ഫെയ്സ്ബുക്ക് പോസ്റ്റ് അജു വര്‍ഗീസിനെ കുഴിയില്‍ ചാടിച്ചു; കളമശ്ശേരി സിഐ ഓഫീസില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ സെല്‍‌ഫോണ്‍ പോലീസ് പിടിച്ചെടുത്തു; അറസ്റ്റിലാകാന്‍ സാധ്യത

ajuകൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയ നടന്‍ അജു വര്‍ഗീസിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. മൊഴി രേഖപ്പെടുത്താന്‍ കളമശേരി സിഐ ഓഫീസില്‍ എത്തിയ അജുവിന്റെ ഫോണാണ് പൊലീസ് ഹാജാരാക്കാന്‍ ആവശ്യപ്പെട്ടത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു.

അജു വര്‍ഗീസിനെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. സമാനമായ സംഭവത്തില്‍ കേസില്‍ പെടുന്ന രണ്ടാമത്തെ ആളാണ് അജു വര്‍ഗീസ്. നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമായ എസ്എന്‍ സ്വാമിക്കെതിരെ കളമശ്ശേരി പോലീസ് കേസെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നു എന്നാരോപിച്ച് എഴുതിയ പോസ്റ്റിലാണ് അജു വര്‍ഗീസ് നടിയുടെ പേര് പറഞ്ഞത്.

നടിയോട്, പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. അതിന് ഒരു ന്യായീകരണവും ഇല്ലെന്നായിരുന്നു അജു പോസ്റ്റ്. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. പക്ഷേ ദിലീപേട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ്. രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വിവേകം പൊതുസമൂഹം കാണിക്കണമെന്നും സത്യം തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതിരിക്കാമെന്നും അജു പോസ്റ്റില്‍ പറഞ്ഞിരുന്നു.

തെറ്റ് മനസിലാക്കിയ നടന്‍ പോസ്റ്റ് എഡിറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് നടിയുടെ പേര് പറഞ്ഞത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് എഡിറ്റ് ചെയ്യുന്നതായി അജു വര്‍ഗീസ് മറ്റൊരു പോസ്റ്റില്‍ പറയുകയും ചെയ്തു. ഈ പോസ്റ്റില്‍ താരം നടിയോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി എന്ന് കാണിച്ചാണ് അജു വര്‍ഗീസിനും എസ് എന്‍ സ്വാമിക്കും എതിരെ ഗിരീഷ് ബാബു പരാതി നല്‍കിയത്. പീഡിപ്പിക്കപ്പെട്ട ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടന്ന സാഹചര്യത്തിലാണ് അജുവിനെ വിളിച്ച് ചോദ്യം ചെയ്തത്.

Print Friendly, PDF & Email

Related News

Leave a Comment