Flash News

നടിയെ ഉപദ്രവിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയ വിവരം രണ്ട് എംഎൽഎമാർക്ക് നേരത്തെ അറിയാമായിരുന്നുവെന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു; സുനി പറയുന്ന ‘മാഡം’ കേസിനെ വഴിതിരിച്ചു വിടാന്‍

July 12, 2017

kavya-motherകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. ഗൂഢാലോചനയെ കുറിച്ച് ഇരുവര്‍ക്കും പങ്കുണ്ടോ എന്ന് അന്വേഷിക്കും. കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ അന്വേഷണ സംഘം പരിശോധന തുടരും. മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചോ എന്ന് അന്വേഷിക്കും. ഫോറന്‍സിക് ഫലത്തിന് ശേഷമായിരിക്കും ലക്ഷ്യയിലെ പരിശോധന. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സുനി ലക്ഷ്യയിലെത്തിയോ എന്ന അറിയാനാണിത്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായതിലും വിശദീകരണം തേടും. അതേസമയം പള്‍സര്‍ സുനി പറഞ്ഞ ‘മാഡം’ വെറും ഭാവനാസൃഷ്ടിയാണെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ഇത്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് മാത്രമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ് എന്നിവിടങ്ങളിൽ നടൻ ദിലീപുമായി ഇന്നു തെളിവെടുപ്പ് നടത്തും. നാളെയാണ് ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത് അതിനു മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനാണ് ശ്രമം. ഇന്നലെ ദിലീപിനെ ഗൂഢാലോചന നടന്നതായി സംശയമുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. അതിനിടെ സംസ്ഥാനത്തെ രണ്ട് എംഎൽഎമാരെ പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്. ആവശ്യം വന്നാൽ ഇവരെ ചോദ്യം ചെയ്യേണ്ടിവരുമെന്നു പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കില്ലെങ്കിലും, നടിയെ ഉപദ്രവിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയ വിവരം എംഎൽഎമാർ അറിഞ്ഞതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണു പൊലീസ് നീക്കം. എന്നാൽ മുഖ്യമന്ത്രിയുടെ അനുവാദം ലഭിച്ചാൽ മാത്രമേ ജനപ്രതിനിധികളെ ചോദ്യം ചെയ്യൂ.

ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ച രേഖകൾ അന്വേഷണ സംഘത്തിനു കൈമാറാൻ റജിസ്ട്രേഷൻ വകുപ്പിനു നിർദേശം നല്‍കി. എറണാകുളം,തൃശൂർ,കോട്ടയം, ആലപ്പുഴ, ഇടുക്കി,കൊല്ലം ജില്ലകളിൽ ദിലീപ് വൻതോതിൽ ഭൂമി ഇടപാടു നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു നീക്കം. സബ് റജിസ്ട്രാർ ഓഫിസുകളിൽ നിന്നുള്ള രേഖകൾ അന്വേഷണ സംഘത്തിനു ലഭിച്ചു തുടങ്ങി. എറണാകുളം ജില്ലയിൽ മാത്രം 35 ഭൂമി ഇടപാടുകൾ നടത്തിയെന്നാണു സൂചന.

കാവ്യയുടെയും അമ്മയുടേയും പങ്കാളിത്തത്തിന്റെ സൂചനയാണ് കാക്കനാട് കാവ്യയുടെ സ്ഥാപനത്തില്‍ നടന്ന പൊലീസ് റെയ്ഡിനെ കണക്കാക്കുന്നത്. ഇവരുടെ പങ്ക് തെളിഞ്ഞാല്‍ കൂടുതല്‍ കുരുക്ക് മുറുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു നടിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ നടിയുടെ തമ്മനത്തെ ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവരെക്കൂടാതെ മറ്റേതെങ്കിലും സ്ത്രീകള്‍ക്ക് ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്്. അതിനിടെ മാഡം എന്ന് വിളിക്കുന്ന സ്ത്രീകഥാപാത്രത്തിന്റെ അറസ്റ്റ് ഒഴിവാക്കുന്നതിന് ദിലീപ് കീഴടങ്ങുകയായിരുന്നെന്നും സൂചനയുണ്ട്. ദിലീപ് അറസ്റ്റിലായില്ലായിരുന്നെങ്കില്‍ പകരം മാഡം അറസ്റ്റിലാകുമെന്ന അവസ്ഥയുണ്ടായി. ഇതാണ് ദിലീപ് അറസ്റ്റ് വരിക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. താര സംഘടനയായ ‘അമ്മ’യുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാംപിനിടയില്‍ മോശം പെരുമാറ്റത്തെ പരസ്യമായി ചോദ്യം ചെയ്ത നടിയുടെ നടപടിയാണ് നടിയെ ഉപദ്രവിക്കാനുള്ള ദിലീപിന്റെ തീരുമാനത്തിനു വഴിയൊരുക്കിയത്. വാക്കേറ്റം നിയന്ത്രിക്കാന്‍ മറ്റു നടീനടന്മാര്‍ ഇടപെട്ടിരുന്നു. ഈ ക്യാംപിനിടയിലാണ് നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് പദ്ധതിയിട്ടതെന്ന് പൊലീസ് ആരോപിക്കുന്നു. ഇതിനായി പള്‍സര്‍ സുനിയെ ദിലീപ് നിയോഗിച്ചതും ഇതേ ക്യാംപില്‍ വച്ചാണ്. ഇതിനായി ഒന്നരക്കോടി രൂപയും ദിലീപിന്റെ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തു. നഗ്‌നദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നു പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ മാത്രമേ പണം തരികയുള്ളൂവെന്നും ദിലീപ് പറഞ്ഞിരുന്നു.

ദൃശ്യം കൃത്രിമം അല്ലെന്നു ദിലീപിനെ ബോധ്യപ്പെടുത്താന്‍ നടിയുടെ മുഖം, കഴുത്ത്, മോതിര വിരല്‍ എന്നിവ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതു ദിലീപിനെതിരെ സുനില്‍ നല്‍കിയ മൊഴികളുമായി പൊരുത്തപ്പെടുന്നുണ്ട്. ജയിലിനുള്ളില്‍ നിന്നു സുനി പുറത്തേക്കു വിളിച്ച ഫോണിന്റെ ലൊക്കേഷന്‍ ജയിലിനു സമീപത്തെ ടവറിനു കീഴിലാണ്. ഇതേ ഫോണില്‍ നിന്നാണു ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിര്‍ഷാ, ഡ്രൈവറും മാനേജരുമായ അപ്പുണ്ണി എന്നിവരെ തുടര്‍ച്ചയായി വിളിച്ചത്. കുറ്റകൃത്യത്തിനു ശേഷം ദൃശ്യങ്ങള്‍ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ പക്കല്‍ ഏല്‍പിച്ചിട്ടും നേരത്തേ പറഞ്ഞുറപ്പിച്ച പ്രതിഫലം ലഭിക്കാതിരുന്നതു സുനിയെ പ്രകോപിപ്പിച്ചു. ഇതാണു ജയിലിനുള്ളില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ക്കു വഴിയൊരുക്കിയത്. സുനി ഇക്കാര്യം പറയാന്‍ അപ്പുണ്ണിയെ വിളിച്ചപ്പോഴെല്ലാം സമീപം ദിലീപുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഈ തെളിവും ദിലീപിന് വിനയായി. തന്റെ ഫോണില്‍ സംസാരിച്ചത് ദിലീപാണെന്ന് അപ്പുണ്ണിയും മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോക്കാണ് ഒന്നരക്കോടി ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്റെ ഭാഗമായി പതിനായിരം രൂപ അഡ്വാന്‍സും നല്‍കി. ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതും കാവ്യാമാധവനുമായുള്ള ബന്ധം പ്രചരിപ്പിച്ചതുമാണ് നടിക്ക് ക്വട്ടേഷന്‍ നല്‍കാനുള്ള ഗൂഢാലോചനയിലേക്ക് ദിലീപിനെ എത്തിച്ചത്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടാണെന്നും പൊലീസ് പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top