- Malayalam Daily News - https://www.malayalamdailynews.com -

ദിലീപിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് തൃശൂരിലെ ജ്വല്ലറി ഉടമ പണം കൊടുത്ത് വാടകയ്ക്കെടുത്തവര്‍; പിന്തുണയുമായി പെരുമ്പാവൂരിലെ യുവ ചലച്ചിത്ര നിര്‍മ്മാതാവ്

dileep-police.jpg.image.784.410ആലുവ: ദിലീപിനെ ശനിയാഴ്ച വൈകിട്ട് സബ് ജയിലില്‍ കൊണ്ടുവന്നപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് നഗരത്തിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണെന്നു പൊലീസ് കണ്ടെത്തി. ഇവര്‍ക്കു പിന്തുണയുമായി പെരുമ്പാവൂരിലെ യുവ ചലച്ചിത്ര നിര്‍മാതാവുമുണ്ടായിരുന്നു.

പൊലീസിന് എതിരായും ദിലീപിന് അനുകൂലമായും മുദ്രാവാക്യം മുഴക്കാന്‍ ഇവരെ പ്രേരിപ്പിച്ചതും പണം മുടക്കിയതും ആരാണെന്നു പൊലീസ് പരിശോധിക്കും. ഇതിനിടെ ദിലീപ് വിഷയത്തില്‍ പൊലീസിനും മാധ്യമങ്ങള്‍ക്കും എതിരെ പ്രതികരിക്കാന്‍ ജനകീയവേദി എന്ന സംഘടന രൂപീകരിക്കാനും ശ്രമമുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനവിഭാഗം ഭാരവാഹികളെ മുന്നില്‍ നിര്‍ത്തി കഴിഞ്ഞ ദിവസം നഗരത്തില്‍ പ്രകടനം നടത്താന്‍ ഇവര്‍ ആലോചിച്ചെങ്കിലും നടന്നില്ല. വേണ്ടത്ര ആളെ കിട്ടാത്തതാണു കാരണം. ഇതിനിടെ ഒളിവില്‍ കഴിയുന്ന രണ്ടു പേര്‍ക്കായി പൊലീസ് തിരച്ചില്‍ നോട്ടിസ് തയാറാക്കി. ഇവരില്‍ ഒരാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ അന്നു തന്നെ നോട്ടിസ് പുറത്തിറക്കുമെന്നാണു സൂചന.

അതേസമയം നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍‌ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.

നടിയെ അക്രമിച്ച കേസില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടാനാകുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. അഡ്വക്കേറ്റ് രാംകുമാര്‍ മുഖേന ജാമ്യഹർജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഉച്ചയോടെ ഹരജി പരിഗണിക്കാനാണ് സാധ്യത. ദിലീപിനെതിരായ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദിലീപിന്‍റെ അറസ്റ്റ് നടന്നതെന്നും ജാമ്യം നിഷേധിക്കാന്‍ ഇത് മതിയായ കാരണമല്ലെന്ന വാദവും ഉന്നയിക്കും. കേസ് ഡയറി വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിക്കാനാണ് സാധ്യത.

കൂടുതല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും. അന്വേഷണം തുടരുന്ന കേസില്‍ ദിലീപിന് ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകരമാകുമെന്ന വാദമാകും പ്രോസിക്യൂഷന്‍ പ്രധാനമായും ഉന്നയിക്കുക. കേസ് ഡയറി വിളിച്ചുവരുത്താനുള്ള സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ മുന്നൊരുക്കം നടത്താനുള്ള നിര്‍ദേശം ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാകും സര്‍ക്കാരിനായി കോടതിയില്‍ ഹാജരാവുക. കേസിന്‍റെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശ്ശന്‍ ജാമ്യാപേക്ഷയിന്മേല്‍ ഹാജരാകുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

ഗൂഢാലോചനയെക്കുറിച്ചുള്ള തെളിവുകള്‍ കൂട്ടിയിണക്കുന്ന നടപടികളിലായിരുന്നു ഞായറാഴ്ച പൊലീസ് സംഘം. കൂടുതല്‍ അറസ്റ്റിന് തിരക്കുകൂട്ടുന്നില്ല. ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെ രഹസ്യമൊഴി കാലടി കോടതി രേഖപ്പെടുത്തി. പള്‍സര്‍ സുനിയെ കണ്ടിട്ടേയില്ലെന്നാണ് ദിലീപ് അവകാശപ്പെട്ടിരിക്കുന്നത്.

ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ദിലീപിന്റെമേൽ ചുമത്തുന്നതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ശക്തമായ തെളിവുകൾ ദിലീപിനെതിരെയുണ്ടെന്നും സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്ന വാദം ശരിവച്ച അങ്കമാലി മജിസ്ട്രേട്ട് കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മറ്റുപ്രതികൾക്ക് ജാമ്യം നൽകാത്ത സാഹചര്യത്തിൽ ദിലീപിനും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടര്‍ന്ന് ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റി. പൊലീസിനെതിരെ പരാതിയുണ്ടോ എന്നു ചോദിച്ചപ്പോൾ, ചിരിച്ചുകൊണ്ട് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. പിന്നീട് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി പ്രചാരണങ്ങൾ നടക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയുടെ സ്വാധീനം തെളിയിക്കുന്ന പ്രചാരണമാണിത്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുകയാണ്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയും പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ദിലീപിന്റെ അഭിമുഖങ്ങളിൽ നടിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]