ദിലീപിനെ ‘സഹായിക്കാന്‍’ കൊലക്കേസ് പ്രതിയായിരുന്നയാള്‍ ജയിലിലെത്തിയത് വിവാദത്തില്‍; സന്ദര്‍ശനത്തില്‍ ദുരൂഹതയില്ലെന്ന് ജയില്‍ സൂപ്രണ്ട്

dileep-malayalam-actor-photos-12_InPixioകൊച്ചി: നടന്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ്ജയിലില്‍  കൊലക്കേസ് പ്രതിയായിരുന്ന ചിട്ടി കമ്പനിയുടമ സന്ദര്‍ശനം നടത്തിയത് വിവാദത്തിലേക്ക്. നടന് ജയിലില്‍ സൗകര്യങ്ങളൊരുക്കാനായി ജയിലധികൃതരെ സ്വാധീനിക്കാനായിരുന്നു സന്ദര്‍ശനമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. സംഭവത്തെ പറ്റി ജയില്‍വകുപ്പ് അനൗദ്യോഗിക അന്വേഷണം തുടങ്ങി. എന്നാല്‍ ചിട്ടക്കമ്പനി ഉടമയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ലെന്നും സൂപ്രണ്ടിനെ കാണാനാണ് ഇയാള്‍ എത്തിയതെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ഞായറാഴ്ചയാണ് കൊലക്കേസ്  പ്രതിയായ ചിട്ടിക്കമ്പനി ഉടമ ആലുവ സബ്ജയിലിലെത്തിയത്. സൂപ്രണ്ടിന്റെ മുറിയിലെത്തിയ ഇയാള്‍ മുക്കാല്‍ മണിക്കൂറോളം സൂപ്രണ്ടിനൊപ്പം ചെലവഴിച്ചു. ജയിലില്‍ കഴിയുന്ന വിഐപി തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ഇടനിലക്കാരനായി അറിയപ്പെടുന്ന ഇയാള്‍ ജയില്‍ സന്ദര്‍ശിച്ചത് ദിലീപിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ തന്റെ പഴയ സുഹൃത്താണ് ചിട്ടിക്കമ്പനി ഉടമയെന്നും വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമാണുണ്ടായതെന്നും ജയില്‍ സൂപ്രണ്ട് വിശദീകരിച്ചു.

അതേസമയം ജയില്‍ ജീവനക്കാരില്‍ ചിലരില്‍ നിന്നുതന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി ജയില്‍ വകുപ്പ് അനൗദ്യോഗിക അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ജയിലിലെത്തിയ സഹോദരന്‍ അനൂപുമായി ദിലീപ് ജയിലധികൃതരെ ഒഴിവാക്കി രഹസ്യമായി സംസാരിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സന്ദര്‍ശകരുമായി തടവുകാര്‍ രഹസ്യ സംഭാഷണം നടത്താന്‍ പാടില്ലെന്ന ജയില്‍ നിയമത്തിന്റെ ലംഘനമുണ്ടായെന്നാണ് വിമര്‍ശനം. ജയില്‍ കാന്റീനില്‍ നിന്ന് കൊതുകുതിരി വാങ്ങാനും മറ്റുമായി ദിലീപിന്റെ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ പേരില്‍ ഇരുന്നൂറ് രൂപ ജയിലിലേക്ക് മണിയോര്‍ഡര്‍ അയയ്ക്കുകയും ചെയ്തു.

Print Friendly, PDF & Email

Related News

Leave a Comment