Flash News

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടന്‍ മുകേഷിന്റെ മൊഴി രേഖപ്പെടുത്തി

July 17, 2017

mukesh-compressed_0തിരുവനന്തപുരം: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നടന്‍ മുകേഷ് എംഎല്‍എയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എംഎല്‍എ ഹോസ്റ്റലിലെത്തിയായിരുന്നു മൊഴിയെടുപ്പ്. കേസിലെ മുഖ്യപത്രിയായ പള്‍സര്‍ സുനി ഒരു വര്‍ഷം മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.

എംഎല്‍എ അന്‍വര്‍ സാദത്തിനെയും ചോദ്യം ചെയ്തു.ദിലീപുമായുള്ള സൗഹൃദം, ഫോണ്‍ സംഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍, സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്രകള്‍ തുടങ്ങിയവയെക്കുറിച്ച് പൊലീസ് ചോദിച്ചറിഞ്ഞെന്ന് അന്‍വര്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു. പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്നു പൊലീസിനെ അറിയിച്ചതായും മൊഴിയെടുക്കലിനുശേഷം സാദത്ത് മാധ്യമങ്ങളോടു വ്യക്തമാക്കി.

തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ മൊഴിയും പൊലീസ് ഉടന്‍ രേഖപ്പെടുത്തും. സംഭവം നടന്ന ദിവസം സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്ക് ആദ്യമെത്തിയവരില്‍ ഒരാളായിരുന്നു പി.ടി.തോമസ്. കേസിന്റെ ആദ്യം മുതല്‍തന്നെ അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുണ്ടായിരുന്നു. തിരുവനന്തപുരത്തുവച്ചായിരിക്കും പി.ടി.തോമസിന്റെയും മൊഴിയെടുക്കുക.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇന്ന് തന്നെ പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാറാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതാണെന്ന് ജാമ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top