Flash News

മാഫിയ സ്റ്റൈലില്‍ വളര്‍ന്ന ദിലീപിനെ സം‌രക്ഷിക്കാന്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും പോലീസിലെ ചിലരും ചേര്‍ന്നുള്ള ഗൂഢാലോചന പൊളിച്ചടുക്കിയത് ബെഹ്‌റയും പിണറായി വിജയനും

July 13, 2017 , .

PINARAYI_VIJAYAN_2866573f_InPixio_InPixio2നടിയെ ആക്രമിച്ച കേസില്‍ നടന്ന ഉന്നതതല ഗൂഢാലോചന പൊളിക്കാന്‍ ശക്തമായി ഇടപെട്ടതു മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, സിനിമാ പ്രവര്‍ത്തകര്‍, വ്യവസായികള്‍, അഭിഭാഷകര്‍ എന്നിവര്‍ സംയുക്തമായി കേസൊതുക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തക്കസമയത്തു മുഖ്യമന്ത്രിയെ അറിയിച്ചതാണു നിര്‍ണായക ഇടപെടലിലേക്കു നയിച്ചത്. പിണറായിയുടെ വിശ്വസ്തന്‍ ബെഹ്‌റ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെ സമാന്തര അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.

കേസൊതുക്കാന്‍ പതിനഞ്ചു കോടിയുടെ ഇടപാടു നടന്നെന്നു നേരത്തേ ചാനല്‍ ചര്‍ച്ചയില്‍ സിനിമാ മംഗളത്തിന്റെ എഡിറ്റര്‍ പല്ലിശേരി വെളിപ്പെടുത്തിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വിവരങ്ങള്‍. കുറഞ്ഞതു രണ്ടു കോടിയുടെയെങ്കിലും ഇടപാടു നടന്നെന്നാണു പോലീസിന്റെ കണ്ടെത്തല്‍. ഒരു പെണ്‍സ്രാവ് കൂടി കേസില്‍ അറസ്റ്റിലാകാനുണ്ടെന്നും തനിക്കു കിട്ടിയ തെളിവുകള്‍ ശരിയെങ്കില്‍ അതും ഉടനുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ദിലീപിനെതിരേ തെളിവില്ലെന്നു വെളിപ്പെടുത്തിയ മുന്‍ പോലീസ് മേധാവിയുടെ പ്രസ്താവനയും അന്വേഷിക്കും. അന്വേഷണം ശരിയായ നിലയ്ക്കു നീങ്ങുന്നതിലെ അസ്വസ്ഥതയാണോ ഇതെന്നാണു പോലീസ് പരിശോധിക്കുന്നത്. പ്രതിപക്ഷത്തെ എം.എല്‍.എ. അന്‍വര്‍ സാദത്തിന്റെ ഇടപെടലും ഈ സാഹചര്യത്തില്‍ പ്രസക്തമാണ്.

കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ തെളിവു നശിപ്പിക്കല്‍ അടക്കമുള്ളവ നടന്നെന്നാണു വിവരം. രാഷ്ട്രീയ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചതാണ് സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനു കാരണം. ഇതു വ്യാപക വിമര്‍ശനത്തിനു വഴിവച്ചതോടെ മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. സെന്‍കുമാര്‍ അധികാരത്തിലെത്തിയിട്ടും കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി നേരിട്ടായിരുന്നു ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിരുന്നത്. ഇതാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചതെന്നുമാണ് വിവരം. സെന്‍‌കുമാറാണ് കേസിനെ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചതെന്ന വിവരവും ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ബി. സന്ധ്യയ്ക്ക് താക്കീതു നല്‍കാനും, അതുവഴി സമ്മര്‍ദ്ദമുപയോഗിച്ച് അന്വേഷണ സംഘത്തെത്തന്നെ മാറ്റാനായിരുന്നു സെന്‍‌കുമാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്.

അറസ്റ്റിലായ ദിലീപ്, സിനിമയുടെ പ്രതിഫലം കുറച്ച് വിതരണാവകാശം, സാറ്റലൈറ്റ് റൈറ്റ് എന്നിവ സ്വന്തമാക്കിയാണ് കച്ചവടം നടത്തിയിരുന്നത്. ആദായ നികുതി വകുപ്പിന്റെ കണ്ണുവെട്ടിക്കാനായിരുന്നു ഇത്. ബിനാമി ഇടപാടുകളും വ്യാപകമായി നടത്തി. ഇതു സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ സമാന്തരമായി അന്വേഷിക്കുന്നുണ്ട്. തട്ടിപ്പു കണ്ടെത്തിയാല്‍ സ്വത്തു മുഴുവന്‍ കണ്ടുകെട്ടാനുള്ള വകുപ്പുമുണ്ടെന്നാണു വിലയിരുത്തുന്നത്. ദിലീപിനെതിരേ സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസെടുത്തിരുന്നു. സിനിമയുടെ പ്രതിഫലം സാറ്റലൈറ്റ് റൈറ്റായും വിദേശ വിതരണാവകാശമായും ദിലീപ് സ്വന്തമാക്കിയതിലൂടെ നടത്തിയ നികുതി വെട്ടിപ്പാണ് അന്നു പിടിക്കപ്പെട്ടത്. വലിയ തുക ഫൈനടച്ച് കേസ് അവസാനിപ്പിച്ചതിനാല്‍ ദിലീപിനെതിരേ അന്നു വിപുലമായ അന്വേഷണം നടന്നിരുന്നില്ല.

ദിലീപിന് സ്വന്തം ചിത്രങ്ങളുടെ വിദേശ വിതരണാവകാശത്തിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും ലഭിച്ച വരുമാനവുമായി ബന്ധപ്പെട്ട് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ സക്കറിയ ചൂണ്ടിക്കാട്ടുന്നു. കൊച്ചി നഗരത്തിലും തൃശൂരിലുമായി കുറഞ്ഞതു 35 ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയിട്ടുണ്ടെന്നാണു വിവരം. രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കൊച്ചിയില്‍ മാത്രം 2006 മുതല്‍ 35 ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയതായ വിവരം പോലീസിനു ലഭിച്ചത്. ദിലീപിന് ചില ട്രസ്റ്റുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വന്‍ നിക്ഷേപമുള്ളതായും വ്യക്തമായിട്ടുണ്ട്.

ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്‌റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും കണ്ടെത്തും. ഇതുസംബന്ധിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൈമാറും. നടന്‍ എന്നതിലുപരി നിര്‍മാതാവ്, വിതരണക്കാരന്‍, തിയറ്റര്‍ ഉടമ തുടങ്ങിയ നിലകളില്‍ ശതകോടികള്‍ ഒഴുകുന്ന മലയാളത്തിലെ വിനോദ വ്യവസായത്തിന്റെ സമസ്ത മേഖലകളെയും അടക്കി ഭരിക്കാന്‍ കഴിയുന്ന ശക്തിയായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ദിലീപ് വളര്‍ന്നിരുന്നു. സിനിമയ്ക്ക് പുറമേ റെസ്‌റ്റോറന്റ്, റിയല്‍ എസ്‌റ്റേറ്റ്, ഹൗസ് ബോട്ട് മേഖലകളിലും വന്‍മുതല്‍മുടക്ക് നടത്തിക്കൊണ്ട് ഒരു കോര്‍പറേറ്റ് മേധാവി എന്ന നിലയിലേക്കായിരുന്നു ദിലീപിന്റെ വളര്‍ച്ച.

അറസ്റ്റിലായതോടെ ദിലീപിന്റെ ബിസിനസ് സാമ്രാജ്യത്തില്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ടം ഏതാനും കോടികളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സഹോദരന്‍ അനൂപിനെ കൂടി പങ്കാളിയാക്കി ദിലീപ് സിനിമാ നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ അഭിനയത്തിലൂടെ ലഭിക്കുന്ന പ്രതിഫലം മാത്രമായിരുന്നു വരുമാനം. പിന്നീടങ്ങോട്ട് ദിലീപ് മലയാള സിനിമാ വ്യവസായത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. സി.ഐ.ഡി. മൂസ മുതല്‍ ദിലീപ് നിര്‍മിച്ച് വിതരണം ചെയ്ത ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍നിന്ന് കോടികള്‍ വാരി.

മലയാള സിനിമയിലെ എല്ലാ പ്രധാനതാരങ്ങളെയും അണിനിരത്തി ട്വന്റി20 എന്ന സിനിമ നിര്‍മിച്ചതും ദിലീപായിരുന്നു. മഞ്ജുനാഥ എന്ന പേരില്‍ ഭാര്യ മഞ്ജുവാര്യരുടെ പേരില്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് നിര്‍മാണ കമ്പനി തുടങ്ങിയെങ്കിലും ദിലീപും മഞ്ജുവും അകന്നതോടെ ഈ നിര്‍മാണക്കമ്പനി നിര്‍ജീവമായി. ചാലക്കുടി കേന്ദ്രീകരിച്ച് ദിലീപ് തുടക്കമിട്ട ഡി സിനിമാസ് മള്‍ട്ടിപ്ലക്‌സ് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു നടന്റെ പദ്ധതി. ഇതിനോടൊപ്പം റെസ്‌റ്റോറന്റ് ശൃംഖലയായ ദേ പുട്ട് വിദേശത്തും ആരംഭിക്കാന്‍ ഒരുക്കം തുടങ്ങിയിരുന്നു. കൊച്ചി രാജാവ് എന്ന പേരിലുള്ള ഹൗസ് ബോട്ടുമായി കായല്‍ ടൂറിസം മേഖലയിലേക്കും ദിലീപ് ചുവടുവച്ചു. തൊട്ടതെല്ലാം വിജയിച്ചതോടെ ഒഴുകിയെത്തിയ സമ്പാദ്യത്തില്‍ വലിയ പങ്ക് റിയല്‍ എസ്‌റ്റേറ്റിലാണ് ദിലീപ് നിക്ഷേപിച്ചത്. എന്നാല്‍ ഇവയിലെല്ലാം കള്ളപ്പണമാണ് ഉപയോഗിച്ചിരിക്കുന്നതെന്നു കൊണ്ട് സര്‍ക്കാര്‍ കണ്ടുകെട്ടാനും സാധ്യതയുണ്ട്.

അടുത്ത സുഹൃത്തുക്കളായ നടീനടന്‍മാരുമായി ചേര്‍ന്ന് ദിലീപ് വാങ്ങിക്കൂട്ടിയ ബിനാമി സ്വത്തിന്റെ കണക്കെടുപ്പ് അന്വേഷണ ഏജന്‍സികള്‍ നടത്തിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട നടിയും ഒരു കാലത്ത് ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് പാര്‍ട്ട്ണറായിരുന്നു. ഇവരടക്കമുള്ള ദിലീപിന്റെ ബിസിനസ് പങ്കാളികളില്‍നിന്നും ഭൂമി ഇടപാടുകളുടെ പരമാവധി വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. അമ്മ എന്ന സംഘടനയില്‍ തന്നെ ദിലീപിന് അനുകൂലമായ നിലപാടെടുത്തവര്‍ ദിലീപുമായി വ്യവഹാരം ഉള്ളവരാണെന്നാണ് രഹസ്യ റിപ്പോര്‍ട്ട്. ദിലീപ് നിരപരാധിയാണെന്ന് തുടക്കത്തില്‍ പറഞ്ഞവരും ഇപ്പോള്‍ പറഞ്ഞു നടക്കുന്നവരുമൊക്കെ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top