‍ തന്നെ ദിലീപിന് വിനയായിതീര്‍ന്നു.

ദിലീപ് അഭിനയിച്ചു തീര്‍ത്ത അവസാനചിത്രമായ ‘ജോര്‍ജേട്ടന്‍സ് പൂരത്തി’ ന്റെ ലൊക്കേഷനില്‍ സുനിലും, ദിലീപുമൊത്തുള്ള ചിത്രങ്ങളും, പള്‍സര്‍ സുനി ജയിലറയ്ക്കുള്ളില്‍ നിന്നും ദിലീപുമായി ബന്ധപ്പെടുവാന്‍ ഫോണില്‍ ശ്രമിച്ചതും, സുനിക്ക് ദിലീപ് ഒന്നര കോടി തുക വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് കൈപ്പറ്റിയത് കാവ്യയുടെ ബിസിനസ്സ് സ്ഥാപനത്തില്‍ നിന്നുമാണെന്ന തെളിവും, ദിലീപിന്റെ സ്വന്തം കാറായ ബി എം ഡബ്ല്യൂവിലും, കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ വച്ചുള്ള ദിലീപ്-സുനി കൂടികാഴ്ചകളും, നടി-പീഡനകുറ്റകൃത്യത്തില്‍ ദിലീപിനുള്ള പങ്കും വ്യക്തമാക്കുന്നതായിരുന്നു.

നടിയെ പീഡിപ്പിക്കുന്ന 3 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പിനായി ദിലീപ് സുനിക്ക് വാഗ്ദാനം ചെയ്തത് ഒന്നരക്കോടി രൂപയായിരുന്നു.

2013 ല്‍ ദിലീപിന് വ്യക്തി വൈരാഗ്യം ഈ നടിയോട് ആരംഭിക്കുവാന്‍ പ്രധാനകാരണം പറയപ്പെടുന്നത്- സ്റ്റേജ് ഷോക്കായി ലണ്ടനിലേക്ക് പോയ യാത്രയില്‍ ദിലീപും കാവ്യയും തമ്മില്‍ ഇടപഴകിയ സുഹൃദ്ബന്ധത്തിനപ്പുറമുള്ള രംഗങ്ങള്‍ ഈ പ്രമുഖ നടി ഫോണില്‍ പകര്‍ത്തിയെന്നും അത് ദിലീപിന്റെ ഭാര്യയായിരുന്ന മജ്ജു വാര്യരെ കാണിച്ചുവെന്നുമുള്ളതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അന്നു മുതലാണ് ദിലീപിന് ഈ നടിയോട് പ്രതികാരം തീര്‍ക്കുവാന്‍ പദ്ധതിയിടുന്നതെന്നും, ഈ ഫെബ്രുവരി 17-ന് നടന്ന ആസൂത്രിത പ്ലാനിന്റെ സൂത്രധാരന്‍ ദിലീപിലും ചെന്നെത്തിയത്. 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ദിലീപിന്റെ മേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്.

സെക്ഷന്‍ 324, 366, 376, 506 എന്നീ വകുപ്പുകളായ കൂട്ടബലാല്‍സംഗം, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ഗുഢാലോചന, തട്ടിക്കൊണ്ടുപോകല്‍, മോഷണ വസ്തു (3 മിനിറ്റ് ദൈര്‍ഘ്യമുള്ള മെമ്മറി കാര്‍ഡ്) കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ദിലീപിനു മേല്‍ ചുമത്തിയിരിക്കുന്നത്. എറണാകുളം ഹൈക്കോടതിയിലെ പ്രശ്‌സത്‌നായ ക്രിമിനല്‍ വക്കീല്‍ രാം കുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. തത്സമയം ജാമ്യാപേകഷ സമര്‍പ്പിക്കുമെന്നും അറിയുന്നു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും 14 ദിവസം പോലീസ് കസ്റ്റഡയില്‍ ദിലീപിനെ വിട്ടുതരണമെന്നുള്ള പോലീസ് ഹര്‍ജിയും ബുധനാഴ്ച കോടതി പരിഗണിക്കും.

ആലുവാ സബ് ജയിലില്‍ 523-ാം നമ്പര്‍ റിമാന്‍ഡു പ്രതിയായി ഒപ്പം മറ്റ് 5 പ്രതികള്‍ (പിടിച്ചു പറി, മോഷണം കുറ്റവാളികള്‍) ക്കൊപ്പം ഒരു ജയില്‍ സെല്ലിനുള്ളിലാണ് മലയാള സിനിമയിലെ ജനപ്രിയ നായകന്‍ ദിലീപ് ജയില്‍ വാസം ആരംഭിച്ചിരിക്കുന്നത്.

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപ് അറസ്റ്റു ചെയ്യപ്പെട്ടതും, പണവും സ്വാധീനവും, പ്രശസ്തിയും പോലീസ് കൃത്യനിര്‍വ്വഹണത്തിനു തടസ്സമാകാതെ ഈ കേസില്‍ ഇത്രയും വേഗം ഒരു നിയമ നടപടി ഉണ്ടാതില്‍ കേരള പോലീസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കേരളാ പോലീസിന്റെ എല്ലാ വിഭാഗത്തിലുമുള്ള സേനാംഗങ്ങള്‍ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ സമര്‍പ്പിക്കുന്നു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഫോട്ടോയൊടൊപ്പം പോലീസ് സ്ഥാപനങ്ങളില്‍ നാം കാണാറുള്ള- ‘സത്യമേവ ജയതേ’ നടപ്പാക്കുവാന്‍ കേരളാ പോലീസിന് തുടര്‍ന്നും കഴിയട്ടെ എന്നാശംസിക്കുന്നു.

നിയമകോടതിയില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ.

അച്ചടി-ദൃശ്യ മാദ്ധ്യമങ്ങളുടെ ഇടതടവില്ലാതെയുള്ള നിരന്തര ഇടപെടലും, മുറവിളിയും, അമ്മ-പെങ്ങന്മാരുടെ, സഹോദരങ്ങളുടെ, പൊതുജനങ്ങളുടെ തേങ്ങലമര്‍ത്തിയുള്ള-മനസ്സു വിങ്ങിപൊട്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്നപ്രാര്‍ത്ഥന ദൈവം ശ്രവിച്ചു.

പിച്ചിച്ചീന്തപ്പെട്ട സ്ത്രീത്വത്തിന്റെ വിലയന്തെന്ന് ലോകരെ ദൈവം കാണിച്ചുകൊടുത്തു. കേരളത്തില്‍ നീതി ലഭിക്കുന്ന ആദ്യ പെണ്‍കുട്ടി ഈ നടയാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇത്തരം ക്രൂരപ്രവണത ഇനി ഇവിടെ ആവര്‍ത്തിക്കരുത്. ഇനി ഒരു പെണ്‍കുട്ടിയും ഇത്തരം പീഡനത്തിന് ഇരയാവരുത്. ഇനി ഒരു പെണ്‍കുട്ടിയുടെ ദീനരോദന വിളി ഇവിടെ ഉയരരുത്!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top