Flash News

നടിയെ ആക്രമിച്ച സംഭവം; നാദിര്‍ഷായെയും കാവ്യയേയും വീണ്ടും ചോദ്യം ചെയ്യും; ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പോലീസ്

July 15, 2017

Shah_DilKav_Mother_760x400കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകന്‍ നാദിർഷ, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, മാനേജർ അപ്പുണ്ണി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. ദിലീപുമായി അടുത്ത ബന്ധമുള്ള ചില താരങ്ങളെക്കൂടി ചോദ്യം ചെയ്യാനും നീക്കമുണ്ട്. അതേസമയം കേസുമായി ബന്ധമുള്ള ചിലരെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.

ഗൂഢാലോചനയിൽ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ലഭിച്ചതായി പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്-സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടതോടെ കുരുക്ക് മുറുകുകയാണ്. ഇത് തിരിച്ചറിഞ്ഞാണ് ദിലീപ് അന്വേഷണവുമായി നിസ്സഹകരിക്കുന്നതും നിർണായക ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതും. ചാലക്കുടിയിലെ ദിലീപിന്റെ ഡി-സിനിമാസ് എന്ന തീയറ്റർ സമുച്ചയം ഒരേക്കർ സർക്കാർ ഭൂമി കൈയേറിയാണ് നിർമിച്ചതെന്ന ആരോപണത്തിൽ റവന്യൂ മന്ത്രി ശനിയാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു. ഇടനിലക്കാർ വഴി പൾസർ സുനിക്ക് പണം കൊടുത്ത് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചതായും വിവരം ലഭിച്ചു. ദിലീപിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിനിമയിലെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം തുടങ്ങി. ചില പ്രമുഖർ നിരീക്ഷണത്തിലുമാണ്. ഇൗ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും നീളുമെന്നാണ് പൊലീസ് നൽകുന്ന വിവരം. സുനിയെ കണ്ണിയാക്കി ഗൾഫിലുള്ള ചിലരുമായി ചേർന്ന് ദിലീപ് നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ, ദിലീപിന്റെ അനധികൃത സ്വത്തിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ജൂൺ 28ന് ദിലീപിനെയും നാദിർഷായെയും 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴിയിൽ പൊരുത്തക്കേടുള്ളതിനാലാണ് നാദിർഷായെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസിനെക്കുറിച്ച് വ്യക്തമായി അറിവുള്ള നാദിർഷായെ മാപ്പുസാക്ഷിയാക്കി അറസ്റ്റിൽനിന്ന് ഒഴിവാക്കാൻ പൊലീസ് ആലോചിക്കുന്നുണ്ടെങ്കിലും നാദിർഷ സന്നദ്ധനായിട്ടില്ല. നടിയെ ആക്രമിക്കുന്നതിലോ പ്രതികളെ സംരക്ഷിക്കുന്നതിലോ നാദിർഷായുടെ ഇടപെടലുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കാത്ത സാഹചര്യത്തിൽ നാദിർഷായിൽനിന്നും കാവ്യയിൽനിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പൊലീസ് കരുതുന്നു. ഇതിനുപുറമെ, 2013ൽ എറണാകുളത്തെ ആഡംബര ഹോട്ടലിൽ, ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ തർക്കം നടന്നിരുന്നു. ‘ഞാനും നീയും തമ്മിലെ ഏഴുവർഷത്തെ സൗഹൃദം ഇതോടെ അവസാനിച്ചു’ എന്ന് പറഞ്ഞാണ് ദിലീപ് അന്നവിടെനിന്ന് ഇറങ്ങിപ്പോയത്. ഇതിന് സാക്ഷികളാകുകയും പ്രശ്നപരിഹാരത്തിന് ഇടപെടുകയും ചെയ്ത താരങ്ങളെയും ചോദ്യം ചെയ്യാൻ നീക്കമുണ്ട്. ഇതിന് താരങ്ങളുടെ പട്ടികയും വിശദ ചോദ്യാവലിയും പൊലീസ് തയാറാക്കി.

അതേസമയം കേസിൽ അന്വേഷണം തുടരുകയാണെന്നും നിയമനടപടികൾ ശക്തമായി നടക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസിൽ വിവരങ്ങൾ പുറത്തുപറയരുതെന്ന് പൊലീസിന് കോടതിയുടെ ശക്തമായ നിർദേശമുണ്ട്. അതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top